ഒരു വിജയ് സിനിമ ഇത്രയും വൈകുന്നത് ഇത് ആദ്യം : ജനനായകന് വീണ്ടും തിരിച്ചടി : റിലീസ് ഇനിയും വൈകും: ആരാധകർ കടുത്ത നിരാശയിൽ

ചെന്നൈ: ജനനായകന്റെ കോടതി കയറിയിറങ്ങൽ അവസാനിക്കുന്നില്ല. ദൈർഘ്യമേറിയ ഒരു സിനിമ പോലെ ജനനായകന്റെ കോടതിയും കേസും നീണ്ടുപോകുന്നു. ഒരു വിജയ് സിനിമ റിലീസിനായി ഇത്രയും നീളുന്നത് ഒരുപക്ഷേ ഇത് ആദ്യമായിരിക്കാം. ചിത്രം ഇപ്പോൾ റിലീസാകും എന്ന പ്രതീക്ഷിച്ച കാത്തിരുന്ന ആരാധകർക്ക് കടുത്ത നിരാശ സമ്മാനിച്ചുകൊണ്ട് ജനനായകന്റെ റിലീസ് വീണ്ടും വൈകുമെന്ന് വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
കോടതിയിൽ നിന്ന് ജനനായകന് വീണ്ടും തിരിച്ചടി. ചിത്രത്തിന് ഉടൻ “യുഎ’ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സെൻസർ ബോർഡ് നൽകിയ അപ്പീലിലാണ് വിധി.
സിനിമയ്ക്ക് എതിരായ പരാതിയിൽ ഉന്നയിച്ചിട്ടുള്ള കാര്യങ്ങൾ പരിഗണിക്കുമ്പോൾ, സെൻസർ ബോർഡിന് തങ്ങളുടെ ഭാഗം വിശദീകരിക്കാനുള്ള മതിയായ അവസരം നൽകേണ്ടതായിരുന്നു എന്ന് കോടതി അഭിപ്രായപ്പെട്ടു. സ്വാഭാവിക നീതി ഉറപ്പാക്കുന്നതിനായി കേസ് വീണ്ടും സിംഗിൾ ബെഞ്ചിന്റെ പരിഗണനയ്ക്ക് അയച്ചു. ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുൾ മുരുകൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.
ചിത്രത്തിന് ‘യുഎ’ സർട്ടിഫിക്കറ്റ് നൽകാൻ സെൻസർ ബോർഡിന്റെ പരിശോധനാ സമിതി ആദ്യം തീരുമാനിച്ചിരുന്നു. എന്നാൽ, സമിതിയിലെ ഒരംഗത്തിന്റെ പരാതിയെത്തുടർന്ന് സിബിഎഫ്സി ചെയർമാൻ ചിത്രം പുനഃപരിശോധനയ്ക്കായി റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചു. ഇതിനെതിരെ നിർമാതാക്കൾ ഹൈക്കോടതിയെ സമീപിച്ചു.
ചെയർമാന്റെ നടപടി തെറ്റാണെന്നും ഉടൻ സർട്ടിഫിക്കറ്റ് നൽകണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവുമിട്ടു. എന്നാൽ, സെൻസർ ബോർഡ് നൽകിയ അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു.
നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഈ നടപടിയിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. വിഷയത്തിൽ അന്തിമ തീരുമാനം എടുക്കാൻ മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇപ്പോഴത്തെ ഈ നടപടി.






