കണ്ണൂര്: തിരുവോണം ബമ്പര്‍ ലോട്ടറിയിൽ റെക്കോഡ് വിൽപ്പന. മൂന്നാഴ്ചകൊണ്ട് 65250 ടിക്കറ്റുകളാണ് കണ്ണൂര് വിറ്റഴിച്ചത്. ആദ്യ ഘട്ടത്തിൽ 85,000 ടിക്കറ്റുകളാണ് ജില്ലയിൽ എത്തിച്ചിട്ടുള്ളത്. നറുക്കെടുപ്പിന്റെ അവസാന നാളുകളിലാണ് ബമ്പര്‍ ടിക്കറ്റുകളുടെ വിൽപ്പന പൊതുവെ സജീവമാകാറ്. എന്നാൽ പതിവിന് വിപരീതമായി ഇത്തവണ ആദ്യ ആഴ്ചകളിൽ തന്നെ വിൽപ്പന ചൂടുപിടിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കച്ചവടം വേഗത്തിൽ നടക്കുന്നതായി പല ഏജന്റുമാരും അറിയിച്ചതായി കണ്ണൂര്‍ ജില്ലാ ലോട്ടറി ഓഫീസർ കെ ഹരീഷ് പറഞ്ഞു. 500 രൂപയുടെ ടിക്കറ്റ് വിറ്റാൽ ഏജന്റിന് 95 രൂപ കമ്മീഷനായി ലഭിക്കും. അതിനാൽ വിൽപ്പനക്കാരും ഉത്സാഹത്തിലാണ്. മൂന്ന് ലക്ഷം ടിക്കറ്റുകളാണ് ജില്ലയിൽ വിതരണത്തിനായി ആവശ്യപ്പെട്ടത്. 90 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാനുള്ള അനുമതിയാണ് സര്‍ക്കാര്‍ ലോട്ടറി വകുപ്പിന് നല്‍കിയിരിക്കുന്നത്.
തിരുവനന്തപുരത്തെ പ്രസിലാണ് ലോട്ടറി അച്ചടി നടക്കുന്നത്. സമ്മാനത്തുക കൂടുതലായതിനാൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തിയാണ് ടിക്കറ്റിന്റെ നിർമാണം. അച്ചടിക്ക് കൂടുതൽ സമയം ആവശ്യമായതിനാൽ വിവിധ ഘട്ടങ്ങളിലായാണ് ടിക്കറ്റുകൾ ജില്ലാ കേന്ദ്രങ്ങളിൽ എത്തിക്കുന്നത്. വിറ്റു തീരുന്നതിന് അനുസരിച്ച് പുതിയത് എത്തിക്കുന്നതിനാൽ മറ്റ് ബുദ്ധിമുട്ടുകളില്ലെന്നും ലോട്ടറി ഓഫീസർ അറിയിച്ചു.
ലോട്ടറികളിൽ ഏറ്റവും കൂടുതൽ വിറ്റ് വരവ് ലഭിക്കുന്ന ഒന്നാണ് ഓണം ബമ്പര്‍. കേരള ലോട്ടറി ചരിത്രത്തിലെ റെക്കോർഡ് സമ്മാനത്തുകയായ 25 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. കഴിഞ്ഞ മൂന്ന് വർഷവും 12 കോടി രൂപയായിരുന്നു നൽകിയത്. നറുക്കെടുപ്പ് സെപ്തംബർ 18ന് നടക്കും.
ആകെ 126 കോടി രൂപയുടെ സമ്മാനമാണ് ഇത്തവണ തിരുവോണം ബമ്പറിന് ഉണ്ടാകുക. അഞ്ചുലക്ഷം രൂപയാണ് സമാശ്വാസ സമ്മാനം. ഒന്‍പത് പേര്‍ക്കാകും സമാശ്വസ സമ്മാനം ലഭിക്കുക. 25 കോടിയുടെ ഒന്നാം സമ്മാനമടിച്ചാൽ 15.75 കോടി രൂപയാണ് ജേതാവിന് കിട്ടുക. 2.5 കോടി രൂപ ഏജന്റ് കമ്മീഷനും, നികുതിയും കിഴിച്ചുള്ള തുകയാണിത്.