കൊച്ചി: കേരളത്തെ ഞെട്ടിച്ച നരബലി കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ലോട്ടറി വില്‍പ്പന തൊഴിലാളികളും നിര്‍ധനരുമായ സ്ത്രീകള്‍ക്ക് പ്രതിഫലം വാഗ്ദാനം ചെയ്ത് നീലച്ചിത്രത്തില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് പെരുമ്പാവൂരുകാരനായ ഷാഫി തിരുവല്ലയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. നീലച്ചിത്രത്തില്‍ അഭിനയിച്ചാല്‍ പത്ത് ലക്ഷം രൂപ നല്‍കാമെന്നാണ് ഇവരോട് പറഞ്ഞത്.
തിരുവല്ലയിലെ വീട്ടിലെത്തിച്ച ശേഷം ഇവരെ കട്ടിലില്‍ കിടത്തി. കൈകാലുകള്‍ കട്ടിലില്‍ കെട്ടിവെച്ചു. സിനിമയുടെ ചിത്രീകരണം എന്ന് വിശ്വസിപ്പിച്ചാണ് ഇങ്ങനെ ചെയ്തത്. ഈ സമയത്ത് വൈദ്യന്‍ ഭഗവല്‍ സിംഗ് ചുറ്റിക കൊണ്ട് തലക്കടിച്ച് അര്‍ധ ബോധാവസ്ഥയിലേക്ക് മാറ്റി.
പിന്നീട് കട്ടിലില്‍ വെച്ച് തന്നെ കഴുത്തറുത്താണ് ഇരുവരെയും കൊലപ്പെടുത്തിയത്. ആദ്യം കഴുത്തറത്തത് ഭഗവല്‍ സിംഗിന്റെ ഭാര്യ ലൈലയാണെന്നാണ് വിവരം. സിദ്ധനായി കൊലപാതകം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നത് ഷാഫി എന്ന റഷീദായിരുന്നു. ഒരു രാത്രി മുഴുവന്‍ ഇരകളുടെ ശരീരത്തിലും രഹസ്യ ഭാഗത്തും മുറിവേല്‍പ്പിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത ശേഷമാണ് മൃതദേഹം കഷണങ്ങളാക്കി കുഴിച്ചുമൂടിയത്.
റോസ്ലിയെയാണ് ഷാഫി ആദ്യം തിരുവല്ലയിലേക്ക് കൊണ്ടുപോയത്. ഇവരെ നരബലി നടത്തിയ ശേഷം പൂജ വിജയിച്ചില്ലെന്ന് പറഞ്ഞ് ഭഗവല്‍സിംഗിനെയും ലൈലയെയും വിശ്വസിപ്പിച്ചു. ശാപം കാരണമാണ് പൂജ ഫലിക്കാതിരുന്നതെന്ന് പറഞ്ഞ ഷാഫി ഒരിക്കല്‍ കൂടി നരബലി നടത്തണമെന്ന് ആവശ്യപ്പെട്ടു. ഇയാള്‍ തന്നെയാണ് പിന്നീട് കൊച്ചിയില്‍ നിന്ന് പത്മയെ കൂട്ടിക്കൊണ്ടുവന്നത്. രണ്ട് പേരോടും നീലച്ചിത്രത്തില്‍ അഭിനയിപ്പിക്കാമെന്നാണ് പറഞ്ഞിരുന്നത്.
കൊല്ലപ്പെട്ട രണ്ട് സ്ത്രീകളും ലോട്ടറി തൊഴിലാളികളായിരുന്നു. 49 കാരിയായ റോസ്ലി തൃശ്ശൂര്‍ വടക്കാഞ്ചേരി സ്വദേശിയായിരുന്നു. ആറ് വര്‍ഷമായി സജി എന്നയാള്‍ക്കൊപ്പം കാലടിക്കടുത്ത് മറ്റൂരിലായിരുന്നു താമസം. യു.പിയില്‍ അധ്യാപികയായ മകള്‍ക്ക് ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതിനെ തുടര്‍ന്ന് സജിയോട് വിവരം തിരക്കിയപ്പോള്‍ കാണാനില്ലെന്നായിരുന്നു മറുപടി. പിന്നീട് കേരളത്തിലേക്ക് മടങ്ങിയ മകള്‍, ഓഗസ്റ്റ് 17 ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
തമിഴ്‌നാട്ടിലെ ധര്‍മ്മപുരി ജില്ലയിലെ പെണ്ണഗ്രാമം സ്വദേശിയായിരുന്നു 52 വയസുകാരിയായ പത്മ. ഇവര്‍ കടവന്ത്ര എളംകുളത്തായിരുന്നു താമസം. ഇവരെ കാണാതിരുന്നതോടെ സഹോദരി പളനിയമ്മ കടവന്ത്ര സ്റ്റേഷനില്‍ പരാതി നല്‍കി. പത്മയുടെ ഫോണ്‍ കോളുകളില്‍ നിന്നാണ് ഷാഫിയെ കുറിച്ച് വിവരം ലഭിച്ചത്. ഇവര്‍ തമ്മില്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഈ അന്വേഷണം ഇലന്തൂരിലേക്ക് എത്തുകയായിരുന്നു.