ന്യൂഡല്‍ഹി: ജോലി നഷ്ടപ്പെട്ട മലയാളി രാജ്യതലസ്ഥാനത്ത് പട്ടിണികിടന്ന് മരിച്ചു. ഡല്‍ഹിയില്‍ തനിച്ചു താമസിച്ചിരുന്ന പത്തനംതിട്ട മെഴുവേലി സ്വദേശി അജിത് കുമാറാ(41)ണു മരിച്ചത്. സകര്‍പുറിലെ വാടകവീടിന്റെ അടച്ചിട്ട മുറിയില്‍ അവശനിലയില്‍ കണ്ടെത്തിയ അജിത് കുമാറിനെ വീട്ടുടമ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇദ്ദേഹം പത്തു ദിവസമായി ഭക്ഷണമോ വെള്ളമോ കിട്ടാതെ കിടക്കുകയായിരുന്നു എന്നാണു സൂചന.
നിരവധി സന്നദ്ധ സംഘടനകളും മലയാളി സംഘടനകളും ഡല്‍ഹിയില്‍ ഉണ്ടെങ്കിലും അജിത്തിന്റെ ദുരവസ്ഥ ആരും അറിയാതെപോവുകയായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ഡല്‍ഹിയിലെത്തിയ അജിത്ത് കുമാര്‍ കുടുംബവുമായി വലിയ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നില്ല. മാസങ്ങള്‍ മുന്‍പ് ഭാര്യ വിവാഹമോചനം നേടി ഇയാളെ ഉപേക്ഷിച്ച പോയതായാണ് വിവരം. മാസങ്ങളായി ഇദ്ദേഹത്തിനു ജോലി ഉണ്ടായിരുന്നില്ലെന്നു പരിസരവാസികള്‍ പറഞ്ഞു.
അഞ്ചു മാസത്തിലേറെയായി വാടകയും നല്‍കിയിരുന്നില്ല. മറ്റുള്ളവരുമായി അധികം ഇടപഴകുമായിരുന്നില്ല. പത്തു ദിവസമായിട്ടും വിവരങ്ങള്‍ ഇല്ലാതിരുന്നതോടെ വീട്ടുടമ കതകു തകര്‍ത്ത് മുറി പരിശോധിച്ചപ്പോഴാണ് അവശനിലയില്‍ കണ്ടത്. അജിത് മരിച്ച വിവരം കിടപ്പു രോഗിയായ അമ്മ ഇനിയും അറിഞ്ഞിട്ടില്ല.
പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വിട്ടുകിട്ടിയ മൃതദേഹം ആദര്‍ശ് നഗറിലുള്ള ശ്മശാന്‍ഘട്ടില്‍ സംസ്‌കരിച്ചു. മലയാളികള്‍ നേതൃത്വം നല്‍കുന്ന ഡിസ്ട്രസ് മാനേജ്മെന്റ് കലക്ടീവി(ഡി.എം.സി)യുടെയും സാമൂഹിക പ്രവര്‍ത്തകനായ നെല്‍സണ്‍ വര്‍ഗീസിന്റെയും നേതൃത്വത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്. ഡി.എം.സിയുടെ സന്നദ്ധപ്രവര്‍ത്തകര്‍ ചിതയ്ക്കു തീ കൊളുത്തി. പത്തനംതിട്ടയിലുള്ള സഹോദരന്‍ വീഡിയോ കോളിലൂടെയാണു ചടങ്ങുകള്‍ കണ്ടത്.