കപ്പലുകൾ പിടിച്ചെടുക്കുന്നതിനേക്കാൾ അവ മുക്കിക്കളയുന്നതാണ് കൂടുതൽ ‘രസകരം’, സൈനീകർക്കും അതാണ് താല്പര്യം – ഇറാന്റെ കപ്പലുകൾ തകർക്കുന്നത് സംബന്ധിച്ച് ട്രംപിന്റെ പ്രതികരണം

വാഷിങ്ടൺ: ഇറാൻ നാവികസേനയുടെ കപ്പലുകൾ പിടിച്ചെടുക്കുന്നതിനേക്കാൾ അവ മുക്കിക്കളയുന്നതാണ് കൂടുതൽ ‘രസകര’മെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിയൻ കപ്പലുകൾ തകർക്കുന്നത് സംബന്ധിച്ച് അമേരിക്കൻ സൈനികരോട് നടത്തിയ ഇടപെടലുകൾ വിവരിക്കവെയാണ് ട്രംപ് ഇത്തരമൊരു പരാമർശം നടത്തിയത്.
ശത്രുക്കളുടെ കപ്പലുകൾ നശിപ്പിക്കുന്നതിനോടാണ് സൈനികർക്ക് കൂടുതൽ താല്പര്യം. അവ മുക്കുന്നത് കൂടുതൽ സുരക്ഷിതമായ മാർഗമാണെന്ന് അവർ വിശ്വസിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. “ഇറാൻ്റെ കപ്പലുകൾ മികച്ച ഗുണനിലവാരമുള്ള കപ്പലുകളാണെന്ന് സൈനികർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എങ്കിൽപ്പിന്നെ എന്തുകൊണ്ട് നമുക്ക് അവ പിടിച്ചെടുത്ത് ഉപയോഗിച്ചുകൂടാ എന്ന് താൻ ചോദിച്ചെന്നും, എന്നാൽ അവ മുക്കിക്കളയുന്നതാണ് സൈനികർക്ക് ഇഷ്ടമെന്ന മറുപടിയാണ് ലഭിച്ചതെന്നും ട്രംപ് പറഞ്ഞു. കപ്പലുകൾ പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിനേക്കാൾ അവ മുക്കുന്നതാണ് സുരക്ഷിതമെന്ന സൈനികരുടെ വാദം ശരിയായിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാർച്ച് നാലിന് ഇന്ത്യൻ മഹാസമുദ്രത്തിൽവെച്ച് ഇറാൻ്റെ ഐആർഐഎസ് ദേന എന്ന കപ്പൽ തകർത്തതുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും തമ്മിലുള്ള തർക്കം രൂക്ഷമാവുന്നതിനിടെയാണ് ട്രംപിൻ്റെ പ്രസ്താവന. 87 പേരുടെ മരണത്തിനിടയാക്കിയ ഈ സംഭവത്തെ “കടലിലെ ക്രൂരത” എന്നായിരുന്നു ഇറാൻ വിശേഷിപ്പിച്ചത്.
അതേസമയം, ഇറാൻ്റെ നാവികസേന ഇപ്പോൾ പൂർണമായും സമുദ്രത്തിനടിയിലായെന്നും ഏകദേശം 46 കപ്പലുകൾ ഇത്തരത്തിൽ തകർക്കപ്പെട്ടുവെന്നും ട്രംപ് പറഞ്ഞു. അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കങ്ങൾ ഇറാൻ്റെ നാവിക സേനയെയും മിസൈൽ-ഡ്രോൺ സംവിധാനങ്ങളെയും തകിടം മറിച്ചുവെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു.






