പ്രതിഷേധം കത്തുന്നു; കനത്ത സുരക്ഷയില്‍ കങ്കണ മുംബൈയില്‍

മുംബൈ: കനത്ത സുരക്ഷയില്‍ ബോളിവുഡ് നടി കങ്കണ റനൗട്ട് മുംബൈയിലെത്തി. ഹിമാചല്‍ പ്രദേശിലെ വീട്ടില്‍നിന്നാണു കങ്കണ മുംബൈയില്‍ എത്തിയത്. സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണു കങ്കണയും മഹാരാഷ്ട്ര സര്‍ക്കാരും തമ്മില്‍ പോര് ഉടലെടുത്തത്. ഇതു ശിവസേന ഏറ്റെടുത്തതോടെ നടിയെ മുംബൈയില്‍ തടയുമെന്നു നിലപാടെടുത്തു. അതിനെ തുടര്‍ന്നാണ് ശിവസേനയുടെ പ്രതിഷേധനത്തിനിടെ കനത്ത സുരക്ഷയില്‍ കങ്കണ മുംബൈയില്‍ എത്തിയത്.

മുംബൈയെ പാക്ക് അധിനിവേശ കശ്മീരിനോട് ഉപമിച്ചും മുംബൈ പൊലീസിനെ അവഹേളിച്ചുമുള്ള കങ്കണയുടെ ട്വീറ്റുകളാണ് പ്രതിഷേധത്തിന് കാരണം.

കറുത്ത കൊടിയുമായി മുദ്രാവാക്യം വിളിച്ചാണു ശിവസേനക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധം തീര്‍ത്തത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (അത്താവാലെ) ആര്‍പിഐ (എ), കര്‍ണി സേന പ്രവര്‍ത്തകര്‍ കങ്കണയ്ക്കു പിന്തുണയുമായി വിമാനത്താവളത്തില്‍ തടിച്ചുകൂടി. ഇതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയാണ്.

ഇതിനിടെ, നടിയുടെ ബംഗ്ലാവിലെ അനധികൃത നിര്‍മാണം മുംബൈ കോര്‍പറേഷന്‍ (ബിഎംസി) ഇടിച്ചുനിരത്തി. ബാന്ദ്രയിലെ ബംഗ്ലാവില്‍, ശുചിമുറി ഓഫിസ് ക്യാബിനാക്കി മാറ്റുക, ഗോവണിക്കു സമീപം ശുചിമുറി നിര്‍മിക്കുക തുടങ്ങി ഒരു ഡസനിലധികം മാറ്റങ്ങള്‍ ബിഎംസിയുടെ അനുമതിയില്ലാതെ കങ്കണ വരുത്തിയെന്ന ആരോപണത്തെതുടര്‍ന്നായിരുന്നു പൊളിച്ചുനീക്കല്‍. എന്നാല്‍ കങ്കണയുടെ ഹര്‍ജിയില്‍ കെട്ടിടം പൊളിക്കുന്നത് മുംബൈ ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഒരു ഭാഗം പൊളിച്ചു മാറ്റിയപ്പോഴാണ് കോടതി ഉത്തരവ് വന്നത്. ഇതേത്തുടര്‍ന്ന് ബിഎംസി പൊളിക്കല്‍ നടപടികള്‍ നിര്‍ത്തിവച്ചു.

Leave a Reply

Your email address will not be published. Required fields are marked *