എൽഡിഎഫിലേക്കുള്ള ചുവടുമാറ്റത്തിന്റെ ആദ്യഘട്ടം, കേരള കോൺഗ്രസ് എമ്മിന്റെ നിർണായക യോഗം ഇന്ന് കോട്ടയത്ത്
കേരള കോൺഗ്രസിന്റെ നിർണായക യോഗം ഇന്ന് കോട്ടയത്ത് നടക്കും. ഉച്ചക്ക് രണ്ട് മണിക്കാണ് യോഗം. മുന്നണി പ്രവേശം സംബന്ധിച്ച ആദ്യഘട്ട തീരുമാനം ഇന്ന് കൈക്കൊള്ളും എന്നാണ് അറിവ്.
ജോസ് കെ മാണി വിഭാഗം എൽഡിഎഫിലേക്ക് ചുവടു മാറാനുള്ള തയ്യാറെടുപ്പിലാണ്. മാണി വിഭാഗവുമായി ചർച്ചക്ക് തയ്യാറാണ് എന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ മാണി വിഭാഗം സ്വാഗതം ചെയ്തത് ഈ പശ്ചാത്തലത്തിൽ ആണ് രാഷ്ട്രീയ നിരീക്ഷകർ നോക്കിക്കാണുന്നത്. കേരളത്തിലെ വലിയ മുന്നണി ഇങ്ങനൊരു ആശയം മുന്നോട്ട് വച്ചതിൽ രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ തങ്ങൾക്ക് അഭിമാനം ഉണ്ട് എന്നാണ് മാണി വിഭാഗം മുതിർന്ന നേതാവ് കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ. എൻ ജയരാജ് newsthen media -യോട് പറഞ്ഞത്.
കേരള കോൺഗ്രസ് എമ്മിന്റെ എൽ ഡി എഫ് പ്രവേശനം സംബന്ധിച്ച് സിപിഐയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ സിപിഎമ്മിന് ആയിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ചർച്ച നടത്തി. എന്തുകൊണ്ട് യു ഡി എഫ് വിടുന്നു എന്നും എന്തുകൊണ്ട് എൽ ഡി എഫിൽ ചേരുന്നു എന്നും ജോസ് കെ മാണി രാഷ്ട്രീയപരമായി പൊതുമധ്യത്തിൽ വിശദീകരിക്കണം എന്നാണ് കാനത്തിന്റെ ആവശ്യം. ഈ ആവശ്യം സിപിഐഎം നേതൃത്വം ജോസ് കെ മാണിയെ അറിയിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ തങ്ങൾ സ്വീകരിക്കേണ്ട രാഷ്ട്രീയ ലൈൻ ഇന്നത്തെ യോഗം ചർച്ച ചെയ്യും. ഇടത് പൊതുധാരയോട് ചേർന്ന് നിൽക്കുന്ന ലൈൻ ഇന്ന് യോഗത്തിന് ശേഷം ജോസ് കെ മാണി മാധ്യമങ്ങളോട് അവതരിപ്പിക്കുകയും ചെയ്യും.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനവുമായി ബന്ധപ്പെട്ട തർക്കം ആണ് മാണി വിഭാഗത്തെ യു ഡി എഫിന് പുറത്ത് എത്തിച്ചത്. ജോസഫ് വിഭാഗം പിടിമുറുക്കിയപ്പോൾ യു ഡി എഫ് ജോസഫിനൊപ്പം നിന്നു. മാണി വിഭാഗത്തിലെ രണ്ട് അംഗങ്ങളെ ജോസഫ് വിഭാഗം റാഞ്ചിയതോടെ കാര്യങ്ങൾ പൊട്ടിത്തെറിയിൽ എത്തി. മാണി വിഭാഗത്തിന്റെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് രാജി വെക്കേണ്ടതില്ലെന്ന് പാർട്ടി തീരുമാനിച്ചു. ധാരണ പ്രകാരം രാജി വച്ചേ മതിയാകൂ എന്ന് യു ഡി എഫ് നിർബന്ധിച്ചു. എന്നാൽ ജോസ് കെ മാണി വഴങ്ങിയില്ല. ഒടുവിൽ ജോസ് കെ മാണി വിഭാഗത്തെ യു ഡി എഫിൽ നിന്നു പുറത്താക്കുന്നതായി കൺവീനർ ബെന്നി ബഹന്നാൻ പരസ്യമായി പ്രഖ്യാപിച്ചു.
ഇതിനിടെ പാർട്ടി ചിഹ്നവും പേരും സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം വന്നു. ജോസ് കെ മാണിക്ക് അനുകൂലമായി ആയിരുന്നു തീരുമാനം. കേരള കോൺഗ്രസ് മാണി എന്ന പേരും രണ്ടില ചിഹ്നവും കിട്ടിയപ്പോൾ പഴയ പ്രതാപം തിരിച്ചു പിടിക്കാൻ ജോസ് കെ മാണിക്ക് ആയി എന്നാണ് വിലയിരുത്തൽ. ഇതോടെ ജോസഫ് വിഭാഗം വെട്ടിലായി. രാജ്യസഭാ തെരഞ്ഞെടുപ്പ്, അവിശ്വാസ പ്രമേയം എന്നിവയുമായി ബന്ധപ്പെട്ട വിപ്പ് ലംഘിച്ചതിന് ജോസഫ് അടക്കം ഉള്ളവർക്ക് അയോഗ്യത വരുമോ എന്ന ആശങ്ക യു ഡി എഫിൽ നിലനിൽക്കവേ ആണ് രണ്ടില ചിഹ്നം ചുവപ്പിലേക്ക് നടന്നടുക്കുന്നത്. എൽ ഡി എഫിന് ബാലികേറാമല ആയി വിളിക്കപ്പെട്ട മധ്യ കേരളത്തിലെ 14 നിയമസഭ മണ്ഡലങ്ങളിൽ കൂട്ടുകെട്ട് നിർണായകം ആകുമെന്നാണ് ഇരുകൂട്ടരും വിലയിരുത്തുന്നത്.