അധ്യാപികയെ സോഷ്യല്‍മീഡിയയിലൂടെ അപമാനിച്ച അഭിഭാഷകനെതിരെ വനിത കമ്മിഷന് കേസെടുത്തു
മേപ്പയൂര്‍ സ്വദേശിയായ സായി ശ്വേത എന്ന അധ്യാപികയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അപമാനകരമായ പ്രചരണം നടത്തിയ അഭിഭാഷകന് ശ്രീജിത്ത് പെരുമനയ്ക്കെതിരെ കേരള വനിത കമ്മിഷന് സ്വമേധയാ കേസെടുത്തു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോഴിക്കോട് റൂറല്‍ എസ്പിയോട് കമ്മിഷന് ആവശ്യപ്പെട്ടു.
സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചിട്ടും ഫെയ്സ്ബുക്കിലൂടെ അധ്യാപികയ്ക്ക് അപമാനകരമായ പ്രസ്താവനകള്‍ നടത്തിയ അഭിഭാഷകന്‍കൂടിയായ ശ്രീജിത്തിന്റെ നടപടി സ്ത്രീപദവിയെ ബോധപൂര്‍വം സമൂഹത്തിനുമുമ്പില്‍ ഇകഴ്ത്തുന്നതരത്തിലുള്ളതാണെന്ന് വനിത കമ്മിഷന് ചെയര്‍പേഴ്സണ്‍ എം.സി.ജോസഫൈന് പറഞ്ഞു.
ശ്രീജിത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമില്ലാ എന്ന് പറഞ്ഞതിനെ ധാര്‍ഷ്ട്യമായും അഹങ്കാരമായും ചിത്രീകരിച്ച് സ്വഭാവഹത്യ നടത്തുകയാണ്. അഭിനയിക്കണോ വേണ്ടയോ എന്നത് ഒരാളുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടമായിരിക്കെ തന്റെ സ്വാതന്ത്ര്യത്തിന്റെയും അവകാശത്തിന്റെയും മേലുള്ള ഒരു കുതിരകയറല്‍ കൂടിയാണ് നടത്തിയിരിക്കുന്നതെന്ന് അധ്യാപിക നല്കിയ പരാതിയില്‍ പറയുന്നു.