19 ദിവസമാണ് യാത്ര കേരളത്തില്‍ ചെലവഴിക്കുന്നത്. സംസ്ഥാനത്ത് യു ഡി എഫിന്റെ കൈവശമുള്ള 19 ലോകസഭാ സീറ്റുകള്‍ വരുന്ന തിരഞ്ഞെടുപ്പിലും സംരക്ഷിച്ചു നിര്‍ത്തുക എന്ന കടുത്ത വെല്ലുവിളി മുന്നില്‍ കണ്ടാണ് ഇതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സീറ്റുകള്‍ തൂത്തുവാരാന്‍ ഇടയാക്കിയ സാഹചര്യങ്ങള്‍ ഇത്തവണയില്ലെന്നാണു പാര്‍ട്ടി വിലയിരുത്തുന്നത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ ജനവിധി തേടാന്‍ എത്തിയത് കഴിഞ്ഞ തവണ കേരളത്തില്‍ യു ഡി എഫ് തരംഗം ആഞ്ഞടിക്കാന്‍ വഴിയൊരുക്കിയിരുന്നു. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവുമെന്ന വിശ്വാസം മതേതര വോട്ടുകള്‍ കോണ്‍ഗ്രസ്സിനനുകൂലമായി ഏകീകരിക്കാന്‍ വഴിയൊരുക്കി. എന്നാല്‍ ഇത്തവണ ആ അന്തരീക്ഷം ആവര്‍ത്തിക്കാന്‍ കഴിയുമെന്നു കോണ്‍ഗ്രസ് കരുതുന്നില്ല.
അതിനാല്‍ തന്നെ രാഹുല്‍ പ്രഭാവം പരമാവധി കേരളത്തില്‍ അടുത്ത തിരഞ്ഞെടുപ്പിലും പ്രയോജനപ്പെടുത്തുക എന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യം. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പല്ല യാത്രയുടെ ലക്ഷ്യമെന്നും പാര്‍ട്ടി അണികള്‍ക്കിടയില്‍ നഷ്ടമായ ആത്മവിശ്വാസവും പ്രതിഛായയും ദേശീയ തലത്തില്‍ വീണ്ടെടുക്കുകയാണു ലക്ഷ്യമെന്നും നേതാക്കള്‍ പറയുന്നുണ്ട്. ദേശീയ തലത്തില്‍ ആദ്യമായി ഇത്തരത്തിലൊരു പദയാത്ര നടത്തുന്നത് ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള ശ്രമമാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.അതേസമയം മറ്റ് സംസ്ഥാനങ്ങളിലൊന്നും പ്രതീക്ഷയ്ക്ക് വകയില്ലാത്ത കോൺഗ്രസ് കേരളത്തിലെ നേതാക്കന്മാരെ ഒന്നിപ്പിക്കാനുള്ള യാത്രയാണിതെന്നും വാദമുണ്ട്.
ഭാരത് ജോഡോ യാത്രയുടെ വഴികള്‍ വിചിത്രമാണെന്ന ആരോപണവുമായി സി പി എം നേരത്തെ തന്നെ രംഗത്തുവന്നിരുന്നു. കന്യാകുമാരിയില്‍ നിന്ന് തുടങ്ങി കശ്മീരില്‍ അവസാനിക്കുന്ന യാത്ര ഈ മാസം 29 വരെ ആകെ 19 ദിവസമാണ് കേരളത്തില്‍ ചെലവഴിക്കുന്നത്. കേരളത്തില്‍ 19 ദിവസവും ബിജെ പി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ രണ്ടുദിവസവും മാത്രം ചെലവിടുന്ന യാത്രയെ പരിഹസിച്ചുകൊണ്ടുള്ള പ്രതികരണങ്ങള്‍ പല കോണുകളിൽ നിന്നും വന്‍തോതില്‍ ഉയരുന്നുമുണ്ട്.
ആര് എസ് എസിനും ബി ജെ പിക്കും എതിരായ പോരാട്ടം ലക്ഷ്യമിടുന്ന യാത്ര കൂടുതലും കടന്നുപോകുന്നത് ബി ജെ പി ഇതര സംസ്ഥാനങ്ങളിലൂടെയാണെന്നും ഗുജറാത്തില്‍ യാത്ര എത്തുന്നില്ലെന്നും സി പി എം വിമര്‍ശം ഉയര്‍ത്തുന്നു.