രണ്ട് ദിവസം മുമ്പാണ് ദാരുണമായ ആ കൊലപാതകം നടന്നത്. ഡൽഹിയിലെ ഒരു ധനകാര്യ സ്ഥാപനത്തില്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഓഫീസില്‍ മറ്റാരുമില്ലാത്ത സമയത്ത് അവിടെയെത്തിയ കൊലയാളി സംഘം യുവതിയുടെ കഴുത്തറുത്തു കൊല്ലുകയായിരുന്നു. സ്ഥാപനത്തിന്റെ ഉടമയായ ഗാസിയബാദ് സ്വദേശി അനുജ് ആണ് കൊല നടന്ന വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്.
കൊല്ലപ്പെട്ട യുവതിയുമായി പ്രണയത്തിലായിരുന്ന സ്ഥാപന ഉടമ അനുജ് തന്നെയാണ് വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊല നടത്തിയത് എന്നാണ് പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് മുഖ്യ പ്രതിയായ അനുജും വാടകക്കൊലയാളികളും അതിനു സഹായിച്ച അതേ സ്ഥാപനത്തിലെ ഒരു ജീവനക്കാരനും പൊലീസ് പിടിയിലായി.
വടക്കു പടിഞ്ഞാറന്‍ ദില്ലിയിലെ ആസാദ്പൂരിലാണ് സംഭവം നടന്നത്. 23കാരിയായ ജീവനക്കാരിയാണ് ഓഫീസിനകത്തുവെച്ച്, വൈകിട്ട് ആറരയോടെ ദാരുണമായി കൊല്ലപ്പെട്ടത്. ബല്‍സ്വാ ദയിരി നിവാസിയായ യുവതി ഈ സ്ഥാപനത്തില്‍ ടെലികോളറായി ജോലി ചെയ്യുകയായിരുന്നു. ഇവരുമായി പ്രണയത്തിലായിരുന്നു സ്ഥാപന ഉടമയായ അനുജ്. ഭാര്യയും മകനുമൊത്ത് ഗാസിയാബാദിലെ അങ്കൂര്‍ വിഹാറില്‍ താമസിക്കുന്ന അനുജ് മൂന്നര വര്‍ഷമായി തുടരുന്ന പ്രണയത്തിന് വിരാമമിടാനാണ് വാടക കൊലയാളികളെ ഏര്‍പ്പാടാക്കിയത്.
കൊല്ലപ്പെട്ട യുവതിയുടെ പഴ്സാണ് കേസില്‍ വഴിത്തിരിവായതെന്നാണ് നോര്‍ത്ത് വെസ്റ്റ് ഡി സി പി ഉഷ രംഗ്നാനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. കൊലപാതകം നടന്നതിനു ശേഷം പൊലീസ് സ്ഥാപന ഉടമ അടക്കമുള്ളവരെ ചോദ്യം ചെയ്തിരുന്നു. കൊല്ലപ്പെട്ട യുവതിയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ നാലഞ്ച് പേരുടെ ബഹളം കേട്ടിരുന്നുവെന്നും അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ യുവതിയുടെ അലര്‍ച്ച കേട്ടതായുമാണ് അനുജ് പൊലീസിന് മൊഴി നല്‍കിയത്.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ പഴ്സ് കണ്ടെത്തിയത്. അതില്‍ ഒരു താലിയും അനുജിന്റെ ഫോട്ടോയും ഉണ്ടായിരുന്നു. ഇതാണ് പൊലീസിന് സംശയം ഉണ്ടാക്കിയത്. തുടര്‍ന്ന് പൊലീസ് വീണ്ടും അനുജിനെ ചോദ്യം ചെയ്തു. അതോടെ അയാള്‍ സത്യം തുറന്നുപറയുകയായിരുന്നു.