ബെംഗ്‌ളൂറു: കോവിഡ് മഹാമാരി മൂലമുള്ള ഇടവേളയ്ക്ക് ശേഷം കര്‍ണാടകയുടെ ദേശീയ ഉത്സവമായ മൈസൂറു ദസറയ്ക്ക് തുടക്കമായി. രാവിലെ 9.45 നും 10.05 നും ഇടയില്‍ ചാമുണ്ഡേശ്വരി ദേവിക്ക് പൂജ നടത്തുന്ന പ്രധാന ഉത്സവം രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉദ്ഘാടനം ചെയ്തു. ഇതാദ്യമായാണ് രാഷ്ട്രപതി ദസറ ഉദ്ഘാടനം ചെയ്യുന്നത്.
നവരാത്രി ദിനങ്ങളില്‍ തുടങ്ങി വിജയദശമി നാളില്‍ അവസാനിക്കുന്നതാണ് 10 ദിവസത്തെ ഉത്സവം. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദസറ ആഘോഷം വിപുലമായി നടക്കുന്നത്. 34.5 കോടി രൂപയാണ് ചെലവിടുന്നത്. മൈസൂറു കൊട്ടാരത്തില്‍ യെദുവീര്‍ കൃഷ്ണദത്ത ചാമരാജ വൊഡയാറിന്റെ നേതൃത്വത്തിലാണിത്. ആഘോഷങ്ങള്‍ക്ക് പകിട്ടേകാന്‍ നഗരത്തില്‍ 124 കിലോമീറ്ററില്‍ ദീപാലങ്കാരം ഒരുക്കിയിട്ടുണ്ട്.
ഉത്സവ തിരക്ക് പ്രമാണിച്ച് ഒക്ടോബര്‍ അഞ്ചു വരെ നഗരത്തില്‍ ഗതാഗത-പാര്‍കിങ് നിയന്ത്രണം ഏര്‍പെടുത്തി. വൈകിട്ട് നാലുമുതല്‍ 11 വരെയാണ് നിയന്ത്രണം.