LIFE

ആറ്റ്‌ലി ചിത്രത്തില്‍ കിങ് ഖാന്‍ റോ ഏജന്റായി എത്തുന്നു

രാധകര്‍ക്ക് ആവേശമായ കിങ് ഖാന്റെ പുതിയ ചിത്രത്തെപ്പറ്റിയുളള വാര്‍ത്തകളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 2018 ല്‍ റിലീസായ സീറോ എന്ന ചിത്രത്തിന് ശേഷം ഷാരുഖാന്റെ പുതിയ ചിത്രത്തെപ്പറ്റിയുളള വിവരങ്ങളൊന്നും പുറത്ത് വന്നിരുന്നില്ല. രാജ്കുമാര്‍ ഹിറാനിയുമായി സഹകരിച്ച് പുതിയ ചിത്രമുണ്ടാകുമെന്ന് അഭ്യുഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്ത് വന്നിരുന്നില്ല.

പിന്നീട് മലയാളത്തിന്റെ സ്വന്തം സംവിധായകന്‍ ആഷിഖ് അബുവും ഒന്നിച്ചുളള ചിത്രങ്ങള്‍ പുറത്ത് വന്നതോടെ ഷാരുഖിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് ആഷിഖ് അബുവാണെന്നുളള തരത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഈ നിരയില്‍ ഏറ്റവും അവസാനം എത്തുന്ന പേര് തമിഴ് സംവിധായകന്‍ ആറ്റ്‌ലിയുടേതാണ്. ഒരു ചിത്രത്തിനായി ആറ്റ്‌ലിയും കിംങ് ഖാനും ഒരുമിക്കുന്നുവെന്നും ഈ ചിത്രത്തില്‍ കിങ് ഖാന്‍ ഒരു റോ ഏജന്റായിട്ടാണ് വേഷമിടുന്നതെന്നും ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. ചിത്രത്തില്‍ കിങ് ഖാന്‍ ഒന്നിലധികം ഗെറ്റപ്പുകളിലാവും പ്രത്യക്ഷപ്പെടുകയെന്ന് സൂചനകളുണ്ട്. ചിത്രത്തെപ്പറ്റി നടനും സംവിധായകനും സംസാരിച്ച് കഴിഞ്ഞുവെന്നും കോവിഡ് ഭീഷണി ഒഴിയുന്ന മുറയ്ക്ക് 2021ല്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നും അറിയുന്നു.

Signature-ad

ദളപതി വിജയ് നായകനായ ബിഗില്‍ ആണ് ആറ്റ്‌ലിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അവസാന ചിത്രം. ചിത്രം വാണിജ്യപരമായി വലിയ വിജയമായിരുന്നെങ്കിലും എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്താന്‍ ചിത്രത്തിന് സാധിച്ചിരുന്നില്ല. കിങ് ഖാന്റെ ഛക്‌ദേ ഇന്ത്യ എന്ന ചിത്രത്തിലേതടക്കം രംഗങ്ങള്‍ ബിഗിലില്‍ കോപ്പിയടിച്ചിരുന്നു എന്ന ആക്ഷേപം ആറ്റ്‌ലിക്കും സംഘത്തിനും നേരിടേണ്ടി വന്നിരുന്നു. ആറ്റ്‌ലിയും കിങ് ഖാനും ആദ്യമായി ഒരുമിക്കുമ്പോള്‍ സംഭവിക്കുന്നത് എന്താണെന്ന് അറിയാനുളള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

Back to top button
error: