TRENDING

സാക്ഷരതയില്‍ വീണ്ടും കേരളം ഒന്നാമത്

നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഡിപ്പാർട്ട്മെന്റിന്റെ റിപ്പോർട്ട് പ്രകാരം 96.2 ശതമാനം സാക്ഷരതാ നിരക്കുമായി കേരളം വീണ്ടും ഒന്നാമതെത്തി.

ലോക സാക്ഷരതാ ദിനത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് അഭിമാനാർഹമായ ഈ മുന്നേറ്റം.
സാക്ഷരതാനിരക്ക് ഏറ്റവും കുറവ് ആന്ധ്ര പ്രദേശിലാണ്: 66.4 ശതമാനം. ഏഴ് വയസ്സിന് മുകളിൽ പ്രായമുള്ളവരെയാണ് സർവേയിൽ പരിഗണിച്ചത്.

രണ്ടാമത് ഡൽഹി: 88.7 ശതമാനം സാക്ഷരത. ഉത്തരാഖണ്ഡ് (87.6 ശതമാനം), ഹിമാചൽ പ്രദേശ് (86.6 ശതമാനം), അസ്സം (85.9 ശതമാനം) എന്നിവ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം നേടി. ഏറ്റവും പിന്നിലെത്തിയ രണ്ടാമത്തെ സംസ്ഥാനം 69.7 ശതമാനം മാത്രം സാക്ഷരതയുള്ള രാജസ്ഥാനാണ്. ബിഹാർ (70.9 ശതമാനം), തെലങ്കാന (72.8 ശതമാനം), ഉത്തർ പ്രദേശ് (73 ശതമാനം), മധ്യപ്രദേശ് (73.7 ശതമാനം) എന്നിവയും പിന്നിലായി.
രാജ്യത്തെ ശരാശരി സാക്ഷരത 77.7 ശതമാനമാണ്. ഗ്രാമീണ മേഖലയിൽ 73.5 ശതമാനവും നഗരമേഖലകളിൽ 87.7 ശതമാനവുമാണ് സാക്ഷരത.
രാജ്യത്തെ 84.7 ശതമാനം പുരുഷന്മാരും 70.3 ശതമാനം സ്ത്രീകളും സാക്ഷരരാണ്. എല്ലാ സംസ്ഥാനങ്ങളിലും സാക്ഷരത നേടിയവരിൽ കൂടുതലും പുരുഷന്മാരാണ്.
കേരളത്തിൽ 97.4 ശതമാനം പുരുഷന്മാരും 95.2 ശതമാനം സ്ത്രീകളും സാക്ഷരത കൈവരിച്ചിട്ടുണ്ട്. 8097 ഗ്രാമങ്ങളിലെ 64519 വീടുകളിലും നഗരപ്രദേശത്തെ 6188 ബ്ലോക്കുകളിലെ 49238 വീടുകളിലും സർവെ നടത്തി. ഗ്രാമീണ മേഖലയിലെ നാല് ശതമാനം പേരും നഗര മേഖലയിലെ 23 ശതമാനം പേരും ലാപ്ടോപ്പുകൾ ഉപയോഗിക്കുന്നതായി സർവെയിൽ കണ്ടെത്തി.

Back to top button
error: