KeralaNEWS

രക്തസാക്ഷി ധീരജ് സ്മാരക മന്ദിരത്തിന് മുഖ്യമന്ത്രി ഇടുക്കിയിൽ തറക്കല്ലിട്ടു, കുടുംബസഹായനിധി കൈമാറി

രക്തസാക്ഷി ധീരജിന്റെ കുടുംബസഹായനിധി മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. ചെറുതോണിയില്‍ നിര്‍മിക്കുന്ന ധീരജ് സ്മാരക മന്ദിരത്തിന് മുഖ്യമന്ത്രി തറക്കല്ലിട്ടു. എല്ലാ മേഖലകളിലും മികവ് പുലര്‍ത്തിയ വിദ്യാര്‍ഥിയെയാണ് ക്രിമിനല്‍ സംഘം കൊലപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ധീരജിന്റെ രക്തസാക്ഷിത്വം നാടിനെ നടുക്കിയെന്നും മഅദ്ദേഹം  പ്രതികരിച്ചു.

രക്തസാക്ഷി ധീരജിൻ്റെ മാതാപിതാക്കളായ ജി.രാജേന്ദ്രൻ- പുഷ്പലത, സഹോദരൻ അദ്വൈത് എന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി.

Signature-ad

കോണ്‍ഗ്രസ് കൊലക്കത്തിക്ക് ഇരയായത് നിരവധി സഖാക്കളാണ്. കൊലപാതകികള്‍ക്ക് പശ്ചാത്താപം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. അപ്രതീക്ഷിത ആക്രമണങ്ങള്‍ നേരിടേണ്ടി വന്നവരാണ് കമ്യൂണിസ്റ്റുകാര്‍.
ക്യാമ്പസില്‍ ആയുധമെടുത്തുള്ള ആക്രമണത്തിന് തുടക്കമിട്ടത് കെ.എസ്‌.യുവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരെ കൊലചെയ്യുന്നതില്‍ ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസാണ് പദ്ധതികള്‍ തയ്യാറാക്കിയിരുന്നത്. ഒരുപാട് പേരങ്ങനെ കോണ്‍ഗ്രസിന്റെ കൊലക്കത്തിയ്ക്കിരയായെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ ക്യാമ്പസുകളില്‍ പൊലിഞ്ഞുപോയ വിദ്യാര്‍ഥി ജീവിതങ്ങളില്‍ മൂന്നിലൊന്ന് അപഹരിച്ചത് കോണ്‍ഗ്രസും കെഎസ്‌യുവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്യാമ്പസുകളില്‍ എസ്.എഫ്.ഐ ശക്തിപ്പെടുന്നത് പലർക്കും അസഹിഷ്ണുത സൃഷ്ടിക്കുന്നു. അത് നിരാശയും, പകയും, വിദ്വേഷവുമായി മാറിയതാണ് അരുംകൊലകള്‍ക്ക് കാരണം. അരുംകൊല നടത്തിയവരെ സംരക്ഷിക്കാന്‍ അഖിലേന്ത്യ നേതാവ് വരെ തയ്യാറാകുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റി സ്വരൂപിച്ച ഫണ്ടാണ് കൈമാറിയത്. ജില്ലാ സെക്രട്ടറി സി.വി വർഗീസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ.കെ ജയചന്ദ്രന്‍, എം.എം മണി എംഎല്‍എ, കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍, കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവന്‍, സംസ്ഥാന കമ്മിറ്റി അംഗം കെ പി മേരി, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ, പ്രസിഡന്റ് കെ അനുശ്രീ, ജില്ലാ സെക്രട്ടറി ടോണി കുര്യാക്കോസ്, പ്രസിഡന്റ് ലിനു ജോസ് എന്നിവര്‍ പങ്കെടുത്തു.
രക്തസാക്ഷി ധീരജ് സ്മാരക മന്ദിരത്തിൻ്റെ നിർമ്മാണ ചുമതല കട്ടപ്പന ‘ബിൽ ടെക്കി’നാണ്.

Back to top button
error: