Breaking NewsNEWS

ഇലന്തൂര്‍ നരബലി: കുഴിച്ചിട്ട നിലയില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തി

പത്തനംതിട്ട: ഇലന്തൂരില്‍ നരബലിക്ക് വിധേയരായ സ്ത്രീകളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. പ്രതി ഭഗവല്‍ സിങ്ങിന്റെ ഇലന്തൂര്‍ മണപ്പുറത്തെ വീടിന്റെ പിന്നില്‍ നിന്നാണ് ശരീരവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വീടിനോട് ചേര്‍ന്ന് മരങ്ങള്‍ക്കിടയിലാണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടിരുന്നത്.

വീടിന്റെ വലതുഭാഗത്ത് മൃതദേഹങ്ങള്‍ കുഴിച്ചിട്ടതായാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് ഇവിടെ കുഴിച്ചപ്പോഴാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. മൃതദേഹത്തിന് മുകളില്‍ ഉപ്പു വിതറിയിരുന്നു. ലഭിച്ചത് പത്മത്തിന്റെ ശരീരാവശിഷ്ടങ്ങളാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഇതിനോട് ചേര്‍ന്നു തന്നെയാണ് റോസ്ലിയെയും കുഴിച്ചിട്ടതെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞിട്ടുള്ളത്.

Signature-ad

ആര്‍ഡിഒ അടക്കം നിരവധി പ്രധാന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് സ്ഥലം കുഴിച്ച് പരിശോധന നടത്തുന്നത്. കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങള്‍ ആരുടേതാണെന്ന് കണ്ടെത്തുന്നതിനായി ഡിഎന്‍എ പരിശോധന നടത്തുമെന്ന് പൊലീസ് സൂചിപ്പിച്ചു. കോട്ടയം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സംഘം ഡിഎന്‍എ പരിശോധനയ്ക്കായി സാംപിള്‍ ശേഖരിച്ചിട്ടുണ്ട്.

പ്രതികള്‍ കുറ്റം സമ്മതിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. വിവരിക്കാന്‍ പോലും കഴിയാത്ത തരത്തിലുള്ള അതിക്രൂരമായ കൊലപാതകങ്ങളാണ് പ്രതികള്‍ നടത്തിയത്. പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റ് മുഹമ്മദ് ഷാഫി എന്ന ഷിഹാബാണ് നരബലിയുടെ ആസൂത്രകനെന്നും പൊലീസ് സൂചിപ്പിച്ചു. ഫെയ്സ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ വഴിയാണ് റാഷിദ് എന്ന സിദ്ധനെന്ന പേരില്‍ മുഹമ്മദ് ഷാഫി, ഇലന്തൂരിലെ ദമ്പതികളെ വലയിലാക്കുന്നത്. കേസില്‍ മൂന്നു പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

Back to top button
error: