NEWS

ജോസ് കെ മാണി എൽ ഡി എഫിലേക്ക് ,വിപ്പ് സംബന്ധിച്ച സ്പീക്കറുടെ തീരുമാനം കൈകോർക്കലിന്റെ ആദ്യഘട്ടം


കേരള കോൺഗ്രസ്സ് ജോസ് കെ മാണി വിഭാഗം എൽഡിഎഫിലേക്ക് .ഇത് സംബന്ധിച്ച പ്രാരംഭ ചർച്ചകൾ പൂർത്തിയായതായാണ് വിവരം . നേരത്തെ തന്നെ ധാരണ ഉണ്ടായിരുന്നെങ്കിലും സ്വപ്ന സുരേഷ് വിവാദം എൽഡിഎഫ് സർക്കാരിന് മേൽ കരിനിഴൽ വീഴ്ത്തിയതോടെ ചർച്ചകൾ വഴിമുട്ടുക ആയിരുന്നു .പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരെ സ്വതന്ത്ര നിലപാട് സ്വീകരിച്ച് നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എൽ ഡി എഫിൽ ഉൾക്കൊള്ളിക്കാനാണ് പദ്ധതി .

സിപിഐ ആണ് ജോസ് വിഭാഗത്തെ എൽഡിഎഫിൽ ഉൾക്കൊള്ളിക്കാനുള്ള പ്രധാന തടസം .മുന്നണിയിലെ രണ്ടാം പാർട്ടി സ്ഥാനം നഷ്ടമാകുമോ എന്നായിരുന്നു സിപിഐയുടെ പേടി .എന്നാൽ ആ പേടി അസ്ഥാനത്താണെന്ന് സിപിഐഎം സിപിഐയെ ബോധ്യപ്പെടുത്തി എന്നാണ് വിവരം .ജോസ് വിഭാഗം എൽ ഡി എഫിൽ എത്തിയാൽ മധ്യകേരളത്തിൽ മുന്നണിക്കുണ്ടാകുന്ന ഉണർവ് സിപിഐക്കും ബോധ്യപ്പെട്ടിട്ടുണ്ട് .

Signature-ad

നിയമസഭയിലെ വിപ്പിന്റെ കാര്യത്തിൽ ജോസ് വിഭാഗത്തിന് അനുകൂലമായ തീരുമാനം സ്പീക്കർ ശ്രീരാമകൃഷ്ണൻ കൈക്കൊള്ളും എന്നാണ് സൂചന .രാജ്യസഭാ തെരഞ്ഞെടുപ്പും അവിശ്വാസപ്രമേയവും കേരളം കോൺഗ്രസിലെ തർക്കം മൂർച്ഛിപ്പിച്ചിരിക്കുകയാണ് .പാർട്ടി പിളരുന്നതിനു മുമ്പ് റോഷി അഗസ്റ്റിൻ ആയിരുന്നു വിപ്പ് .പിളർന്നപ്പോൾ പി ജെ ജോസഫ് മോൻസ് ജോസഫിനെ വിപ്പാക്കി .ആരാണ് യഥാർത്ഥ വിപ്പ് എന്ന തർക്കം അങ്ങിനെ ഉടലെടുത്തു .

അടുത്ത തിങ്കളാഴ്ചയാണ് നിയമസഭ ചേരുന്നത് .തർക്കം തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പിൽ എത്തുന്നതിനു മുമ്പ് സ്പീക്കർ തീരുമാനം എടുക്കുമെന്നാണ് വിവരം .തിങ്കളാഴ്ച മൂന്നു പ്രധാന സംഭവങ്ങൾ ആണ് സഭയിൽ നടക്കാൻ ഉള്ളത് .ഒന്ന് രാജ്യസഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ് ആണ് .രണ്ടാമത്തേത് അവിശ്വാസ പ്രമേയമാണ് .മൂന്നാമത്തേത് ധനബിൽ പാസാക്കുക എന്നതും .

ധനബിൽ പാസാക്കുന്നതിലും  അവിശ്വാസപ്രമേയത്തിലും വിപ്പ് നിർണായകമാകും .അംഗങ്ങളുടെ അയോഗ്യതക്ക് വരെ കാരണമാകുന്നതാണ് സഭക്കുള്ളിലെ വിപ്പ് ലംഘനം .പാർട്ടി ആരുടേത് എന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പിൽ വിഷയം നിൽക്കുമ്പോൾ മോൻസ് ജോസഫിനെ വിപ്പായി നിയമിച്ച പി ജെ ജോസഫിന്റെ നടപടിക്ക് സാധുത ഇല്ല എന്നാണ് ജോസ് പക്ഷത്തിന്റെ നിലപാട് .

രാജ്യസഭാ തെരഞ്ഞെടുപ്പിൽ നിന്നും, അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ നിന്നും വിട്ടു നിൽക്കണം എന്നതാണ്  ജോസ് പക്ഷത്തിന്റെ നിലപാട് .അവിശ്വാസ പ്രമേയ കാര്യത്തിൽ റോഷി അഗസ്റ്റിൻ വിപ്പ് നൽകും .എന്നാൽ കാര്യങ്ങളിൽ യു ഡി എഫിന് അനുകൂലമായി മോൻസ് ജോസഫ് വിപ്പ് നൽകും എന്നാണ് പി ജെ ജോസഫ് വിഭാഗം പറയുന്നത് .

ഇക്കാര്യത്തിൽ ഇടപെടും എന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട് .അത് ജോസഫിന് പ്രതികൂലമാകുകയും ചെയ്യും .യുഡിഎഫിൽ നിന്ന് ജോസ് വിഭാഗത്തെ പുറത്താക്കിയിട്ടില്ലെന്നു യു ഡി എഫ് നേതാക്കൾ തിരുത്തൽ വരുത്തിയിരുന്നു .എന്നാൽ വിട്ടു വീഴ്ചക്കില്ലെന്നാണ് ജോസ് പക്ഷം വ്യക്തമാക്കുന്നത് .എൽ ഡി എഫിലേക്കുള്ള വാതിൽ ജോസ് പക്ഷത്തിന് തുറക്കുന്ന നാളുകൾ ആണ് വരാൻ ഇരിക്കുന്നത് .

Back to top button
error: