ഓണം കഴിഞ്ഞു: ഇനി വേണ്ടത് അതിജാഗ്രത
തിരുവനന്തപുരം: ഓണം കഴിഞ്ഞ് അണ്‍ലോക്ക് ഇളവുകള്‍ കൂടിയതോടെ ഇനി അതിജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പൊതുജനങ്ങള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും ആരോഗ്യ വകുപ്പ് കര്‍ശനമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഓണക്കാലത്ത് കടകളിലും മറ്റും പതിവില്‍ കവിഞ്ഞ തിരക്കുണ്ടാവുകയും പലരും കുടുംബത്തില്‍ ഒത്തുകൂടുകയും ചെയ്തു. ഓണാവധി കഴിഞ്ഞതോടെ ജോലിക്കും മറ്റുമായി പലര്‍ക്കും പുറത്തിറങ്ങേണ്ട അവസ്ഥയുമുണ്ട്. ഈയൊരു സാഹചര്യത്തില്‍ അടുത്ത രണ്ടാഴ്ചയ്ക്കിടെ രോഗ വ്യാപനം കൂടുതലുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണം. ചുമ, തൊണ്ടവേദന, പനി, ജലദോഷം, ശരീര വേദന, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങളുണ്ടായാല്‍ പോലും യാത്ര നടത്താതെയും മറ്റുള്ളവരുമായി അടുത്തിടപെടാതെയും വീട്ടില്‍ തന്നെ കഴിയണം. വീട്ടില്‍ ആര്‍ക്കെങ്കിലും ചെറിയ രോഗ ലക്ഷണമുണ്ടെങ്കില്‍ പോലും രോഗിയും മറ്റുള്ള എല്ലാവരും മാസ്‌ക് ധരിക്കുന്നത് രോഗപ്പകര്‍ച്ച തടയാന്‍ ഈ ഘട്ടത്തില്‍ അത്യാവശ്യമാണ്. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിന്റെ ദിശ നമ്പരിൽ (1056) ബന്ധപ്പെടേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
അണ്‍ലോക്ക് നാലാം ഘട്ടം വന്നതോടെ പല മേഖലകളിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാ തിയേറ്ററുകള്‍ തുടങ്ങിയവ ഒഴികെയുള്ള സ്ഥാപനങ്ങളുടെ നിയന്ത്രണങ്ങള്‍ നീക്കുമ്പോള്‍ ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. എന്നാല്‍ ഇളവുകള്‍ ആഘോഷമാക്കുകയല്ല വേണ്ടത്. കൊറോണ എന്ന മഹാമാരി പൂര്‍വാധികം ശക്തിയായി നമുക്കിടയില്‍ തന്നെയുണ്ട്. രോഗം പിടിപെടാന്‍ ഒരു ചെറിയ അശ്രദ്ധ മാത്രം മതി. നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തമാണെന്ന കാര്യം ആരും മറക്കരുത്.
ഓണാവധി കഴിഞ്ഞ സാഹചര്യത്തിലും ഇളവുകള്‍ തുടരുന്ന സാഹചര്യത്തിലും എല്ലാവരും മൂന്ന് കാര്യങ്ങള്‍ എപ്പോഴും ശ്രദ്ധിക്കണം. മൂക്കും വായും ശരിയായി മൂടത്തക്ക വിധം വൃത്തിയുള്ള മാസ്‌ക് ധരിക്കുക, വ്യക്തികള്‍ തമ്മില്‍ ചുരുങ്ങിയത് രണ്ടു മീറ്റര്‍ അകലം പാലിക്കുക, കൈകള്‍ ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയോ 70 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് അണു വിമുക്തമാക്കുകയോ ചെയ്യുക. ഇവ നമ്മുടെ ജീവിതശൈലിയുടെ ഭാഗമാക്കേണ്ടത് കോവിഡ് രോഗബാധയെ ചെറുക്കാന്‍ അത്യന്താപേക്ഷിതമാണ്.
വിദേശ രാജ്യങ്ങളില്‍ നിന്നും, അന്യ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ എത്തുന്നവര്‍ 14 ദിവസത്തെ നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്. ഈ സമയത്ത് കുടുംബത്തിലെ മറ്റംഗങ്ങളോട് പോലും യാതൊരുവിധ സമ്പര്‍ക്കവും പാടില്ല. കൂടാതെ കോവിഡ് രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായോ ആരോഗ്യ പ്രവര്‍ത്തകരുമായോ ബന്ധപ്പെടുകയും ചികിത്സാമാര്‍ഗ നിര്‍ദ്ദേശ പ്രകാരമുള്ള രോഗ സ്ഥിരീകരണ പരിശോധനകളും ചികിത്സകളും നടത്തേണ്ടതാണ്.
പത്തുവയസിന് താഴെ പ്രായമുള്ള കുട്ടികളും 65 വയസിനുമേല്‍ പ്രായമുള്ളവരും അത്യാവശ്യമുണ്ടെങ്കില്‍ മാത്രമേ പുറത്തിറങ്ങാവൂ. വീടുകളില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ ഉണ്ടെങ്കില്‍ റിവേഴ്‌സ് ക്വാറന്റൈനില്‍ കഴിയാന്‍ ശ്രദ്ധിക്കുകയും വേണം. കാന്‍സര്‍, ഹൃദ്രോഗം, ശ്വാസകോശ രോഗം, പ്രമേഹം, രക്താദിസമ്മര്‍ദം തുടങ്ങിയവയുള്ള രോഗികളും കോവിഡ് രോഗബാധക്കെതിരായ ഡോക്ടറുടെ നിര്‍ദേശങ്ങളനുസരിച്ച് രോഗ പ്രതിരോധ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.