CrimeNEWS

മൈക്രോഫിനാൻസ് തട്ടിപ്പ്:’അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റരുത് ‘ ഹൈക്കോടതി

കൊച്ചി: വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവർക്കെതിരായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റരുതെന്ന് ഹൈക്കോടതി. നിശ്ചിത ഇടവേളകളിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഇടക്കാല ഉത്തരവിൽ നിർദേശം നൽകി. അന്വേഷണത്തിലെ അപാകത ചൂണ്ടിക്കാട്ടി എം.എസ്.അനിൽ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് കെ.ബാബുവിന്റെ ഉത്തരവ്.

കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നുമാസം കൂടി സമയം വേണമെന്ന് വിജിലൻസ് കോടതിയിൽ ആവശ്യപ്പെട്ടു. തട്ടിപ്പുമായി ബന്ധപ്പെട്ട ഇടപാടുകൾ സംസ്ഥാനം മുഴുവൻ വ്യാപിച്ചു കിടക്കുകയാണ്.ഇതുവരെ നടന്ന അന്വേഷണത്തിന്‍റെ റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥൻ മുദ്രവച്ച കവറിൽ കോടതിക്ക് കൈമാറി.മൈക്രോ ഫിനാൻസ് സംഘങ്ങൾക്ക് വിതരണം ചെയ്യാൻ പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്ന് എടുത്ത് 15 കോടി രൂപയിൽ ക്രമക്കേട് നടന്നെന്നാണ് പരാതി.

എസ് എൻ ഡി പി യോഗത്തിന്‍റെ മൈക്രോ ഫിനാന്‍സ് തട്ടിപ്പിനിരയായവര്‍ക്ക് ജപ്തി നോട്ടീസ്. ചെങ്ങന്നൂര്‍ യൂണിയന് കീഴില്‍ തട്ടിപ്പിനിരയായ കുടുംബങ്ങള്‍ക്കാണ് പത്ത് ദിവസത്തിനകം കുടിശിക അടക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിരിക്കുന്നത്. റവന്യൂ റിക്കവറി നടപടികൾ തുടങ്ങിയതോടെ മക്കള്‍ക്ക് വേണ്ടി വിദ്യാഭ്യാസ വായപ് പോലും എടുക്കാന്‍ കഴിയാതെ ദുരിതത്തിലാണ് തട്ടിപ്പിനിരയായ സ്ത്രീകള്‍

ചെങ്ങന്നൂര്‍ പെരിങ്ങാലിപ്പുറത്തെ വീട്ടമ്മയാണ് ഉഷ.തൊഴിലുറപ്പ് ജോലി. 2014 ല്‍ എസ്എൻഡിപിയുടെ മൈക്രോഫൈനാന്‍സ് തട്ടിപ്പിന് ഉഷ അംഗമായ യൂണിറ്റും ഇരയായി. വായ്പയെടുത്തത് ഏഴ് ലക്ഷം രൂപ. എസ് എൻ ഡി പി യോഗത്തിന്‍റെ നിർദേശപ്രകാരം രണ്ടു വർഷത്തിനുള്ളില്‍ വായ്പാ തുക മുഴുവൻ ചെങ്ങന്നൂർ യൂണിയന്‍ ഓഫീസിൽ അടച്ചതാണ്. പക്ഷെ 2017ല്‍ ബാങ്കില്‍ നിന്ന് നോട്ടീസ് വന്നപ്പോഴാണ് വായ്പയുടെ പത്ത് ശതമാനം പോലും ബാങ്കിലടക്കാതെ യൂണിയന്‍ നേതാക്കള്‍ തട്ടിയെടുത്തതായി മനസ്സിലായത്. കേസില്‍ ക്രൈബ്രാഞ്ച് അന്വേഷണം നടക്കവേയാണ് ഇപ്പോള്‍ ചെങ്ങന്നൂര്‍ താലൂക്ക് ഓഫീസില്‍ നിന്ന് ജപ്തി നോട്ടീസ്.

റവന്യൂ റിക്കവറി നോട്ടീസ് ലഭിച്ചതിനാല്‍ എംഎസ് സി നഴ്സിംഗിന് പ്രവേശനം നേടിയ മകൾക്കായി വിദ്യാഭ്യാസ വായ്പ പോലും എടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഉഷ. ചെങ്ങന്നൂര്‍ യൂണിയനിൽ മാത്രം നടന്നത് അഞ്ചരക്കോടി രൂപയുടെ തട്ടിപ്പ്. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഒന്നാംപ്രതിയായാണ് കേസ്.വായ്പയെടുത്തവർ ദുരിതം അനുഭവിക്കുമ്പോൾ യോഗനേതൃത്വവും കൈയൊഴിഞ്ഞെന്ന് ഇവര്‍പറയുന്നു

Back to top button
error: