TRENDING

കേരളത്തില്‍ പടര്‍ന്ന കൊറോണ വൈറസ് ജനിതകവ്യതിയാനം സംഭവിച്ചതും വ്യാപനശേഷി കൂടിയതും

ലോകമെമ്പാടും ഭീതി വിതച്ച് പടര്‍ന്ന് പിടിച്ച കൊറോണ വൈറസ് ഇന്ത്യയില്‍ നിന്ന് ഇപ്പോള്‍ കേരളത്തിലേക്കും വ്യാപിച്ചിരിക്കുകയാണ്. ദിനംപ്രതി രോഗികളുടെ എണ്ണം ആയിരം കടക്കുന്ന അവസ്ഥയാണ് കാണാന്‍ കഴിയുന്നത്. രോഗമുക്തി നേടുന്നവരുടെ സമാന രീതിയില്‍ തന്നെ രോഗികളുടെ എണ്ണവും വര്‍ധിക്കുന്നു. ഇപ്പോഴിതാ കേരളത്തില്‍ പടര്‍ന്ന കൊറോണ വൈറസ് ജനിതകവ്യതിയാനം സംഭവിച്ചതും വ്യാപനശേഷി കൂടിയതുമാണെന്ന് പുതിയ പഠനം റിപ്പോര്‍ട്ടില്‍ പറയുന്നു.

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജും ഡല്‍ഹിയിലെ സി.എസ്.ഐ.ആര്‍.-ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റഡ് ബയോളജിയും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഈ പുതിയ കണ്ടെത്തല്‍. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സമീപ ജില്ലകളില്‍നിന്നെത്തിയ രോഗികളില്‍നിന്ന് ശേഖരിച്ച 170-ലധികം സാംപിളിന്റെ ജനിതക ശ്രേണി നിര്‍ണയമാണ് നടത്തിയത്.

കോവിഡ് വൈറസുകളുടെ കേരളത്തിലെ ഉദ്ഭവവും വ്യാപനവും സംബന്ധമായി നടന്നുവരുന്ന ജനിതക ശാസ്ത്രീയ ഗവേഷണങ്ങളുടെ ആദ്യ പഠനറിപ്പോര്‍ട്ടാണിത്. വുഹാനില്‍നിന്നെത്തിയ ആദ്യ രോഗികളുടെ സാംപിള്‍ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനവിധേയമാക്കിയിരുന്നു. ഇതരസംസ്ഥാന യാത്രക്കാരില്‍ നിന്നാണ് കൂടുതല്‍ വൈറസ് വ്യാപനം ഉണ്ടായിരിക്കുന്നതെന്ന് പഠനത്തില്‍ നിന്ന് വ്യക്തമായി.

കേരളത്തില്‍ പഠനവിധേയമായ വൈറസുകളിലെ ജനിതകശ്രേണിയില്‍ ‘ഡി 614 ജി’ എന്ന ജനിതക വ്യതിയാനമാണ് കണ്ടെത്തിയത്. ജനിതകവ്യതിയാനം സാധാരണമാണെങ്കിലും കേരളത്തില്‍ കണ്ടെത്തിയത് വര്‍ധിച്ച വ്യാപനശേഷിയുള്ള വൈറസ് ഘടനയുള്ളതാണെന്നാണ് വിലയിരുത്തല്‍. വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ കൂടുതല്‍ ജാഗ്രതയും നിയന്ത്രണങ്ങളും ആവശ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയില്‍ സി.എസ്.ഐ.ആറിലെ ഡോ. വിനോദ് സ്‌കറിയക്കായിരുന്നു ഗവേഷണത്തിന്റെ ചുമതല.

Back to top button
error: