ദിസ്പുര്‍: പോലീസ് കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ട ബലാത്സംഗക്കേസ് പ്രതിയെ ജനക്കൂട്ടം മര്‍ദിച്ചു കൊന്നു. അസമില്‍ ആണ് സംഭവം. രാജു ബറുവ എന്ന ഗെര്‍ജായി ആണു കൊല്ലപ്പെട്ടത്.
ബലാത്സംഗം, കൊലപാതകം, കവര്‍ച്ച ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഗിലാമര പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട കിലാകിലി ഗ്രാമത്തിലാണു കൊല നടന്നത്. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കാനെത്തിച്ചപ്പോഴാണ് മറ്റു രണ്ടു പ്രതികള്‍ക്കൊപ്പം രാജു പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്.
കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ട് നദിക്കരയില്‍ ഒളിച്ച രാജു ബറുവയെ ഗ്രാമീണര്‍ കണ്ടെത്തുകയും പിടികൂടി മര്‍ദിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് പോലീസ് സംഘം സ്ഥലത്തെത്തിയപ്പോഴേക്കും പ്രതി ഗുരുതര പരുക്കേറ്റ് അബോധാവസ്ഥയിലായിരുന്നു. പ്രാദേശിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് ലഖിംപുര്‍ പോലീസ് സൂപ്രണ്ട് ബി.എം. രാജ്ഖോവ പറഞ്ഞു.
കൊലക്കുറ്റത്തിനു കേസെടുത്ത പോലീസ് അന്വേഷണമാരംഭിച്ചു. രാജുവിനെ മര്‍ദിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും എസ്.പി. അറിയിച്ചു. ചാടിപ്പോയ പ്രതികളില്‍ ഒരാളെ ബുധനാഴ്ച പിടികൂടിയിരുന്നു.