വാതില്‍ തുറക്കും, പക്ഷേ, വില്പന എളുപ്പമാകില്ല; ഇപ്പോഴും ഇന്ത്യ ‘ഭരിക്കുന്നത്’ ജപ്പാന് മാതൃക; ഇന്ത്യക്കാരെ അളന്നു മുറിച്ചു വണ്ടിയിറക്കുന്ന സുസുക്കിയും ഹ്യുണ്ടായിയും തുടരും; മത്സരിക്കുക ആഡംബര വാഹന കമ്പനികള്‍ തമ്മില്‍

ന്യൂഡല്‍ഹി: അമേരിക്കന്‍ നികുതി വര്‍ധനയിലും ചൈനയുടെ ‘വിലക്കുറവ്’ യുദ്ധത്തിലും വലയുന്ന യൂറോപ്യന്‍ കാര്‍ നിര്‍മാതാക്കള്‍ക്ക് ഇന്ത്യയിലേക്കുള്ള ഇറക്കുമതി നികുതി വെട്ടിക്കുറവ് ആശ്വാസകരമാകും. എന്നാല്‍, തദ്ദേശീയ കമ്പനികളും ജപ്പാനിലെ ചെറുകാറുകളും (compact Japanese kei cars) ആധിപത്യം പുലര്‍ത്തുന്ന കടുത്ത മത്സരമുള്ള ഒരു വിപണിയാണ് അവര്‍ക്കു നേരിടാനുള്ളത്.
ചൊവ്വാഴ്ച ഒപ്പിടുന്ന കരാര്‍ പ്രകാരം, യൂറോപ്യന്‍ നിര്‍മ്മിത കാറുകളുടെ ഇറക്കുമതി നികുതി 110 ശതമാനത്തില്‍നിന്ന് 40 ശതമാനമായി കുറയും. ഫോക്സ്വാഗണ് (volkswagen), റെനോ (Renault) തുടങ്ങിയ കമ്പനികള്‍ക്ക് ഇന്ത്യയുടെ വിശാലമായ വിപണിയിലേക്കുള്ള ഏറ്റവും വലിയ വാതിലാണു തുറക്കുന്നത്.
ഈ നീക്കം കൊണ്ട് വിപണിയുടെ വാതിലിന്റെ അല്പം മാത്രമാണു തുറക്കുന്നതെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മിനി കൂപ്പറിനേക്കാള്‍ വലിപ്പം കുറഞ്ഞതും കുറഞ്ഞ വിലയുള്ളതുമായ ‘മാരുതി സുസുക്കി വാഗണ്‍ ആര്’ പോലുള്ള മോഡലുകളിലൂടെ സുസുക്കിയും ഹ്യുണ്ടായിയും നിലവില്‍ ഇന്ത്യന്‍ വിപണി ഭരിക്കുകയാണ്.
‘ഇതൊരു തുടക്കം മാത്രമാണ്. യൂറോപ്പില്‍ നിന്നുള്ള കയറ്റുമതിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ അത് പ്രീമിയം (ലക്ഷ്വറി) കാറുകളെ കുറിച്ച് മാത്രമാണ്. സാധാരണക്കാര്‍ക്കുള്ള വാഹന വിപണിയില്‍ (kei cars) മത്സരിക്കുക പ്രയാസകരമാണ്’- ജര്‍മ്മന്‍ ഓട്ടോ റിസര്‍ച്ച് ഗ്രൂപ്പായ സിഎഎമ്മിലെ സ്റ്റെഫാന്‍ ബ്രാറ്റ്സല് പറഞ്ഞു. സുസുക്കിയും ഹ്യുണ്ടായിയും (Suzuki and Hyundai) ഇന്ത്യന്‍ വിപണിയെ കൂടുതല്‍ നന്നായി മനസിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഇന്ത്യയില്‍ ജനങ്ങള്‍ക്ക് വേണ്ടത് വില കുറഞ്ഞതും വിശ്വസനീയവും ഈടുനില്‍ക്കുന്നതുമായ കാറുകളാണ്. ഫോക്സ്വാഗണ് ഗ്രൂപ്പിന്റെ കാറുകള്‍ക്ക് വില കൂടുതലാണ്. ജപ്പാനില്‍ ജനപ്രിയമായ ചെറുകാറുകളുടെ മാതൃകയില്‍നിന്ന് സുസുക്കി നേട്ടമുണ്ടാക്കിയെന്നും അദ്ദേഹം പറയുന്നു.
തീരുവ കുറയ്ക്കുന്നത് ഇരു മേഖലകളിലെയും കാര്‍ നിര്‍മ്മാതാക്കള്‍ക്ക് കരുത്തേകുമെന്ന് മെഴ്സിഡസ് ബെന്‍സ് (Mercedes-Benz ) പ്രതികരിച്ചു. അതേസമയം ബിഎംഡബ്ല്യു (BMW ) പ്രതികരിക്കാന്‍ വിസമ്മതിച്ചു.
തീരുവ 40 ശതമാനമായി കുറയ്ക്കുന്നത് യൂറോപ്യന്‍ ലക്ഷ്വറി കാര്‍ നിര്‍മാതാക്കളെ കൂടുതല്‍ മത്സരസജ്ജമാക്കുമെന്ന് വാര്‍ബര്‍ഗ് റിസര്‍ച്ചിലെ ഫാബിയോ ഹോള്‍ഷര്‍ പറഞ്ഞു. ‘പൂര്‍ണമായി വിദേശത്ത് നിര്‍മിച്ച യൂണിറ്റുകളായി കാറുകള്‍ ഇറക്കുമതി ചെയ്യുന്ന പോര്‍ഷെ (Porsche) പോലുള്ള ബ്രാന്‍ഡുകള്‍ക്കായിരിക്കും ഇതില്‍ ഏറ്റവും വലിയ ലാഭം’- അദ്ദേഹം പറഞ്ഞു. എന്നാല്‍, ലാഭമുണ്ടാക്കാന്‍ സമയമെടുക്കുമെന്നും അമേരിക്കയിലെ അനിശ്ചിതത്വങ്ങള്‍ ഓഹരി വിപണിയെ സ്വാധീനിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ഇടക്കാലയളവില്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മാണം വിപുലീകരിക്കാന്‍ ഇതിലൂടെ സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യന്‍ വിപണിയുടെ വളര്‍ച്ചാ സാധ്യത: അമേരിക്കയിലെ ഉയര്‍ന്ന നികുതിയും ചൈനയിലെ കടുത്ത മത്സരവും കാരണം പല കമ്പനികളും ഇന്ത്യയെ ഒരു പുതിയ വളര്‍ച്ചാ വിപണിയായി കാണുന്നു. 2030-ഓടെ ഇന്ത്യയിലെ വാഹന വിപണി വര്‍ഷം തോറും 60 ലക്ഷം വാഹനങ്ങള്‍ എന്ന നിലയിലേക്ക് വളരുമെന്നാണ് കരുതുന്നത്.
15,000 യൂറോയ്ക്ക് (ഏകദേശം 13.5 ലക്ഷം രൂപ) മുകളില്‍ ഇറക്കുമതി വിലയുള്ള പരിമിതമായ എണ്ണം കാറുകളുടെ നികുതി കുറയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്. ഈ നികുതി പിന്നീട് ഘട്ടം ഘട്ടമായി 10 ശതമാനത്തിലേക്ക് താഴ്ത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യന്‍ കാര്‍ വിപണി അതിന്റെ വളര്‍ച്ചയുടെ പ്രാരംഭ ഘട്ടത്തിലാണെന്നും, ഇടക്കാലയളവില്‍ ഈ കരാര്‍ യൂറോപ്യന്‍ കാര്‍ നിര്‍മ്മാതാക്കള്‍ക്ക് വലിയൊരു അവസരമായി മാറുമെന്നും ഐഎന്‍ജി റിസര്‍ച്ചിലെ റിക്കോ ലുമാന് പറഞ്ഞു.






