കോഴി വറുത്തത്
നാവില്‍ വെള്ളമൂറുന്ന വിഭവമാണെങ്കിലും കോഴി വറുത്തത് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നത്തെ
പ്പറ്റി ഉത്തമ ബോധ്യമുണ്ടാവണം. കോഴി ആരോഗ്യപ്രദമാണ്. എന്നാല്‍ വറുത്തതും പൊരിച്ചതുമായ കോഴിയിറച്ചി വിഭവങ്ങള്‍ നമ്മുടെ ശരീരത്തെ പ്രതികൂലമായി ബാധിക്കും. 726 കലോറിയാണ് കോഴിവറുത്തതില്‍ ഉള്ളത്. അത് ശരീരത്തിലെത്തിയാല്‍ പിന്നെ എരിച്ചുകളയാൻ വേണ്ടത് ജിമ്മില്‍ നിര്‍ത്താതെ രണ്ടുമണിക്കൂര്‍ വ്യായാമമാണ്. …
ഒരു വലിയ പായ്ക്കറ്റ് ഫ്രഞ്ച് ഫ്രൈയില്‍ 460 കലോറി ഊര്‍ജമാണ് അടങ്ങിയിരിക്കുന്നത്. അകത്താക്കിക്കഴിഞ്ഞാല്‍ എരിച്ചുകളയാന്‍ 40 മിനിറ്റു മുതല്‍ ഒരു മണിക്കൂര്‍ കഠിന വ്യായാമം വേണ്ടിവരും….
കൊക്കോകോള, പെപ്‌സി തുടങ്ങി വിദേശികളും സ്വദേശികളുമായി ഒരു പറ്റം ശീതള പാനീയങ്ങള്‍ വിപണി അടക്കി വാഴുന്നുണ്ട്. കൗമാരക്കാര്‍ ഒരു സ്റ്റാറ്റസ് പോലെയാണ് ഇതിന്റെ അടിമകളായിരിക്കുന്നത്. ഒരു ഗ്ലാസ് തണുത്ത ശീതളപാനീയത്തില്‍ 140 കലോറി ഊര്‍ജമാണ് അടങ്ങിയിരിക്കുന്നതെന്ന് അറിയണം.
ഒരു ചെറിയ കഷണം പിസ്സയില്‍ 290 കലോറിയാണ് അടങ്ങിയിരിക്കുന്നത്. വിദേശി കഴിക്കുന്നത് കണ്ടു കഴിക്കേണ്ട. അവന്റെ ഒരു ദിവസത്തെ ഭക്ഷണമാകും അത്. നമ്മള്‍ പിസ്സയ്ക്കു പുറമേ വേറെ എന്തെല്ലാം അകത്താക്കുന്നുണ്ട്.
പല വര്‍ണങ്ങളിലും രുചികളിലും ആകൃതിയിലും മണത്തിലും ലഭിക്കുന്ന കേക്കുകള്‍ ഒരേസമയം നമ്മുടെ പഞ്ചേന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കാന്‍ പോന്നതാണ്. ഒരു ഇടത്തരം കഷണം കേക്കില്‍ 312 കലോറിയാണ് അടങ്ങിയിരിക്കുന്നത്.
മൊരിഞ്ഞ ചിക്കന്‍ കഷണങ്ങളും ചീസും ചേര്‍ന്ന ബര്‍ഗര്‍ കണ്ടാല്‍ കൈവയ്ക്കാത്തവരില്ല. ഒരു ചീസ് ബര്‍ഗറില്‍ 490 കലോറിയാണ് അടങ്ങിയിരിക്കുന്നത്.
അമ്പത് കൊല്ലം മുമ്പ് കേരളത്തില്‍ 60 ശതമാനം പേരും കൃഷിപ്പണിയിലും മറ്റു കായിക ജോലികളിലും ഏര്‍പ്പെട്ടിരുന്നു.ഇന്നെല്ലാവരും കമ്പ്യൂട്ടറിലേക്കും ഇന്റര്‍നെറ്റിലേക്കും മാറി.അതോടെ വ്യായാമം ഇല്ലാതാകുകയും ചെയ്തു. അന്ന് കുട്ടികളെല്ലാം സ്‌കൂളില്‍ പോയിരുന്നത് നടന്നിട്ടായിരുന്നു. രാവിലെയും വൈകുന്നേരവും (പലപ്പോഴും ഉച്ചക്കും) നടന്നു സ്‌കൂളില്‍ പോയിരുന്ന കുട്ടികള്‍ക്ക് പിന്നീട് വ്യായാമം ചെയ്യാന്‍ ജിമ്മിലൊന്നും പോകേണ്ടതില്ലെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഇതിലും പരിതാപകരമാണ് വീട്ടിലെ സ്ത്രീകളുടെ സ്ഥിതി. ഒരു മുപ്പത് കൊല്ലം മുമ്പ് വരെ വീടുകളില്‍ അമ്മിയും ആട്ടുകല്ലും ഉരലും ഉലക്കയും ഉണ്ടായിരുന്നു. ഇന്ന് അതിന്റെ സ്ഥാനം മിക്‌സിയും മറ്റു ഇലക്‌ട്രോണിക് ഉപകരണങ്ങളും ഏറ്റെടുത്തു. തുണികള്‍ അലക്കുന്നത് അലക്കുയന്ത്രത്തിലായി. അടിച്ചുവാരാനും മറ്റും യന്ത്രങ്ങളായി. അരി ഇടിക്കുന്നില്ല. എല്ലാം ഫ്‌ളോര്‍ മില്ലുകളിലേക്ക് കൊണ്ടുപോകും. അവിടെ യന്ത്രം കുത്തും. യന്ത്രം വറുക്കും. വെള്ളം കോരുന്നില്ല. പൈപ്പ് തിരിച്ചാല്‍ മതി. ചുരുക്കത്തില്‍ എങ്ങനെ വിചാരിച്ചാലും ഒരു വീട്ടമ്മക്ക്.തനിക്ക് വേണ്ട വ്യായാമങ്ങള്‍ ചെയ്യണമെങ്കില്‍ ജിമ്മില്‍ പോയേ തീരൂ എന്ന സ്ഥിതിയായിത്തീര്‍ന്നിരിക്കുന്നു.
വീട്ടില്‍ എല്ലാവരും ജിമ്മില്‍ പോയി വ്യായാമം ചെയ്യേണ്ട ഒരു സ്ഥിതിവിശേഷത്തിലേക്കാണ് നാം നീങ്ങിക്കൊണ്ടിരിക്കുന്നത്. അല്ലെങ്കില്‍ അമേരിക്കയിലെ പോലെ എല്ലാവരും വീട്ടില്‍ ഒരു ജിം സ്ഥാപിക്കേണ്ടിവരും. ഇതു രണ്ടും നടപ്പിലാക്കാത്തതു കൊണ്ടാണ് കേരളത്തില്‍ ഇത്രയധികം പൊണ്ണത്തടിയന്മാരും കുടവയറന്മാരും (ഇതിലെ സ്ത്രീ വിഭാഗവും) ഉണ്ടായത്. ഇന്ന് പൊണ്ണത്തടിയും കുടവയറും കുറക്കാന്‍ ശസ്ത്രക്രിയകള്‍ വരെ ചെയ്യാന്‍ തയ്യാറായി വരുന്നവരുടെ എണ്ണം നമ്മെ അത്ഭുതപ്പെടുത്തും. ഈ പ്രവണത തുടരാന്‍ അനുവദിച്ചാല്‍ കേരളം ഒരു തലമുറ കൂടി കഴിയുമ്പോഴേക്ക് ലോകത്തിലെ തന്നെ ഏറ്റവും വലിയ പൊണ്ണത്തടിയന്മാരുടെയും പ്രമേഹ രോഗികളുടെയും തലസ്ഥാനമായിത്തീര്‍ന്നേക്കാം.
ശ്രദ്ധിക്കേണ്ടത്
∙ പ്രഭാതഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കരുത്. ഏറ്റവും നന്നായി സമയമെടുത്തു തന്നെ കഴിക്കുന്നു എന്ന് ഉറപ്പാക്കുക.
∙ വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണമാണ് ഏറ്റവും നല്ലത്. സ്കൂളിലേക്കു കൊടുത്തു വിടുന്നതും ഇതുമതി.
∙ ആവിയിൽ പാകം ചെയ്ത (എണ്ണചേരാത്ത) ഇഡ്ഡലിയും പുട്ടുമെല്ലാം ഏറെ ഉത്തമമാണ്. ഇവയിൽ നിന്നു ശരീരത്തിനാവശ്യമായ ഊർജം മാത്രമല്ല, പോഷകങ്ങളും ധാതുക്കളുമെല്ലാം യഥേഷ്ടം കിട്ടും.
∙ നാരുകൾ ഏറെയുള്ള പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും കൂടുതലായി ഉൾപ്പെടുത്തിയ ഭക്ഷണങ്ങളാണു കുട്ടികളെ കഴിപ്പിച്ചു ശീലിപ്പിക്കേണ്ടത്. കൊഴുപ്പ് ഏറെയുള്ള മാംസഭക്ഷണം മിതമായി മതി. പ്രത്യേകിച്ചു വറുത്തതും പൊരിച്ചതുമായവ.
∙ ഹോട്ടലുകളിൽ നിന്നും മറ്റുമുള്ള ഭക്ഷണം ശീലമാക്കാതിരിക്കുക. ഫാസ്റ്റ് ഫുഡിനും പാനീയങ്ങൾക്കും കുട്ടികൾ അടിമപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക.
ഉച്ചഭക്ഷണവും രാത്രിഭക്ഷണവും മിതമായി മതി. അതും രാത്രി എട്ടിനു മുൻപു തന്നെ കഴിക്കുക. ആഹാരം കഴിച്ചു രണ്ടു മണിക്കൂറെങ്കിലും കഴിഞ്ഞു മാത്രമേ ഉറക്കം പാടുള്ളൂ. ഇല്ലെങ്കിൽ ദഹനത്തെ ബാധിക്കും.
ദിവസവും കുറഞ്ഞത് ആറ്-എട്ട് ഗ്ലാസ് വെള്ളം കുട്ടികൾ കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.