Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsTechTRENDINGWorld

ആദ്യ പുച്ഛിച്ചു, ഇപ്പോള്‍ പിന്നാലെ ചെല്ലുന്നു! ഇറാന്‍ ഡ്രോണുകളെ വീഴ്ത്താന്‍ സാങ്കേതിക വിദ്യ വേണമെന്ന് യുക്രൈനോട് അമേരിക്ക; റഷ്യ ഉപയോഗിച്ചത് ഷാഹെദ് ഡ്രോണെന്നു സെലന്‍സ്‌കി പറഞ്ഞിട്ടും കേട്ടില്ല; വമ്പന്‍ പിഴവെന്ന് യുഎസ് സൈനിക നേതൃത്വം

ന്യൂയോര്‍ക്ക്: ഏഴുമാസംമുമ്പ് യുക്രൈന്‍ നല്‍കിയ പിന്തുണ സ്വീകരിച്ചിരുന്നെങ്കില്‍ അമേരിക്കന്‍ സൈനികരുടെ ജീവനുകളെടുത്ത ഇറാന്റെ ഡ്രോണ്‍ ആക്രമണങ്ങളെ കുറഞ്ഞ ചെലവില്‍ പ്രതിരോധിക്കാന്‍ കഴിയുമായിരുന്നെന്നു വെളിപ്പെടുത്തല്‍. ഇറാന്‍ നിര്‍മിത അറ്റാക്കിംഗ് ഡ്രോണുകളെ വെടിവച്ചിടാന്‍ കഴിവുള്ള സാങ്കേതികവിദ്യ അമേരിക്കയ്ക്കു നല്‍കാന്‍ ഉക്രേനിയന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നെന്ന് ‘ആക്‌സിയോസ്’ റിപ്പോര്‍ട്ട് ചെയ്തു.

മിഡില്‍ ഈസ്റ്റ് യുദ്ധത്തില്‍ അമേരിക്കന്‍ സൈന്യത്തെയും അവരുടെ സഖ്യകക്ഷികളെയും ഇത് എങ്ങനെ സംരക്ഷിക്കുമെന്ന് കാണിക്കുന്ന ഒരു പവര്‍പോയിന്റ് പ്രസന്റേഷനും ഉദ്യോഗസ്ഥര്‍ തയാറാക്കിയെങ്കിലും അമിത ആത്മവിശ്വാസം കാരണം തള്ളുകയാണുണ്ടായത്. എന്നാല്‍, ട്രംപ് പ്രതീക്ഷിച്ചതിനേക്കാള്‍ രൂക്ഷമായ ഡ്രോണ്‍ ആക്രമണം വന്നതോടെ കഴിഞ്ഞയാഴ്ച തീരുമാനം തിരുത്തേണ്ടിവന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Signature-ad

എന്തുകൊണ്ട് ഇത് പ്രധാനമാണ്: ഇറാനെതിരായ ബോംബാക്രമണം ഫെബ്രുവരി 28-ന് ആരംഭിച്ചതിന് ശേഷം ഭരണകൂടം വരുത്തിയ ഏറ്റവും വലിയ തന്ത്രപരമായ പിഴവുകളില്‍ ഒന്നാണ് ഉക്രെയ്നിന്റെ വാഗ്ദാനം നിരസിച്ചതെന്നു രണ്ട് യുഎസ് സൈനികര്‍ പറഞ്ഞു. ഇറാന്റെ ചിലവ് കുറഞ്ഞ ഷാഹെദ് (Shahed) ഡ്രോണുകള്‍ ഏഴ് യുഎസ് സൈനികരുടെ മരണത്തിന് കാരണമാകുകയും, അവയെ പ്രതിരോധിക്കാന്‍ യുഎസിനും മേഖലയിലെ സുഹൃദ് രാജ്യങ്ങള്‍ക്കും ദശലക്ഷക്കണക്കിന് ഡോളര്‍ ചിലവാകുകയും ചെയ്തു. ‘ഇറാന്‍ യുദ്ധത്തില്‍െ തന്ത്രപരമായ പിഴവുണ്ടെങ്കില്‍ അതിതാണെന്നും’ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഡ്രോണ്‍ സാങ്കേതികവിദ്യ

ഷാഹെദ് ഡ്രോണുകളെ നേരിടുന്നതില്‍ ലോകത്തിലെ ഏറ്റവും പരിചയസമ്പന്നരായ രാജ്യം ഉക്രെയ്നാണ്. റഷ്യ തങ്ങളുടെ അയല്‍രാജ്യമായ ഉക്രെയ്നിലെ അധിനിവേശത്തിനായി ആയിരക്കണക്കിന് ഷാഹെദ് ഡ്രോണുകള്‍ വാങ്ങുകയും ‘ഗെരാന്‍’ (Geran) എന്ന പേരില്‍ പുനര്‍നിര്‍മ്മിക്കുകയും ചെയ്തു. ഷാഹെദ് മാതൃകയിലുള്ള ഡ്രോണുകളെ വെടിവച്ചിടാന്‍ സെന്‍സറുകള്‍ക്കും വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്കും പുറമെ, കുറഞ്ഞ ചിലവിലുള്ള ഇന്റര്‍സെപ്റ്റര്‍ ഡ്രോണുകളും ഉക്രെയ്ന്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ഓഗസ്റ്റ് 18-ന് വൈറ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി ഇന്റര്‍സെപ്റ്റര്‍ ഡ്രോണുകള്‍ വാഗ്ദാനം ചെയ്തിരുന്നു. യുഎസ് ഉദ്യോഗസ്ഥര്‍ക്കായി നല്‍കിയ പവര്‍പോയിന്റ് പ്രസന്റേഷനില്‍ ‘ഇറാന്‍ അവരുടെ ഷാഹെദ് ആക്രമണ ഡ്രോണുകളുടെ (one-way-attack drone) രൂപകല്‍പ്പന മെച്ചപ്പെടുത്തുകയാണെ’ന്നും ചൂണ്ടിക്കാട്ടിയിരുന്നു.

ഇറാനില്‍നിന്നും അവരുടെ സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന ഹമാസ് അടക്കമുള്ള തീവ്രവാദികളില്‍നിന്നുമുള്ള ഭീഷണി നേരിടാന്‍ യുഎസ് താവളങ്ങളുള്ള തുര്‍ക്കി, ജോര്‍ദാന്‍, പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ‘ഡ്രോണ്‍ കോംബാറ്റ് ഹബ്ബുകള്‍’ സൃഷ്ടിക്കാനുള്ള ആശയവും ഈ പ്രസന്റേഷനില്‍ ഉള്‍പ്പെട്ടിരുന്നു. ഇക്കാര്യം ഉക്രേനിയന്‍ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു.

ട്രംപ് പറഞ്ഞിട്ടും കേട്ടില്ല

ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ ട്രംപ് ഉദ്യോഗസ്ഥരോടു നിര്‍ദേശിച്ചിരുന്നെങ്കിലും അവര്‍ പ്രവര്‍ത്തിച്ചില്ലെന്ന് ഉക്രേനിയന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ‘സെലെന്‍സ്‌കി അദ്ദേഹത്തെ പൊക്കിക്കാണിക്കുകയാണെന്നാണ് എല്ലാവരും കരുതിയത്. അതു വാങ്ങേണ്ടതില്ലെന്നും തീരുമാനിച്ചു. ഞങ്ങളുടെ പ്രശ്‌നം പണമായിരുന്നു. ഞങ്ങള്‍ക്ക് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നതിന്റെ 50% മാത്രമേ നിലവിലെ സാഹചര്യത്തില്‍ സാധിക്കുമായിരുന്നുള്ളൂ. ബാക്കി 50% യുഎസ് നിക്ഷേപിക്കണമെന്നും ഉല്‍പ്പാദനത്തില്‍ പങ്കുചേരണമെന്നും ഞങ്ങള്‍ ആഗ്രഹിച്ചു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, കഴിഞ്ഞ വ്യാഴാഴ്ച, ആന്റി-ഡ്രോണ്‍ സഹായത്തിനായി യുഎസ് ഔദ്യോഗികമായി സെലെന്‍സ്‌കിയോട് ആവശ്യപ്പെട്ടതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ‘മെറോപ്‌സ്’ (Merops) എന്ന പേരില്‍ തങ്ങളുടെ സ്വന്തം ഷാഹെദ്-വിരുദ്ധ ഡ്രോണ്‍ സംവിധാനം വിന്യസിക്കാനുള്ള പദ്ധതികള്‍ വെള്ളിയാഴ്ച യുഎസ് പ്രഖ്യാപിച്ചു. ഉക്രൈനിയന്‍ ഡ്രോണുകള്‍ വിന്യസിച്ചിരുന്നെങ്കില്‍ അതു സഹാകരമായിരുന്നെന്നും ഇറാന്റെ ഡ്രോണുകളോടുള്ള പ്രതികരണം മോശമായിരുന്നെന്നും യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതിനായി ട്രംപിന്റെ മക്കള്‍ ചേര്‍ന്നു പുതിയ ബിസിനസ് സംരഭവും ആരംഭിച്ചെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

 

പ്രതിരോധിക്കാന്‍ അപ്പാച്ചെ

ഒരു ഇറാനിയന്‍ ഷാഹെഡിന് മോഡല്‍ അനുസരിച്ച് 20,000 മുതല്‍ 50,000 ഡോളര്‍ വരെയാണ് ചിലവ്. ഉക്രേനിയന്‍ ഇന്റര്‍സെപ്റ്ററുകള്‍ ഇതിലും വില കുറഞ്ഞതാണ്. ദശലക്ഷക്കണക്കിന് ഡോളര്‍ വിലയുള്ള മിസൈലുകള്‍ ഉപയോഗിച്ച് ഇത്രയും വില കുറഞ്ഞ ലക്ഷ്യങ്ങളെ നേരിടുന്നതിലെ ആശങ്ക യെമനിലെ ഹൂതി വിമതരുമായുള്ള യുദ്ധത്തില്‍ ഉയര്‍ന്നുവന്നിരുന്നു, അത് ഇപ്പോഴും നിലനില്‍ക്കുന്നു. എഎച്ച്-64 അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഇറാനിയന്‍ ഡ്രോണുകളെ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കൂടാതെ ഡ്രോണ്‍ പ്രതിരോധ മാര്‍ട്ട്ലെറ്റ് (Martlet) മിസൈലുകള്‍ ഘടിപ്പിച്ച വൈല്‍ഡ്കാറ്റ് (Wildcat) ഹെലികോപ്റ്ററുകള്‍ അയക്കാമെന്ന് യുകെ വാഗ്ദാനം ചെയ്തിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: