IndiaNEWS

ഇന്ത്യന്‍മണ്ണില്‍ ഓടിവിളയാടാന്‍ ചീറ്റ പറന്നെത്തും; പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമാകുന്നു!

ന്യൂഡല്‍ഹി: പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഇന്ത്യന്‍ മണ്ണില്‍ ഇനി ചീറ്റപ്പുലിയുടെ കാല്‍പതിയും.
ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്ക് അടുത്തമാസത്തോടെ എട്ടു ചീറ്റകളെ കൊണ്ടുവരുമെന്ന് കേന്ദ്ര പരിസ്ഥിതിമന്ത്രി ഭൂപേന്ദര്‍ യാദവ് അറിയിച്ചു. ചീറ്റകളെ എത്തിച്ച് പാര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്ന കുനോ ദേശീയോദ്യാന മേഖലയില്‍ അതിശക്തമായ മഴ തുടരുകയാണ്. ഇതു കുറഞ്ഞാല്‍ ചീറ്റകളെ കൊണ്ടുവരും. ചീറ്റകളെ കൊണ്ടുവരാന്‍ നമീബിയന്‍ സര്‍ക്കാരുമായുള്ള നടപടികള്‍ പൂര്‍ത്തിയായതായി മന്ത്രി അറിയിച്ചു.

ചീറ്റകളെ ഇന്ത്യയിലെത്തിച്ചശേഷം, ആദ്യ 30 ദിവസം താമസിപ്പിക്കുന്ന ക്വാറന്റൈന്‍ പ്രദേശം ആനകളെ ഉപയോഗിച്ച് വൃത്തിയാക്കുന്നുണ്ട്. അത് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ചീറ്റകള്‍ക്ക് വേട്ടയാടാനായി കൃഷ്ണമൃഗങ്ങള്‍, മ്ലാവ് എന്നിവയുള്‍പ്പെടെ 700 മൃഗങ്ങളെയും ഇവിടെയെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Signature-ad

നമീബിയയില്‍നിന്നും ചീറ്റകളെ കുനോയ്ക്കടുത്ത വിമാനത്താവളത്തിലെത്തിച്ചശേഷം ഹെലികോപ്റ്ററുകളില്‍ ഉദ്യാനത്തില്‍ നിര്‍മിക്കുന്ന ഹെലിപാഡുകളില്‍ ഇറക്കാനാണ് തീരുമാനം.

നമീബിയയില്‍നിന്നും ദക്ഷിണാഫ്രിക്കയില്‍നിന്നും കൊണ്ടുവരേണ്ട ചീറ്റകളെ ആറുമാസംമുമ്പ് കണ്ടെത്തിയിരുന്നു. കാട്ടില്‍ വേട്ടയാടാന്‍ കഴിയുന്നവയെയാണ് തിരഞ്ഞെടുത്തത്. ഇവയുടെ വാക്‌സിനേഷന്‍, രക്തപരിശോധന, റേഡിയോ കോളറിങ് തുടങ്ങിയ ആരോഗ്യപരിപാലനങ്ങളും പരിശോധനകളും പൂര്‍ത്തിയായി.

ദക്ഷിണാഫ്രിക്കയില്‍നിന്ന് 12 ചീറ്റകളെ ഇന്ത്യയിലെത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റിന്റെ അനുമതി ഒഴികെയുള്ള എല്ലാ അനുമതികളും ലഭിച്ചു. ചീറ്റകളെ ഇന്ത്യയിലേക്ക് മാറ്റുന്നതിന് തീയതി നിശ്ചയിച്ചിട്ടില്ലെന്ന് മന്ത്രാലയവൃത്തങ്ങള്‍ പറയുന്നു. അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ 50 ചീറ്റകളെക്കൂടി ഇന്ത്യയിലെത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

1970-ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായപ്പോഴാണ് ഇറാനില്‍നിന്ന് ഏഷ്യന്‍ ചീറ്റകളെ കൊണ്ടുവരാന്‍ നീക്കമാരംഭിച്ചത്. എന്നാല്‍, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ആ ശ്രമം നടന്നില്ല. 2009-ല്‍ ആഫ്രിക്കന്‍ ചീറ്റകളെ കൊണ്ടുവരാന്‍ കേന്ദ്ര വനം മന്ത്രാലയം ശ്രമം തുടങ്ങി. ഇതിനായി അഞ്ച്് സംസ്ഥാനങ്ങളിലെ 10 വനപ്രദേശങ്ങള്‍ സര്‍വേനടത്തി. ഒടുവില്‍ മധ്യപ്രദേശിലെ 261 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള കുനോ ദേശീയോദ്യാനം അനുയോജ്യമായി കണ്ടെത്തി. ഈ പദ്ധതിയാണ് 2022-ല്‍ കേന്ദ്രം പൊടിതട്ടിയെടുത്ത് ചീറ്റകളെ തിരിച്ചുകൊണ്ടുവരാന്‍ വഴിയൊരുക്കിയത്.

പദ്ധതി ആഫ്രിക്കയ്ക്കും ഇന്ത്യക്കും പരസ്പരം പ്രയോജനകരമാണെന്ന് ദക്ഷിണാഫ്രിക്കന്‍ വന്യമൃഗവിദഗ്ധന്‍ പ്രൊഫ. അഡ്രിയാന്‍ ടോര്‍ഡിഫ് പറഞ്ഞു. രണ്ടു ദശാബ്ദങ്ങള്‍ക്കുമുമ്പ് ദക്ഷിണാഫ്രിക്കയില്‍ ചീറ്റകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞപ്പോള്‍ സംരക്ഷണപരിപാടി ആരംഭിച്ചു. ഇപ്പോള്‍, ദക്ഷിണാഫ്രിക്കയില്‍ ചീറ്റകള്‍ക്ക് ആവശ്യത്തിന് സ്ഥലമില്ലാത്ത അവസ്ഥയാണ്. ഇതുതുടര്‍ന്നാല്‍ ഈ പ്രദേശങ്ങളിലെ മറ്റു ജീവികള്‍ക്ക് ആപത്താണ്.

1947 ‘കാടുനീങ്ങിയ’ ചീറ്റകള്‍

1947-ല്‍ പഴയ മധ്യപ്രദേശിലെ(ഇന്നത്തെ ഛത്തീസ്ഗഢ് )കോറിയയിലെ നാട്ടുരാജാവായ മഹാരാജാ രാമാനുജ പ്രതാപ് സിങ് ദിയോ ആണ് ഇന്ത്യയിലെ അവസാനത്തെ മൂന്നു ചീറ്റകളെ വേട്ടയാടിയത്. ഇതോടെ ഇവയ്ക്ക് വംശനാശമായി. ഇതിനുമുന്‍പുതന്നെ ഇവയുടെ നാശം തുടങ്ങിയിരുന്നു. മരുവത്കരണം, പിടികൂടി ഇണക്കി വളര്‍ത്തല്‍, ഇണക്കിവളര്‍ത്തുന്നവയില്‍ പ്രത്യുത്പാദനം നടക്കാത്ത അവസ്ഥ എന്നീ കാര്യങ്ങളാണ് ചീറ്റകള്‍ ഇന്ത്യയില്‍ വംശനാശം വരാനുള്ള കാരണമായി പറയുന്നത്.

 

 

Back to top button
error: