IndiaNEWS

പ്രധാന വാർത്തകൾ:കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് നാളെ, ഇലന്തൂരിലെ ഇരട്ട നരബലി കേസ് പ്രതികള്‍ നരഭോജനം സമ്മതിച്ചു, എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ 20 ന് വിധി പറയും, നിരാഹാര സമരം നടത്തുന്ന ദയാബായിയെ ആശുപത്രിയിലേക്കു മാറ്റി, കേരള സർവ്വകലാശാലയിൽ 15 പേരുടെ സെനറ്റ് അംഗത്വം ഗവര്‍ണര്‍ റദ്ദാക്കി, കെകെ ശൈലജക്കെതിരെ അന്വേഷണം നടത്താന്‍ ലോകായുക്തയ്ക്ക് അധികാരമില്ലെന്ന് എം.വി ജയരാജന്‍, പ്രൊഫ. ജി എന്‍ സായിബാബ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം. തിങ്കളാഴ്ചത്തെ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇന്ന് പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള ശ്രമത്തിലാണ് മല്ലികാർജുൻ ഖാർഗെയും ശശി തരൂരും.
രാവിലെ പത്ത് മുതല്‍ വൈകീട്ട് നാല് വരെയാണ് തെരഞ്ഞെടുപ്പ്. എഐസിസിയിലും പിസിസികളിലുമായി 67 ബൂത്തുകളും, ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള വോട്ടര്‍മാര്‍ക്കായി ഒരു ബൂത്തും സജ്ജമാക്കിയിട്ടുണ്ട്.

9376 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. രഹസ്യ ബാലറ്റിലൂടെയായിരിക്കും വോട്ടെടുപ്പ്. വോട്ടെടുപ്പിന് ശേഷം വിമാനമാര്‍ഗം ചൊവ്വാഴ്ച ബാലറ്റ് പെട്ടികള്‍ ദില്ലിയിലെത്തിക്കും. ബുധനാഴ്ച വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.

Signature-ad

കേരളം ഞെട്ടലിൽ. ഇലന്തൂരിലെ ഇരട്ട നരബലി കേസ് പ്രതികള്‍ നരഭോജനം സമ്മതിച്ചെന്നും വീട്ടിലെ ഫ്രിഡ്ജില്‍ മനുഷ്യമാസം സൂക്ഷിച്ചതിന്റെ തെളിവുകള്‍ ലഭിച്ചെന്നും പൊലീസ്. ഫ്രിഡ്ജില്‍ രക്തകറയുണ്ട്. 10 കിലോ മനുഷ്യമാംസം പ്രതികള്‍ ഫ്രീസറില്‍ സൂക്ഷിച്ചു. കുക്കറില്‍ വേവിച്ചു കഴിച്ചെന്നും എന്നാൽ ലൈല കഴിച്ചില്ലെന്നും പോലീസ് പറഞ്ഞു. ഇന്നലെ വീട്ടില്‍ ഡമ്മി പരിശോധന നടത്തി. നായകളെ കൊണ്ടും പരിശോധിപ്പിച്ചു. നായകള്‍ അസ്വാഭാവികമായ രീതിയില്‍ മണംപിടിച്ചുനിന്ന മൂന്നു സ്ഥലങ്ങള്‍ കുഴിച്ച് പരിശോധിക്കും. പ്രതികളുടെ തെളിവെടുപ്പ് ഇന്നും തുടരും.

ലാത്സംഗ കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ 20 ന് വിധി പറയും. എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂത്തിയായി. പരാതിക്കാരിയുടെ ജീവനു ഭീഷണിയുണ്ടെന്നു പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ പീഡിപ്പിച്ചെന്നും മര്‍ദ്ദിച്ചെന്നും പരാതിപ്പെട്ട സ്ത്രീ അദ്ദേഹത്തിനൊപ്പം വീണ്ടും എന്തിന് സഞ്ചരിച്ചെന്നു പ്രതിഭാഗം ആരാഞ്ഞു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം തേടി സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാര സമരം നടത്തുന്ന ദയാബായിയെ പോലീസ് ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. സമരം ഒത്തു തീര്‍ക്കാത്തതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ആരോഗ്യ മന്ത്രിയുടെ വീട്ടിലേക്ക് എന്‍ഡോ സള്‍ഫാന്‍ സമരസമിതി മാര്‍ച്ച് നടത്തും.

കേരളാ സര്‍വകലാശാലയില്‍ കടുംവെട്ടുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വൈസ് ചാന്‍സലര്‍ നിര്‍ണയ സമിതിയിലേക്കുള്ള പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ ചേര്‍ന്ന സെനറ്റ് യോഗത്തില്‍ പങ്കെടുക്കാതിരുന്ന 15 പേരുടെ സെനറ്റ് അംഗത്വം ഗവര്‍ണര്‍ റദ്ദാക്കി. സര്‍ക്കാരിന്റെ ശുപാര്‍ശയനുസരിച്ച് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത അംഗങ്ങളെയാണ് അയോഗ്യരാക്കിയത്. ചിലരുടെ സിന്‍ഡിക്കറ്റ് അംഗത്വവും ഇതോടെ നഷ്ടമാകും. അടുത്ത മാസം നാലിനു വീണ്ടും സെനറ്റ് യോഗം വിളിച്ചിരിക്കേയാണ് ഗവര്‍ണര്‍ 15 പേരെ അയോഗ്യരാക്കിയത്.

‘ഇ ഓഫീസ്‘ സോഫ്റ്റ് വെയര്‍ അവതാളത്തിലായതോടെ സെക്രട്ടേറിയറ്റ് അടക്കം സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സ്തംഭിച്ചു. ‘ഇ ഓഫീസ്’ വഴി ഫയലുകള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ഓഫീസുകളിലും പ്രതിസന്ധി ഉണ്ടായി. വിവിധ സേനവങ്ങള്‍ക്കായി എത്തിയ നൂറു കണക്കിനു പേര്‍ വലഞ്ഞു

മുന്‍മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണു. അദ്ദേഹത്തെ ഡല്‍ഹി ആര്‍ എം എല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വ്യത്യാസം വന്നതുമൂലമാണു കുഴഞ്ഞു വീണത്.

ആറ്റിങ്ങള്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതി അനുശാന്തി ശിക്ഷ മരവിപ്പിച്ച് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും സുപ്രിം കോടതിയില്‍. കൊലപാതകത്തില്‍ തനിക്കു പങ്കില്ലെന്നും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

കെഎസ്ആര്‍ടിസി തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റില്‍ നിന്ന് 1,17,535 രൂപാ കാണാതായതിനു സൂപ്രണ്ട് ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് സസ്പെന്‍ഷന്‍. സൂപ്രണ്ട് കെ സുരേഷ് കുമാര്‍, ടിക്കറ്റ് ആന്‍ഡ് ക്യാഷ് വിഭാഗത്തിലെ ജീവനക്കാരനായ ടി ടി സുരേഷ് കുമാര്‍, കെ അനില്‍ കുമാര്‍, ജി ഉദയകുമാര്‍, ജോസ് സൈമണ്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

വട്ടിയൂര്‍ക്കാവ് കരമനയാറ്റില്‍ മീന്‍പിടിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടു. മേലേകടവ് ഭാഗത്ത് ഇറങ്ങിയ പട്ടം സെന്റ് മേരീസ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി നിരഞ്ജന്‍, ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ജിബിത്ത് എന്നിവരെയാണ് കാണാതായത്.

കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ട് സ്വര്‍ണക്കടത്തു കേസ് പ്രതി രക്ഷപ്പെട്ടു. കരിപ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്തുനിന്ന് കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെയാണ് കൊണ്ടോട്ടി സ്വദേശിയായ റിയാസ് രക്ഷപ്പെട്ടത്. വിമാനത്താവള ജീവനക്കാരെ ഉപയോഗിച്ച് സ്വര്‍ണം കടത്തിയ കേസിലെ പ്രതിയാണ് റിയാസ്.

എസ്എഫ്ഐ പ്രവര്‍ത്തകനെ മര്‍ദിച്ച കോതമംഗലം എസ് ഐ മാഹിന്‍ സലീമിനെ സസ്പെന്‍ഡ് ചെയ്തു. എസ്ഐ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പൊലീസ് പിടിച്ചുകൊണ്ടുപോയ മറ്റൊരു വിദ്യാര്‍ത്ഥിയെ അന്വേഷിച്ച് കോതമംഗലം പൊലീസ് സ്റ്റേഷനില്‍ എത്തിയ എസ്എഫ്ഐ കോതമംഗലം ലോക്കല്‍ സെക്രട്ടറിയെയാണ് മര്‍ദിച്ചത്.

കൊവിഡ് കാലത്തെ അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജക്കെതിരെ അന്വേഷണം നടത്താന്‍ ലോകായുക്തയ്ക്ക് അധികാരമില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. ദുരന്ത നിവാരണ നിയമപ്രകാരം പണം നോക്കാതെ സാധനങ്ങള്‍ വാങ്ങിച്ചത് ജീവന്‍ രക്ഷിക്കാനാണെന്നും ജയരാജന്‍ അവകാശപ്പെട്ടു.

മലയാളിയായ യുവ വനിതാ ഡോക്ടര്‍ ഡല്‍ഹിയില്‍ മരിച്ച നിലയില്‍. മൗലാന ആസാദ് മെഡിക്കല്‍ കോളേജിലെ പി ജി വിദ്യാര്‍ത്ഥി ആതിര പി മേനോനെയാണ് റൂമില്‍ മരിച്ച നിലയില്‍ കണ്ടത്. എറണാകുളം സ്വദേശിനിയാണ് ആതിര.

കൊല്ലം കാവനാട് കുടുംബ വഴക്കിനു പിറകേ ഗൃഹനാഥന്‍ മരിച്ചു. കാവനാട് സ്വദേശി രാജു എന്ന ജോസഫ് ആണ് മരിച്ചത്. മക്കളെയും മരുമക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

മ്യൂസിക് പ്ലെയറിന്റെ ബാറ്ററി കേസിനകത്ത് ഒളിപ്പിച്ച് കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ കടത്തിയ സ്വര്‍ണം പൊലീസ് സംഘം പിടികൂടി. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി റിയാസ്മോനെ (39) അറസ്റ്റ് ചെയ്തു. 91 ലക്ഷം രൂപ വില മതിക്കുന്ന 1.807 കിലോഗ്രാം സ്വര്‍ണമാണ് പൊലീസ് പിടികൂടിയത്.

കൊല്ലം കരിങ്ങന്നൂരില്‍ മരിച്ച മധ്യവയസ്‌കയെ മകള്‍ കൊലപ്പെടുത്തിയതാണെന്നു പോലീസ്. ആലുംമൂട്ടില്‍ സ്വദേശിനിയായ അമ്മ സുജാത മരിച്ച കേസില്‍ മകള്‍ സൗമ്യയെ അറസ്റ്റു ചെയ്തു. പുരയിടത്തിലെ മരം വിറ്റതിന്റെ പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെതുടര്‍ന്ന് കഴുത്തിന് കുത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണു കേസ്.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ മൂവായിരം പേരുടെ പേരും വിലാസവുമില്ലെന്ന ശശി തരൂരിന്റെ പരാതി തള്ളി. ഖര്‍ഗെക്കും തരൂരിനും നല്‍കിയത് ഒരേ വോട്ടര്‍പട്ടികയാണെന്ന് സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി പറഞ്ഞു. അതേസമയം, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ഇന്നലെ സ്വന്തം സംസ്ഥാനമായ കര്‍ണാടകയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തു.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പു പ്രഹസനമെന്നു പറഞ്ഞ ബിജെപി വക്താവ് അമിത് മാളവ്യയോട് ബിജെപിയില്‍ ഇങ്ങനെയൊരു തെരഞ്ഞെടുപ്പു നടത്താനാകുമോയെന്ന് ശശി തരൂര്‍. കോണ്‍ഗ്രസിലെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ കോണ്‍ഗ്രസുകാരുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കാഷ്മീരിലെ ഷോപ്പിയാനില്‍ ഒരു കാഷ്മീരി പണ്ഡിറ്റ്കൂടി ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. പൂരന്‍ ക്രിഷന്‍ ഭട്ട് എന്നയാളാണ് ചൗധരി ഗുണ്ട് മേഖലയിലെ സ്വവസതിക്കു സമീപം വെടിയേറ്റു മരിച്ചത്.

വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലുള്ള തലച്ചോര്‍ അപകടകരമെന്ന് സുപ്രീം കോടതി. മാവോയിസ്റ്റ് കേസില്‍ പ്രൊഫ. ജി എന്‍ സായിബാബ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത ഉത്തരവിലാണ് സുപ്രീംകോടതി ഈ അഭിപ്രായ പ്രകടനം നടത്തിയത്. പോളിയോ ബാധിച്ച് 90 ശതമാനം തളര്‍ന്ന് വീല്‍ച്ചെയറില്‍ കഴിയുകയാണ് സായിബാബയെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു.

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 107-ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഇന്ത്യ 101-ാം സ്ഥാനത്തായിരുന്നു. അയല്‍രാജ്യങ്ങളായ പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവയ്ക്കും പിന്നിലാണ് 121 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം. പട്ടിണിയും പോഷകാഹാരക്കുറവും നിരീക്ഷിക്കുന്ന ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സിന്റെ വെബ്‌സൈറ്റാണ് പട്ടിക പുറത്തുവിട്ടത്.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാത്ത രാഷ്ട്രമെന്ന നിലയിലേക്കു താഴ്ത്തിക്കെട്ടി ഇന്ത്യയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്താനുള്ള ശ്രമമാണ് പട്ടിണി പട്ടികയെന്ന് ഇന്ത്യ. തെറ്റായ വിവരങ്ങളാണ് ആഗോള പട്ടിണി സൂചികയുടെ മുഖമുദ്രയെന്ന് ഇന്ത്യ വിമര്‍ശിച്ചു.

ഹിന്ദിയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നല്‍കാനുള്ള മധ്യപ്രദേശ് സര്‍ക്കാരിന്റെ പദ്ധതി കേന്ദ്രമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെ്തു. ഇംഗ്ലീഷ് അറിയാത്തതിനാല്‍ നിരവധി വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് കൊഴിഞ്ഞു പോകുന്നുണ്ടെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ഡോക്ടര്‍മാര്‍ കുറിപ്പടിയുടെ മുകളില്‍ ‘ശ്രീ ഹരി’ എന്നും മരുന്നുകളുടെ പേര് ഹിന്ദിയില്‍ എഴുതാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉത്തര്‍പ്രദേശില്‍ ബിജെപി വിളിച്ചുകൂട്ടിയ പിന്നാക്ക മുസ്ലീം വിഭാഗത്തിലെ പ്രധാന അംഗങ്ങളുടെ യോഗം ഇന്ന്. പിന്നാക്ക മുസ്ലീങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചതനുസരിച്ചാണ് യോഗം.

ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് കാഷ്മീരില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അടക്കം നാല് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ബാങ്ക് മാനേജരേയും പിരിച്ചുവിട്ടിട്ടുണ്ട്.

ഹിമാചല്‍പ്രദേശില്‍ ബിജെപി വീണ്ടും അധികാരത്തില്‍ വരുമെന്ന് അമിത് ഷാ. കുടുംബാധിപത്യം രാജ്യത്തുനിന്നും തുടച്ചു നീക്കും. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നും അദ്ദേഹം അവകാശപ്പെട്ടു. സിര്‍മൗറിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

ആന്‍ഡമാന്‍ നിക്കോബാര്‍ മുന്‍ ചീഫ് സെക്രട്ടറിക്കും ലേബര്‍ കമ്മീഷണര്‍ക്കും എതിരെ കൂട്ടബലാത്സംഗ കേസ്. സര്‍ക്കാര്‍ ജോലി വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ഇരുപത്തൊന്നുകാരിയുടെ പരാതിയിലാണ് ആന്‍ഡമാന്‍ പൊലീസ് കേസെടുത്തത്. മുന്‍ ചീഫ് സെക്രട്ടറിയും നിലവില്‍ ഡല്‍ഹി ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എംഡിയുമായ ജിതേന്ദ്ര നരെയ്ന്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ലേബര്‍ കമ്മീഷണര്‍ ആര്‍.എല്‍. ഋഷി എന്നിവര്‍ക്കെതിരെയാണ് കേസ്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കൂട്ടി. പുതുക്കിയ നിരക്കുകള്‍ ഇന്നലെ മുതല്‍ പ്രാബല്യത്തിലായി.

പണപ്പെരുപ്പം ചെറുക്കാനാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് വര്‍ധിപ്പിച്ചതെന്ന് മോണിറ്ററി പോളിസി കമ്മിറ്റി. സെപ്റ്റംബര്‍ മീറ്റിംഗിന്റെ മിനിറ്റ്സിലാണ് എംപിസിയുടെ പരാമര്‍ശം.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്നു തുടങ്ങും. ഷി ജിന്‍ പിങ് തന്നെ തുടര്‍ച്ചയായ മൂന്നാം വട്ടവും പ്രസിഡന്റായി അധികാരം നിലനിര്‍ത്തും. രണ്ടു തവണ മാത്രമേ അധികാരത്തില്‍ തുടരാവൂ എന്ന നിയമം 2018 -ല്‍ റദ്ദാക്കിയ 69 കാരനായ ഷി ആജീവനാന്തം അധികാരക്കസേരയില്‍ തുടരാനാണ് സാധ്യത.

യുക്രൈനുമായി അതിര്‍ത്തി പങ്കിടുന്ന ബെല്‍ഗൊറോഡ് മേഖലയിലെ റഷ്യന്‍ സൈനിക പരിശീലന ഗ്രൗണ്ടില്‍ നടന്ന ‘ഭീകര’ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യുക്രൈനിലെ കീവിലെ സുപ്രധാന പവര്‍പ്ലാന്റ് റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്തതിനു പിറകേയാണ് റഷ്യന്‍ സൈനിക കേന്ദ്രത്തില്‍ ആക്രമണമുണ്ടായത്.

അണ്വായുധങ്ങള്‍‘ കൈവശമുള്ള ലോകത്തിലെ ‘ഏറ്റവും അപകടകരമായ രാജ്യമാണ്’ പാക്കിസ്ഥാനെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍സില്‍ നടന്ന ഡെമോക്രാറ്റിക് കോണ്‍ഗ്രസിലാണ് ഈ വിമര്‍ശനം. ജോ ബൈഡന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാന്‍ യുഎസ് അംബാസിഡറെ വിളിച്ചുവരുത്തുമെന്ന് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി. ആദ്യം ഇന്ത്യയുടെ അണുആയുധങ്ങളെകുറിച്ചാണു സംസാരിക്കേണ്ടതെന്ന് ബിലാവല്‍ പറഞ്ഞു.

ഇന്ത്യന്‍ വനിതകള്‍ക്ക് ഏഴാം ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം. കലാശപ്പോരാട്ടത്തില്‍ എട്ടു വിക്കറ്റിന് ശ്രീലങ്കയെ തോല്‍പ്പിച്ചാണ് ഇന്ത്യന്‍ വനിതകള്‍ ഏഷ്യാ കപ്പ് കിരീടമുയര്‍ത്തിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് വെറും 65 റണ്‍സ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 69 പന്തും എട്ടു വിക്കറ്റും ബാക്കിയിരിക്കെ ലക്ഷ്യത്തിലെത്തി. 25 പന്തില്‍ 51 റണ്‍സുമായി പുറത്താകാതെ നിന്ന സ്മൃതി മന്ഥാനയാണ് ഇന്ത്യയ്ക്ക് ആധികാരിക വിജയം സമ്മാനിച്ചത്.

ഐശ്വര്യ ലക്ഷ്മി നായികയാകുന്ന പുതിയ സിനിമയാണ് ‘കുമാരി’. നിര്‍മല്‍ സഹദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിര്‍മല്‍ സഹദേവിനൊപ്പം ഫസല്‍ ഹമീദും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ‘കുമാരി’യിലെ ആദ്യ വീഡിയോ ഗാനം മന്ദാരപ്പൂവേ’ പുറത്തുവിട്ടിരിക്കുന്നു ഇപ്പോള്‍. ജേക്ക്സ് ബിജോയിയുടെ സംഗീതത്തില്‍ ജോ പോള്‍ രചിച്ച വരികള്‍ ആവണി മല്‍ഹാര്‍ പാടിയിരിക്കുന്നു. അബ്രഹാം ജോസഫാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ഒക്ടോബര്‍ 28നാണ് റിലീസ്.

സല്‍മാന്‍ ഖാന്‍ ആരാധകര്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്ന ചിത്രം ‘ടൈഗര്‍ 3’ റിലീസ് നീട്ടി. ഈദ് റിലീസ് ആയി അടുത്ത വര്‍ഷം ഏപ്രിലില്‍ എത്തുമെന്ന് പ്രഖ്യാപിച്ച ചിത്രം ആ സമയത്ത് എത്തില്ലെന്നാണ് നിര്‍മ്മാതാക്കളുടെ പുതിയ അറിയിപ്പ്. മറിച്ച് 2023 ദീപാവലിക്ക് ചിത്രം തിയറ്ററുകളില്‍ എത്തും. നവംബര്‍ രണ്ടാം വാരമാണ് അടുത്ത വര്‍ഷത്തെ ദീപാവലി. ആക്ഷന്‍ സ്പൈ ചിത്രങ്ങള്‍ അടങ്ങുന്ന യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്റെ ഭാഗമാണ് സല്‍മാന്‍ ഖാന്‍ നായകനാവുന്ന ടൈഗര്‍ ഫ്രാഞ്ചൈസി. അവിനാശ് സിംഗ് റാത്തോര്‍ എന്ന, റോയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സ്പൈ ഏജന്റ് ആണ് സല്‍മാന്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രം. കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ഏക് ഥാ ടൈഗര്‍ ആയിരുന്നു ഈ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം. 2014 ല്‍ പുറത്തെത്തിയ ടൈഗര്‍ സിന്താ ഹെ ആയിരുന്നു ഇതിന്റെ രണ്ടാം ഭാഗം. മൂന്നാം ഭാഗമായ ടൈഗര്‍ 3 സംവിധാനം മനീഷ് ശര്‍മ്മയാണ്. സോയ ഹുമൈനി എന്ന നായികാ കഥാപാത്രമായി കത്രീന കൈഫും ചിത്രത്തില്‍ ഉണ്ടാവും.

Back to top button
error: