BusinessTRENDING

പാകിസ്ഥാന്‍ രൂപ തകര്‍ന്നടിഞ്ഞു; ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്

ദില്ലി: യുഎസ് ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി പാകിസ്ഥാൻ രൂപ. വിപണികളിൽ ഏറ്റവും മോശം പ്രകടനം ആണ് പാകിസ്ഥാൻ രൂപ ഇന്നലെ
നടത്തിയത്.  ഈ മാസം ഇതുവരെ ഏകദേശം 9  ശതമാനമാണ് രൂപ ഇടിഞ്ഞത്. സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാന്റെ (എസ്ബിപി) കണക്കുകൾ പ്രകാരം, ഇന്റർബാങ്ക് വിപണിയിൽ രൂപ മുൻ സെഷനിലെ 238.91 എന്ന നിലയിൽ നിന്ന് 239.65 ലേക്ക് ഇടിയുകയായിരുന്നു. 2022 ജൂലൈയിലാണ് ഇതിനു മുൻപ് പാകിസ്ഥാൻ രൂപ ഇത്രയും തകർന്ന നിലയിൽ ഉണ്ടായിരുന്നത്. ജൂലൈയിൽ ഡോളറിനെതിരെ രൂപ 239.94 എന്ന നിലവാരത്തിലായിരുന്നു.

പാകിസ്ഥാനിൽ ഉണ്ടായ കനത്ത വെള്ളപ്പൊക്കവും ഒപ്പം ഇറക്കുമതി നിരോധനം നീക്കിയതും വലിയ സമ്മർദ്ദം സൃഷ്ടിച്ചിട്ടുണ്ട്. നിലനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സൗഹൃദ രാജ്യങ്ങളിൽ നിന്നും ബഹുരാഷ്ട്ര, ഉഭയകക്ഷി സ്ഥാപനങ്ങളിൽ നിന്നും സഹായം തേടുകയാണ് രാജ്യം. വെള്ളപ്പൊക്കം 33 ദശലക്ഷം പാകിസ്ഥാനികളെ ബാധിച്ചു, ബില്യൺ കണക്കിന് ഡോളർ നാശനഷ്ടം ഉണ്ടായി. 1,500-ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു.

Signature-ad

പ്രതിസന്ധി തുടരുന്നതിനാൽ മറ്റൊരു ശ്രീലങ്കയായി പാകിസ്ഥാൻ മാറുകയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. മാത്രമല്ല, കടം നൽകിയ രാജ്യങ്ങളിൽ പാകിസ്ഥാൻ അതിന്റെ കടങ്ങൾ നിറവേറ്റില്ല എന്ന ആശങ്ക ഉണ്ടാകുന്നുണ്ട്. അന്താരാഷ്ട്ര നാണയ നിധിയുടെ പദ്ധതി പുനരാരംഭിക്കാനും സൗദി അറേബ്യയിൽ നിന്ന് 3 ബില്യൺ ഡോളർ കടം വാങ്ങാനും പാകിസ്ഥാന് സാധിച്ചിരുന്നു. എന്നാൽ അഭൂതപൂർവമായ വെള്ളപ്പൊക്കം എല്ലാം മാറ്റിമറിച്ചു എന്നുതന്നെ പറയാം. ഇത് സമ്പദ്‌വ്യവസ്ഥയ്ക്ക് കുറഞ്ഞത് 18 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടാക്കുകയും ചെയ്തു.

നാണയപ്പെരുപ്പം അഞ്ച് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ് ഉള്ളത്. ദിനപ്രതി ഇടിയുന്ന കറൻസി വില കാര്യങ്ങളെ കൂടുതൽ വഷളാക്കും. അതേസമയം, കഴിഞ്ഞ കുറച്ച് മാസങ്ങളായി, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ എന്നിവിടങ്ങളിൽ നിന്ന് മൊത്തം 9 ബില്യൺ ഡോളറിന്റെ നിക്ഷേപങ്ങളും വായ്പകളും പാകിസ്ഥാന് വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ ഡിസംബറിൽ നൽകേണ്ടിയിരുന്ന 3 ബില്യൺ ഡോളർ കടത്തിന്റെ കലാവധി സൗദി അറേബ്യ ഒരു വർഷത്തേക്ക് നീട്ടിയിട്ടുണ്ട്.

Back to top button
error: