KeralaNEWS

ഐഎൻഎസ് ദ്രോണാചാര്യയിൽ പൊലീസ് പരിശോധന

കൊച്ചി : കടലിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവവുമായി ബന്ധപ്പെട്ട്, ഫോർട്ടുകൊച്ചിയിലെ ഐഎൻഎസ് ദ്രോണാചാര്യയിൽ പൊലീസ് പരിശോധന. ബാലിസ്റ്റിക് വിദഗ്ധരുടെ സഹായത്തോടെയാണ് നാവിക പരിശീലന കേന്ദ്രത്തിൽ പരിശോധിക്കുന്നത്. ബോട്ടിൽ നിന്ന് കണ്ടെടുത്ത വെടിയുണ്ട നേവിയിലെ തോക്കുകളിൽ ഉപയോഗിക്കുന്നതാണോയെന്നാണ് കണ്ടെത്താൻ ശ്രമിക്കുന്നത്. നാവിക പരിശിലീന കേന്ദ്രത്തോട് ചേർന്നുളള കടൽഭാഗത്തും പൊലീസ് പരിശോധന നടത്തി.

ഫോർട്ടുകൊച്ചി തീരത്തുനിന്ന് ഒന്നര കിലോമീറ്റർ മാറി ക‍ടലിൽവെച്ച് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. തങ്ങളുടെ തോക്കുകളിലെ വെടിയുണ്ടയല്ലെന്നാണ് നാവികസേനയുടെ വിശദീകരണം. വെടിയുതിർത്തത് തങ്ങളല്ലെന്നും ബോട്ടിൽ കണ്ടെത്തിയ ബുളളറ്റ് സൈനികർ ഉപയോഗിക്കുന്നതല്ലെന്നും നാവികസേന അറിയിച്ചിരുന്നു.

Signature-ad

എന്നാലിത് വിശ്വാസത്തിലെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ കടൽ ഭാഗത്ത് പൊലീസ് പരിശോധന നടത്തി. നാവിക കേന്ദ്രത്തിൽ ഫയറിങ് പരിശീലനം നടത്തുന്ന പരിധിക്കുളളിൽവെച്ചുതന്നെയാണ് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റതെന്നാണ് നിഗമനം. ഇതേത്തുടർന്ന് നേരത്തെ രണ്ട് തവണ തീരദേശ പൊലീസ് ഫോർട്ടുകൊച്ചിയിലെ ഐ എൻ എസ് ദ്രോണാചാര്യയിലെത്തി പരിശോധന നടത്തിയിരുന്നു. മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സമയം  ഇവിടെ പരിശീലനം നടന്നിരുന്നതായി വ്യക്തമായിട്ടുണ്ട്.

Back to top button
error: