‘ഫ്ലവേഴ്‌സ്’ ചാനലിൽ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന പരിപാടിയില്‍ നടത്തിയ കോമഡി പരാമര്‍ശത്തിന്റെ പേരില്‍ നടന്‍ സുരാജ് വെഞ്ഞാറമ്മൂടിനെതിരേ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് പോലീസില്‍ പരാതി.
പത്തനംതിട്ട ബാറിലെ അഭിഭാഷകന്‍ എന്‍. മഹേഷ്‌റാമാണ് പരാതിക്കാരന്‍.
ഫ്ലവേഴ്‌സ് ചാനലിലെ കോമഡി ഉത്സവം പരിപാടിയില്‍ അവതാരകയായ അശ്വതി ശ്രീകാന്ത് കൈയില്‍ നിരവധി ചരടുകള്‍ കെട്ടിയിരിക്കുന്നത് കണ്ട് ശരംകുത്തിയാലില്‍ പോലും ഇത്രയധികം ചരട് കാണില്ലല്ലോ എന്ന് സുരാജ് പറഞ്ഞത് ഹിന്ദുമത വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നു എന്നാണ് പരാതിയില്‍ പറയുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന പരിപാടിയുടെ ഒരു ഭാഗം സാമൂഹിക മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസമാണ് വൈറല്‍ ആയത്. അടുത്തകാലത്തു വന്ന പരിപാടിയാണിതെന്ന് കരുതിയാണ് ഇത് പ്രചരിച്ചത്. ഇതോടെ സുരാജിനെതിരേ സൈബര്‍ ആക്രമണം ആരംഭിച്ചു. സംഘപരിവാര്‍ ഗ്രൂപ്പുകള്‍ നടനെ അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ കൊണ്ടാടി. ഇതിനിടെയാണ് പോലീസില്‍ പരാതി ചെന്നിരിക്കുന്നത്.
നടൻ സുരാജ് വെഞ്ഞാറമ്മൂട്, പ്രോഗ്രാം എഡിറ്റര്‍, ചീഫ് എഡിറ്റര്‍ എന്നിവരെ ഒന്നു മുതല്‍ മൂന്നു വരെ പ്രതികളാക്കിയാണ് പരാതി. ഹിന്ദുസമൂഹം വളരെ പവിത്രമായി കാണുന്ന ഒന്നാണ് ശബരിമലയും ശരംകുത്തിയാലും. ഇതിനെ മനഃപൂര്‍വം മോശമായി ചിത്രീകരിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഐ.പി.സി 295 എ പ്രകാരമുള്ള കുറ്റമാണ് സുരാജിന്റെ ഭാഗത്തു നിന്നും വന്നിരിക്കുന്നത്. അവതാരക അശ്വതി ശ്രീകാന്ത് കൈയില്‍ ചരട് കെട്ടിയിരിക്കുന്നതിനെ സുരാജ് കളിയാക്കുകയാണ്. ചിലര്‍ ആലിലൊക്കെ അനാവശ്യമായി ചരട് കെട്ടിവച്ചിരിക്കുന്നതു പോലെ, ശരംകുത്തിയാലിന്റെ ഫ്രണ്ടില്‍ ചെന്ന് നോക്കിയാല്‍ പല കെട്ടുകളും കാണാം. അതു പോലെ കെട്ടിവച്ചിരിക്കുന്നു. വളരെ മോശമല്ലേ ഇതൊക്കെ എന്ന സുരാജിന്റെ പരാമര്‍ശം ഹിന്ദു സമൂഹത്തെ അവഹേളിക്കുന്നതാണ് എന്ന് പരാതിയിലുണ്ട്.