ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ നടക്കുന്ന വോട്ടെടുപ്പിന്റെ ഫലം െവെകിട്ടോടെ പ്രഖ്യാപിക്കും. എന്‍.ഡി.എ. സ്ഥാനാര്‍ഥി ജഗ്ദീപ് ധന്‍കറും പ്രതിപക്ഷ സ്ഥാനാര്‍ഥി മാര്‍ഗരറ്റ് ആല്‍വയും തമ്മിലാണ് മത്സരം. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ബംഗാള്‍ ഗവര്‍ണറായ ധന്‍കര്‍, എം. വെങ്കയ്യ നായിഡുവിന്റെ പിന്‍ഗാമിയായി ഉപരാഷ്ട്രപതി പദത്തിലെത്തും.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിന്നു ഭിന്നമായി ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങള്‍ക്കു മാത്രമാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ടവകാശം. 790 ആണ് ഇലക്ടറല്‍ കോളജിന്റെ ആകെ സംഖ്യ. 395 ലേറെ വോട്ട് ലഭിക്കുന്ന സ്ഥാനാര്‍ഥിക്കാവും വിജയം.
12 നോമിനേറ്റഡ് അംഗങ്ങള്‍ ഉള്‍പ്പടെ 233 പേര് രാജ്യസഭയിലും രണ്ട് നോമിനേറ്റഡ് അംഗങ്ങള്‍ ഉള്‍പ്പടെ 545 പേര് ലോക്സഭയിലും വോട്ടര്‍മാരായുണ്ട്. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആല്‍വയ്ക്ക് പിന്തുണയുമായി 18 പാര്‍ട്ടികള്‍ രംഗത്തുണ്ട്. എന്‍.ഡി.എ. സ്ഥാനാര്‍ഥി ധന്‍കറിനു പിന്നില്‍ 20 പാര്‍ട്ടികള്‍ അണിനിരക്കുന്നു.