PravasiTRENDING

പ്രവാസികള്‍ക്ക് പൂട്ടിപ്പോയ കമ്പനികളില്‍ നിന്നും വ്യാജ കമ്പനികളില്‍ നിന്നും ഇഖാമ മാറ്റാന്‍ അവസരം

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികള്‍ക്ക് പൂട്ടിപ്പോയ കമ്പനികളില്‍ നിന്നും വ്യാജ കമ്പനികളില്‍ നിന്നും തങ്ങളുടെ ഇഖാമ മാറ്റാന്‍ അവസരമൊരുങ്ങുന്നു. രാജ്യത്തെ മാന്‍പവര്‍ പബ്ലിക് അതോറിറ്റിയാണ് ഇതിനുള്ള അവസരം നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാജ കമ്പനികള്‍ക്കെതിരെ പരാതികള്‍ സമര്‍പ്പിക്കപ്പെടുകയും കമ്പനികളുടെ പേരില്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്‍ത ശേഷമായിരിക്കും ഇഖാമ മാറ്റത്തിന് അനുമതി നല്‍കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

തൊഴില്‍ തട്ടിപ്പിനിരയായി കുവൈത്തില്‍ എത്തിയ നൂറുകണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമായിരിക്കും കുവൈത്ത് മാന്‍പവര്‍ പബ്ലിക് അതോറിറ്റിയുടെ പുതിയ തീരുമാനം. ജോലി വാഗ്ദാനം ചെയ്‍ത് പ്രവാസികളെ സ്വന്തം നാടുകളില്‍ നിന്ന് കുവൈത്തില്‍ എത്തിക്കുകയും, ഇവര്‍ രാജ്യത്ത് പ്രവേശിക്കുന്നതിന് തൊട്ടുപിന്നാലെ സര്‍ക്കാര്‍ വകുപ്പുകളിലെ ഫയലുകള്‍ കമ്പനി ഉടമകള്‍ ക്ലോസ് ചെയ്യുകയും ചെയ്‍ത് കബളിപ്പിക്കപ്പെട്ടവര്‍ നിരവധിപ്പേരുണ്ട്. സ്വന്തം കുറ്റം കൊണ്ടല്ലാതെ രാജ്യത്ത് കുടുങ്ങിപ്പോയ ഇത്തരം പ്രവാസികള്‍ക്ക് ആശ്വാസമായിരിക്കും പുതിയ തീരുമാനമെന്നാണ് വിലയിരുത്തല്‍.

Signature-ad

കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ ലക്ഷ്യമിട്ട് നടത്തുന്ന പരിശോധനകള്‍ തുടരുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് അഹ്‍മദി ഗവര്‍ണറേറ്റ് കേന്ദ്രീകരിച്ച് നടത്തിയ റെയ്‍ഡുകളില്‍ 48 പ്രവാസികള്‍ അറസ്റ്റിലായതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. വേശ്യാവൃത്തിയിലേര്‍പ്പെട്ട എട്ട് പ്രവാസികളെ ഇന്ന് അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. അറസ്റ്റിലായവര്‍ക്കെതിരായ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം വേശ്യാവൃത്തിയിലേര്‍പ്പെട്ട 20 പ്രവാസികളെ പരിശോധനകളില്‍ പിടികൂടിയിരുന്നു. ഫര്‍വാനിയ, അഹ്‍മദി ഗവര്‍ണറേറ്റുകളിലെ വ്യത്യസ്‍ത സ്ഥലങ്ങളില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്‍തത്. 14 സ്‍ത്രീകളും ആറ് പുരുഷന്മാരുമാണ് കസ്റ്റഡിയിലുള്ളതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവര്‍ക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണ്. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി എല്ലാവരെയും ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്.

Back to top button
error: