ന്യൂഡൽഹി: ആഡംബര വീടുകളിൽ മോഷണം നടത്തുന്ന ഡൽഹിയിലെ ‘കായംകുളം കൊച്ചുണ്ണി’ അറസ്റ്റിൽ. ധനികർ താമസിക്കുന്ന സ്ഥലങ്ങളിലെ വീടുകളിൽ മോഷണം നടത്തുന്ന ലംബു എന്നറിയപ്പെടുന്ന വസീം അക്രം (27) ആണ് പിടിയിലായത്. ഇരുപത്തിയഞ്ചോളം വരുന്ന കൊള്ളസംഘത്തിന്റെ േനതാവാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
മോഷ്ടിക്കുന്ന തുകയിൽനിന്ന് ഒരു ഭാഗം പാവപ്പെട്ടവർക്ക് നൽകുന്നതിനാൽ ഇയാൾക്ക് നിരവധി ആരാധകരും അനുയായികളുമുണ്ട്. അതിനാൽ, പൊലീസ് വരികയാണെങ്കിൽ വിവരം ഇയാൾക്ക് വളരെ എളുപ്പത്തിൽ ലഭിച്ചിരുന്നു. മോഷണത്തിനുശേഷം പല സംസ്ഥാനങ്ങളിലായി ഒളിവിൽ കഴിയുകയാണ് രീതി. കൊലപാതകശ്രമം, കവർച്ച, ലൈംഗികപീഡനം തുടങ്ങി 160 കേസുകളിൽ ഇയാൾ പ്രതിയാണ്.
വസീമിനെ പിടികൂടാനായി ഇൻസ്പെക്ടർ ശിവ് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചു. നാല് മാസത്തെ അന്വേഷണത്തിനൊടുവിലാണ് പിടികൂടാനായത്. ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് വസീമിനെ കസ്റ്റഡിയിലെടുത്തത്. തോക്കും വെടിയുണ്ടകളും ഇയാളിൽനിന്നു പിടിച്ചെടുത്തെന്നും പൊലീസ് അറിയിച്ചു.