പഴയ മുഖങ്ങൾക്ക് പകരം കോൺഗ്രസിൽ പുതുമുഖങ്ങൾ എത്തും : എംപിമാർ മത്സരിക്കേണ്ടെന്ന് കോൺഗ്രസ് നയ രൂപീകരണ സമിതി : അന്തിമ തീരുമാനമെടുക്കുക ഹൈക്കമാൻഡ്

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ പുതുമുഖങ്ങൾക്ക് സാധ്യതയേറി. നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടന്ന് കോണ്‍ഗ്രസില്‍ തീരുമാനം വന്നതോടെയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുമുഖങ്ങൾക്ക് അവസരം ലഭിക്കുമെന്ന സ്ഥിതി വന്നത്..
എം പി കുപ്പായം അഴിച്ചുവെച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കേരളത്തിലേക്ക് വണ്ടി കയറാൻ ഒരുങ്ങിയ ചിലർക്ക് കോൺഗ്രസിന്റെ ഈ തീരുമാനം തിരിച്ചടിയാണ്.
എംപിമാർ മത്സരിക്കേണ്ട എന്ന തീരുമാനം നയരൂപീകരണ സമിതിയുടേതാണ്.. എന്നാൽ ഹൈക്കമാൻഡാകും ഇതിൽ അന്തിമ തീരുമാനം എടുക്കുക.
തർക്കമില്ലാതെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കുന്നതിനാണ് മുൻഗണന നല്‍കുന്നത്. ആരും സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കേണ്ടെന്നും യോഗത്തില്‍ നേതാക്കൾ വ്യക്തമാക്കി. സ്ഥാനാർഥികളുടെ സാധ്യതാ പട്ടിക തയാറാക്കാനും യോഗത്തിൽ തീരുമാനമായി.
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും ഇതിനായി ചുമതലപ്പെടുത്തി. വിജയസാധ്യത മാത്രമാകും തെരഞ്ഞെടുപ്പിലെ മാനദണ്ഡമെന്ന് ദീപാ ദാസ് മുൻഷി പറഞ്ഞു. മൂന്നു സർവേ റിപ്പോർട്ടുകളുണ്ട്.
അത് കണക്കിലെടുക്കുമെന്നും സാമുദായിക സന്തുലിതാവസ്ഥ പാലിക്കണമെന്നും അവർ പറഞ്ഞു. പരസ്പര സമ്മതമില്ലാതെ ഒരു ഘടകകക്ഷികളുടെയും സീറ്റ് ഏറ്റെടുക്കേണ്ടെന്നും തീരുമാനിച്ചു. അടുത്തമാസം രണ്ടിനകം ഘടകകക്ഷികളുമായുള്ള ചർച്ച പൂർത്തിയാക്കാനും നിർദേശം നൽകി.






