NEWS

ബിജെപി വെട്ടിൽ, മുംബൈയെ പാക് അധിനിവേശ കാശ്മീരിനോട് ഉപമിച്ച കങ്കണക്കെതിരെ പ്രതിഷേധം ശക്തം

മുംബൈയെ പാക് അധിനിവേശ കാശ്മീരിനോട് ഉപമിച്ച ബോളിവുഡ് താരം കങ്കണയുടെ നടപടി അക്ഷരാർത്ഥത്തിൽ വെട്ടിലാക്കിയത് ബിജെപിയെ ആണ്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അടുത്ത ആരാധിക ആയാണ് കങ്കണ അറിയപ്പെടുന്നത്. കങ്കണയുടെ പ്രസ്താവനക്കെതിരെ ശിവസേനയും കോൺഗ്രസും അടക്കമുള്ള കക്ഷികൾ രംഗത്തെത്തിയതോടെ ബിജെപി പ്രതിരോധത്തിൽ ആയിരിക്കുകയാണ്.

കങ്കണ മുംബൈയിൽ എത്തിയാൽ ശിവസേനയിലെ വനിതാ പ്രവർത്തകർ അടിതരുമെന്ന് ശിവസേന എംഎൽഎ പ്രതാപ് സർനായിക്ക് മുന്നറിയിപ്പ് നൽകി. സർനായിക്കിനെ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ ആവശ്യപ്പെട്ടു. കങ്കണക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തണം എന്നാണ് സർനായിക്കിന്റെ ആവശ്യം.

ഈ മാസം 9ന് മുംബൈയിൽ എത്തുമെന്ന് കങ്കണ പ്രഖ്യാപിച്ചു. തടയാൻ പറ്റുമെങ്കിൽ തടയാൻ ആരുടേയും പേരെടുത്ത് പറയാതെ കങ്കണ വെല്ലുവിളിച്ചു.

എന്നാൽ കങ്കണയുടെ ഈ പരാമർശത്തെ പിന്തുണക്കുന്നില്ലെന്നു ബിജെപി വക്താവ് പ്രതികരിച്ചു. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന്റെ അന്വേഷണത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ആണ് ശ്രമം. അന്വേഷണം സ്വന്തം നിലയ്ക്ക് വഴിതിരിക്കാൻ ശിവസേന നേതാവ് സഞ്ജയ്‌ റാവുത്തിനെ അനുവദിക്കില്ല. സഞ്ജയ്‌ ആയാലും കങ്കണ ആയാലും ആത്മനിയന്ത്രണം പാലിക്കണമെന്ന് ബിജെപി വക്താവ് ആവശ്യപ്പെട്ടു.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സർക്കാരിനെതിരെയും ശിവസേന -എൻസിപി -കോൺഗ്രസ്‌ പാർട്ടികൾക്കെതിരെയും കങ്കണ രംഗത്തെത്തിയിരുന്നു. ഇതിനെതിരെ സഞ്ജയ്‌ രാവത്ത് പ്രതികരിച്ചിരുന്നു. കങ്കണ മുംബൈയിലേക്ക് വരാതിരിക്കുക ആണ് നല്ലതെന്നും സഞ്ജയ്‌ രാവത്ത് മുന്നറിയിപ്പ് നൽകിയിരുന്നു.

രാവത്തിന്റെ പ്രസ്താവനയുടെ പത്രവാർത്ത ടാഗ് ചെയ്താണ് കങ്കണ മുംബൈയെ പാക് അധിനിവേശ കാശ്മീരിനോട് ഉപമിച്ചത്. ഇതാണ് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയത്.

Back to top button
error: