കണ്ണൂര്‍: യു.ഡി.എഫ്. കഴിഞ്ഞതവണത്തേതിനേക്കാള്‍ ഇരട്ടി സീറ്റുകള്‍നേടിയെങ്കിലും ഇക്കുറിയും മട്ടന്നൂര്‍ ഭരിക്കുക എല്‍.ഡി.എഫ്. തന്നെ. 35 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഫ് 21 സീറ്റുകള്‍ പിടിച്ചാണ് 25 വര്‍ഷമായി തുടരുന്ന ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തിയത്. കഴിഞ്ഞ തവണ ഏഴു സീറ്റുകള്‍ നേടിയ യുഡിഎഫിന് ഇക്കുറി 14 സീറ്റുകളില്‍ ജയിക്കാനായി.
കഴിഞ്ഞതവണ 25 സീറ്റുകള്‍ സിപിഎം ഒറ്റയ്ക്ക് നേടിയ നഗരസഭയിലാണ് ഇക്കുറി എല്‍ഡിഎഫ് 21ല്‍ ഒതുങ്ങിയത്. കഴിഞ്ഞ തവണ സിപിഎമ്മിന് 25, സിപിഐക്കും ഐഎന്‍എല്ലിനും ഓരോ സീറ്റുമാണ് ഉണ്ടായിരുന്നത്. യുഡിഎഫില്‍ കോണ്‍ഗ്രസിന് 4 സീറ്റും മുസ്ലിം ലീഗിന് മൂന്ന് സീറ്റുമായിരുന്നു കഴിഞ്ഞ തവണ. അവിടെ നിന്നാണ് ഇക്കുറി യുഡിഎഫ് സീറ്റുകളുടെ എണ്ണം ഇരട്ടിയാക്കി മുന്നേറ്റം ഉണ്ടാക്കിയത്.
കഴിഞ്ഞ തവണത്തെ പോളിംഗ് ശതമാനത്തെ മറികടന്ന ഇത്തവണ 84. 63 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. ആകെ 111 സ്ഥാനാര്‍ത്ഥികളാണ് 35 സീറ്റുകളിലേക്ക് മത്സരിച്ചത്. 35 വാര്‍ഡുകളില്‍ 18 വാര്‍ഡുകള്‍ സ്ത്രീകള്‍ക്കും ഒരു വാര്‍ഡ് പട്ടികജാതി വിഭാഗത്തിനും സംവരണം ചെയ്തിരുന്നു.
മറ്റു തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഒന്നര വര്‍ഷം പിന്നിടുമ്പോഴാണ് മട്ടന്നൂരില്‍ തിരഞ്ഞെടുപ്പ് നടക്കാറുള്ളത്. മട്ടന്നൂര്‍ പഞ്ചായത്തിനെ നഗരസഭയാക്കി ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കവും കേസുകളുമാണ് തദ്ദേശ പൊതുതിരഞ്ഞെടുപ്പിനൊപ്പം തിരഞ്ഞെടുപ്പ് നടക്കാതെ മട്ടന്നൂര്‍ മാറ്റിനിര്‍ത്തുന്നത്. 2020ല്‍ സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മട്ടന്നൂര്‍ നഗരസഭയുടെ കാലാവധി കഴിഞ്ഞിരുന്നില്ല. സെപ്റ്റംബര്‍ 10 നാണ് നിലവിലെ നഗരസഭ കൗണ്‍സിലിന്റെ കാലാവധി അവസാനിക്കുക.
1991ലാണ് മട്ടന്നൂരിനെ ആദ്യം നഗരസഭയായി ഉയര്‍ത്തിയത്. എന്നാല്‍ അതേ വര്‍ഷം ഭരണത്തില്‍ എത്തിയ യുഡിഎഫ് സര്‍ക്കാര്‍ മട്ടന്നൂരിനെ വീണ്ടും പഞ്ചായത്താക്കി മാറ്റി. ഇതിനെതിരെ എല്‍ഡിഎഫ് ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് 1992ല്‍ മട്ടന്നൂരിന് നഗരസഭാ പദവി തിരിച്ചു നല്‍കുകയായിരുന്നു. വേണ്ടത്ര ജീവനക്കാരടക്കമില്ലാത്ത പ്രശ്‌നങ്ങള്‍ കാരണം വര്‍ഷങ്ങളോളം നഗരസഭയായി പ്രവര്‍ത്തിച്ചിരുന്നില്ല. സ്‌പെഷ്യല്‍ ഓഫീസറുടെ കീഴിലായിരുന്നു ഭരണം. 1997ലാണ് പിന്നീട് തിരഞ്ഞെടുപ്പ് നടന്നത്. അന്നു മുതല്‍ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമായാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത്. നാടിളക്കിയുള്ള പ്രചാരണമായിരുന്നു ഇത്തവണ രണ്ടു മുന്നണികളും നടത്തിയത്. സംസ്ഥാന നേതാക്കള്‍ നേരിട്ടെത്തി പ്രചാരണം.