കൊച്ചി: എസ്എഫ്‌ഐയെ നിരോധിക്കണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ട എറണാകുളം എംപി ഹൈബി ഈഡനെതിരെ പ്രതിഷേധവുമായി മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കോളജ് കവാടത്തില്‍ ഉയര്‍ത്തിയ പോസ്റ്റര്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ‘ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന്’ എന്നെഴുതിയ ബാനര്‍ ആണ് ഇടത് അണികള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്.
എസ്എഫ്‌ഐയെ ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി നിരോധിക്കണമെന്ന് ഹൈബി ഈഡന്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയുള്ള രൂക്ഷ മറുപടിയെന്നോണമാണ് ‘ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന് ‘ എന്ന പരിഹാസ രൂപേണയുള്ള ബാനര്‍ കോളജ് കവാടത്തില്‍ ഉയര്‍ന്നത്. ഹൈബിയുടെ നടപടിക്കെതിരേ ശക്തമായ പ്രതിഷേധവുമായി എസ്എഫ്‌ഐ രംഗത്തുവന്നിരുന്നു. ഹൈബിയുടെ മണ്ഡലത്തില്‍പ്പെടുന്ന മഹാരാജാസ് കോളജിലും ഹൈബിക്കെതിരേ ശക്തമായ പ്രതിഷേധമാണുള്ളത്. ഇതിന്റെ ഭാഗമായാണ് കോളജിലെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കവാടത്തില്‍ കൂറ്റന്‍ ബാനര്‍ ഉയര്‍ത്തിക്കെട്ടിയത്.
തിരുവനന്തപുരം ലോ കോളജില്‍ വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച സംഭവം ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ചയാണ് ഹൈബി ഈഡന്‍ പാര്‍ലമെന്റിലെ ശൂന്യവേളയില്‍ എസ്എഫ്‌ഐയെ നിരോധിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവിനോടായിരുന്നു ഹൈബി ലോ കോളജ് വിഷയം ചൂണ്ടിക്കാട്ടി നിരോധന ആവശ്യം ഉന്നയിച്ചത്. എന്നാല്‍ ക്രമസമാധാനം സംബന്ധിച്ച വിഷയം സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്നതാണെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. അതുകൊണ്ടുതന്നെ ഇത് കേരള ചീഫ് സെക്രട്ടറിക്ക് കൈമാറിയതായും റിജിജു വ്യക്തമാക്കി.
ഹൈബി ഈഡന്റെ ആവശ്യം നിലനില്‍പ്പിനു വേണ്ടിയുള്ള പഴയ കെ.എസ്.യു നേതാവിന്റെ രോദനം ആണെന്നായിരുന്നു എസ്.എഫ്.ഐയുടെ പ്രതികരണം. തിരുവനന്തപുരം ലോ കോളേജില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് കെട്ടിച്ചമച്ച വാര്‍ത്തകള്‍ പുറത്തുവന്ന സമയത്തുതന്നെ വസ്തുതകള്‍ എസ്.എഫ്.ഐ കാര്യങ്ങള്‍ വിശദീകരിച്ചതാണ്. കേരളത്തിലെ ക്യാമ്പസുകള്‍ എസ്.എഫ്.ഐയെ നെഞ്ചേറ്റുന്നത് സഹിക്കാന്‍ ആവാത്ത ഒരു പഴയ കെ.എസ്.യു നേതാവിന്റെ രോദനം മാത്രമാണിത്.
എസ്.എഫ്.ഐയെ ബി.ജെ.പി ഗവണ്‍മെന്റിനെ കൂട്ടുപിടിച്ച് നിരോധിച്ചു കളയാം എന്നാണ് കോണ്‍ഗ്രസും ഹൈബി ഈഡനും സ്വപ്നം കാണുന്നത്. രാജ്യത്ത് അടിയന്തരാവസ്ഥ നടപ്പിലാക്കിയപ്പോള്‍ നിരോധനങ്ങളെ ചെറുത്തു തോല്‍പ്പിച്ച സംഘടനയാണ് എസ്.എഫ്.ഐ. ജനങ്ങള്‍ ജീവിക്കാന്‍ വേണ്ടി സമരം ചെയ്യുന്ന കാലത്ത്, അവര്‍ക്കായി പാര്‍ലമെന്റില്‍ സമരം ചെയ്യേണ്ട എം.പി വാര്‍ത്താ ചാനലുകളില്‍ സ്വന്തം പേര് വരാന്‍ കാണിക്കുന്ന തരംതാണ പ്രവര്‍ത്തിയാണിതെന്നും എസ്.എഫ്.ഐ. സംസ്ഥാന നേതൃത്വം പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.