IndiaNEWS

പഠനം തുടരാം, നിയന്ത്രണങ്ങൾ പിൻവലിച്ച് ചൈന; ഇന്ത്യൻ വിദ്യാർഥികൾക്ക് മടങ്ങിച്ചെല്ലാം

ബെയ്ജിങ്: ചൈനയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് പഠനം തുടരുന്നതിനായി അവിടേക്കു തിരികെ പോകാൻ അനുമതിയായി. രണ്ടു വർഷത്തെ കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷമാണ് ചൈന ഇളവുകൾ പ്രഖ്യാപിച്ചത്. ഇന്ത്യൻ വിദ്യാർഥികളെ ചൈനയിലേക്കു തിരികെ സ്വാഗതം ചെയ്യുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ചൈനയിൽ പഠിച്ചിരുന്ന ഇന്ത്യൻ വിദ്യാർഥികൾ കോവിഡിനെത്തുടർന്ന് നാട്ടിൽ തിരിച്ചെത്തി പഠനം തുടരാനാകാതെ വിഷമിക്കുന്ന സാഹചര്യത്തിലാണ് തിരികെച്ചെല്ലാൻ ചൈന അനുമതി നൽകിയത്. നൂറുകണക്കിന് ഇന്ത്യൻ വിദ്യാർഥികൾക്ക് വീണ്ടും വീസ അനുവദിക്കാനുള്ള തീരുമാനം തിങ്കളാഴ്ചയാണ് ചൈന പുറത്തുവിട്ടത്.

Signature-ad

‘‘ഇന്ത്യൻ വിദ്യാർഥികൾക്ക് ഹൃദ്യമായ അഭിനന്ദനങ്ങൾ. നിങ്ങളുടെ ക്ഷമ ഒടുവിൽ ഫലം കണ്ടിരിക്കുന്നു. നിങ്ങളുടെ സന്തോഷവും ആവേശവും എനിക്കു മനസ്സിലാക്കാം. ചൈനയിലേക്ക് വീണ്ടും സ്വാഗതം’’ – ചൈനീസ് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥ ജി റോങ് ട്വീറ്റ് ചെയ്തു. വിദ്യാർഥികൾക്കും ബിസിനസ്സുകാർക്കും ചൈനയിൽ ജോലി ചെയ്യുന്ന ആളുകളുടെ കുടുംബാംഗങ്ങൾക്കും വീണ്ടും വീസ അനുവദിക്കുന്ന തീരുമാനത്തിന്റെ വിശദാംശങ്ങളും ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്.

കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ ചൈനയിൽനിന്നു നാട്ടിലേക്കു മടങ്ങിയ ഏതാണ്ട് 23,000ത്തോളം ഇന്ത്യൻ വിദ്യാർഥികൾ പഠനം തുടരാനാകാതെ ഇവിടെ കുടുങ്ങിയതായാണ് കണക്ക്. അവരിലേറെപ്പേരും മെഡിക്കൽ വിദ്യാർഥികളാണ്. പഠനം തുടരാനായി ചൈനയിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ വിശദാംശങ്ങൾ ചൈനീസ് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ശ്രീലങ്ക, പാക്കിസ്ഥാൻ, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ അടുത്തിടെ ചൈനയിലേക്ക് മടങ്ങിയിരുന്നു.

Back to top button
error: