കോഴിക്കോട്: ബാലുശ്ശേരി, കാക്കൂർ, താമരശ്ശേരി, അത്തോളി പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥിരം മയക്കുമരുന്ന് വിതരണ സംഘത്തിൽപെട്ട മൂന്നു പേരെ പൊലീസ് കയ്യോടെ പിടികൂടി. നിരവധി കേസുകളിൽ ഉൾപ്പെട്ട നന്മണ്ട താനോത്ത് കെ ബി അനന്തു (22), കണ്ണങ്കര പുല്ലുമലയിൽ ജാഫർ (26), താമരശ്ശേരി അമ്പായത്തോട് പുല്ലുമലയിൽ പി മിർഷാദ് (28) എന്നിവരാണ് എസ്റ്റേറ്റ്മുക്കിൽ പിടിയിലായത്.
കെ.എൽ ഏഴ് എ.എ 9888 നമ്പർ കാറിൽ മാരക മയക്കുമരുകൾ ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുകയായിരുന്ന ഇവരുടെ പക്കൽനിന്ന് 7.8ഗ്രാം എം.ഡി.എം.എ, 75 ഗ്രാം കഞ്ചാവ്, 13.20 ഗ്രാം ഹഷീഷ് ഓയിൽ, കഞ്ചാവ് വലിക്കാനുള്ള ഉപകരണങ്ങൾ, തൂക്കിക്കൊടുക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസ്, പ്ലാസ്റ്റിക് കവറുകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
മൂവരും ലഹരിമരുന്നു വിതരണ കേസുകളിൽ മുമ്പും പിടിക്കപ്പെട്ട് ജയിലിലായിട്ടുണ്ട് അടുത്തിടെ പുറത്തിറങ്ങിയവരാണ്.ജില്ലയിലെ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ളവരും പ്രധാന വിതരണക്കാരുമായ ഇവരെ വലയിലാക്കാൻ ബാലുശ്ശേരി പൊലീസ് ശ്രമിച്ചുവരുകയായിരുന്നു.
പൊലീസ് ഇൻസ്പെക്ടർ എം.കെ. സുരേഷ് കുമാറിന്റെ നിർദേശപ്രകാരം എസ്.ഐ റഫീഖ്, സി.പി.ഒമാരായ അശ്വിൻ, അരുൺരാജ്, ഡ്രൈവർ ബൈജു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്