‘ഒരു വടക്കന്‍ വീരഗാഥ’ ഇനി എച്ച്ഡി മികവോടെ
വടക്കന്‍ പാട്ടുകളെ ആസ്പദമാക്കി എം.ടി.യുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത്, മമ്മൂട്ടി, ബാലന്‍ കെ. നായര്‍, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റന്‍ രാജു എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 1989-ല്‍ പ്രദര്‍ശനത്തിനിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരു വടക്കന്‍ വീരഗാഥ. ചിത്രത്തിലെ അഭിനയത്തിന് ദേശിയ പുരസ്‌കാരം വരെ മമ്മൂട്ടിക്ക് ലഭിച്ചു. വടക്കന്‍ പാട്ടുകളിലെ കഥ നിരവധിതവണ ബ്ലാക്ക് ആന്റ് വൈറ്റ് കാലഘട്ടത്തിലും അതിന് ശേഷവും സിനിമകളായി വന്നിട്ടുണ്ടെങ്കിലും എം.ടിയുടെ തിരക്കഥ ചിത്രത്തിന് മറ്റൊരു ഭാഷ്യം നല്‍കുന്നു.
മാത്രമല്ല മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഈ ചിത്രം തിയറ്ററില്‍ പോയി കാണാത്തവരായി ആരും തന്നെ കാണില്ല. എന്നാല്‍ ഇപ്പോഴിതാ അന്ന് കാണാത്തവര്‍ക്കായി ചിത്രത്തിന്റെ ഹൈഡെഫിനിഷന്‍ പതിപ്പ് പുറത്തിറങ്ങിയിരിക്കുകയാണ്.
1989-ല്‍ പുറത്തിറങ്ങിയിരിക്കുന്ന ചിത്രത്തിന്റെ എച്ച്ഡി പതിപ്പ് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത് എസ്‌ക്യൂബ് ഫിലിംസ് നിര്‍മ്മാണക്കമ്പനിയാണ്. മലയാളത്തിലെ ഏക്കാലത്തേയും മികച്ച ചരിത്ര സിനിമകളിലൊന്നായ ഒരു വടക്കന്‍ വീരഗാഥ വടക്കന്‍ പാട്ടിലെ ക്രൂരനും ചതിയനുമായ ചന്തുവിന് വേറിട്ടൊരു മുഖം നല്‍കിയിരിക്കുന്നു. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി.വി. ഗംഗാധരന്‍ ആണ് ഒരു കോടി രൂപ ചെലവിട്ട് ചിത്രം നിര്‍മിച്ചത്.
മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരവും മികച്ച പ്രൊഡക്ഷന്‍, കോസ്റ്റ്യൂം ഡിസൈനുള്ള ദേശീയ പുരസ്‌കാരവും ചിത്രം നേടി. കൂടാതെ ഏഴ് സംസ്ഥാന പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. മമ്മൂട്ടി മാത്രമല്ല, സുരേഷ് ഗോപിയുടെ ആരോമല്‍ ചേകവര്‍, മാധവിയുടെ ഉണ്ണിയാര്‍ച്ച, ക്യാപ്റ്റന്‍ രാജുവിന്റെ അരിങ്ങോടര്‍, ബാലന്‍ കെ നായര്‍, ഗീത, ഭീമന്‍ രഘു, സുകുമാരി, ചിത്ര, രാജലക്ഷ്മി ബാലതാരങ്ങളായ ജോമോള്‍, വിനീത് കുമാര്‍ തുടങ്ങിയ താരങ്ങളുടെ കരിയറിലെ ഏറ്റവും മികവുറ്റ പ്രകടനം കാഴ്ചവെച്ച ചിത്രവും കൂടിയാണിത്.