PravasiTRENDING

യുഎഇയില്‍ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സോ ബാങ്ക് ഗ്യാരന്റിയോ നല്‍കണം

ദുബൈ: യുഎഇയിലെ തൊഴിലാളികള്‍ക്ക് കമ്പനികള്‍ ഇന്‍ഷുറന്‍സോ ബാങ്ക് ഗ്യാരന്റിയോ നല്‍കണമെന്ന് വ്യവസ്ഥ. ഇത് സംബന്ധിച്ചുള്ള പുതിയ അറിയിപ്പ് ചൊവ്വാഴ്ച മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയം പുറത്തിറക്കി. പുതിയ നിര്‍ദേശ പ്രകാരം കമ്പനികള്‍ക്ക് ഓരോ തൊഴിലാളിയുടെയും പേരില്‍ ബാങ്ക് ഗ്യാരന്റിയോ അല്ലെങ്കില്‍ ഇന്‍ഷുറന്‍സോ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാം.

ബ്യാങ്ക് ഗ്യാരന്റിയാണ് നല്‍കുന്നതെങ്കില്‍ ഓരോ തൊഴിലാളിക്കും 3000 ദിര്‍ഹത്തില്‍ കുറയാത്ത ഗ്യാരന്റിയാണ് വേണ്ടത്. ഇത് യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്ക് വഴിയായിരിക്കണം നല്‍കേണ്ടത്. ഒരു വര്‍ഷത്തേക്ക് നല്‍കുന്ന ബാങ്ക് ഗ്യാരന്റി പിന്നീട് സ്വമേധയാ പുതുക്കപ്പെടും.

Signature-ad

രണ്ടാമത്തെ ഓപ്ഷനായ ഇന്‍ഷുറന്‍സില്‍ 30 മാസത്തേക്കുള്ള ഇന്‍ഷുറന്‍സ് പോളിസിയാണ് ഓരോ തൊഴിലാളിയുടെയും പേരിലുണ്ടാവേണ്ടത്. വിദഗ്ധ തൊഴിലാളികള്‍ക്ക് 137.50 ദിര്‍ഹവും അവിദഗ്ധ തൊഴിലാളിക്ക് 180 ദിര്‍ഹവും അത്യാഹിത – സാധ്യതയുള്ളതും വേജ് പ്രൊട്ടക്ഷന്‍ സ്‍കീമില്‍ രജിസ്റ്റര്‍ ചെയ്‍തിട്ടില്ലാത്തതുമായ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് 250 ദിര്‍ഹവും മൂല്യമുള്ള ഇന്‍ഷുറന്‍സ് പോളിസി വേണം.

20,000 ദിര്‍ഹം വരെ കവറേജ് ലഭിക്കുന്ന തരത്തിലായിരിക്കണം ഇന്‍ഷുറന്‍സ് പോളിസി. ഇതില്‍ ജീവനക്കാരന്റെ അവസാന 120 ദിവസത്തെ ശമ്പളം, വിരമിക്കല്‍ ആനുകൂല്യങ്ങള്‍, തൊഴിലാളിക്ക് നാട്ടിലേക്ക് മടങ്ങുന്നതിനുള്ള ചെലവ്, തൊഴിലാളി മരണപ്പെടുകയാണെങ്കില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ്, രാജ്യത്തെ മന്ത്രാലയമോ ലേബര്‍ കോടതികളോ നിര്‍ദേശിക്കുന്നതും തൊഴിലുടമയ്‍ക്ക് നല്‍കാന്‍ സാധ്യമാവാത്തതുമായ മറ്റ് ചെലവുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടണം.

യുഎഇ മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രി ഡോ. അബ്‍ദുല്‍റഹ്‍മാന്‍ അല്‍ അവാറാണ് പുതിയ അറിയിപ്പ് പുറത്തിറക്കിയത്. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ബിസിനസ് സമൂഹത്തിന് പിന്തുണ നല്‍കാനും യുഎഇയിലെ തൊഴില്‍ അന്തരീക്ഷത്തില്‍ മത്സരക്ഷമതയും സ്ഥിരതയും ഉറപ്പാക്കാനും ലക്ഷ്യമിട്ടും ജീവിക്കാനും ജോലി ചെയ്യാനും നിക്ഷേപം നടത്താനും ഏറ്റവും അനിയോജ്യമായ സ്ഥലമെന്ന നിലയില്‍ യുഎഇയുടെ പ്രതിച്ഛായ കൂടുതല്‍ കരുത്തുറ്റതാക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഓരോ സ്ഥാപനത്തിനും ഇന്‍ഷുറന്‍സോ അല്ലെങ്കില്‍ ബാങ്ക് ഗ്യാരന്റിയോ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാനുള്ള അവസരം നല്‍കുക വഴി സ്ഥാപനങ്ങള്‍ക്ക് ഏറ്റവും അനിയോജ്യമായ തീരുമാനമെടുക്കാനും അവരുടെ പ്രവര്‍ത്തന ചെലവ് കുറയ്‍ക്കാനും സാധിക്കുമെന്ന് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഐഷ ബെര്‍ഹര്‍ഫിയ പറ‍ഞ്ഞു.

Back to top button
error: