കല്‍പ്പറ്റ: വയനാട് ജില്ലയിലെ സര്‍വീസുകള്‍ ഇന്ന് മുടങ്ങില്ലെന്ന് കെ.എസ്.ആര്‍.ടി. അറിയിച്ചു. ഡീസല്‍ ക്ഷാമം നേരിട്ട കല്‍പ്പറ്റ, മാനന്തവാടി ഡിപ്പോകളില്‍ ഇന്നലെ ഡീസല്‍ എത്തിയതോടെയാണ് സര്‍വ്വീസ് റദ്ദാക്കേണ്ട അവസ്ഥ ഒഴിവായത്. ഡീസല്‍ ക്ഷാമം മൂലം വയനാട് ജില്ലയിലെ സര്‍വീസുകള്‍ കഴിഞ്ഞ ദിവസം വെട്ടിചുരുക്കിയിരുന്നു.
അതേസമയം കെഎസ്ആര്‍ടിസിയിലെ ഡീസല്‍ പ്രതിസന്ധിയെത്തുടര്‍ന്ന് ഇന്ന് ഭൂരിഭാഗം ഓര്‍ഡിനറി ബസ്സുകളും നിരത്തിലിറങ്ങില്ലെന്നാണ് വിവരം. ഇന്നലെ 50 ശതമാനം ഓര്‍ഡിനറി ബസ്സുകള്‍ സര്‍വീസ് നിര്‍ത്തിവച്ചിരുന്നു. ഇന്ന് ഓര്‍ഡിനറി ബസുകള്‍ പൂര്‍ണമായും ഉണ്ടായേക്കില്ല. ലാഭകരമായി സര്‍വീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകള്‍ സര്‍വീസ് നടത്തും. ഉള്‍നാടുകളില്‍ സര്‍വീസ് നടത്തുന്നവയാണ് ഓര്‍ഡിനറി ബസ്സുകളില്‍ കൂടുതലും എന്നതിനാല്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ മാത്രമുള്ള നാട്ടിലെ ജനങ്ങള്‍ വലിയ ദുരിതത്തിലാകും. ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തതിനാല്‍ ഡീസലടിക്കാന്‍ പണമില്ലെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ സാധാരണ നിലയില്‍ ബസ്സുകള്‍ സര്‍വീസ് നടത്താന്‍ കഴിയുമെന്നും കെഎസ്ആര്‍ടിസി വിശദീകരിക്കുന്നു.
കെ.എസ്.ആര്‍.ടി.സിയിലേത് കൃത്രിമ ഡീസല്‍ ക്ഷാമമാണെന്നും, ജീവനക്കാരെ വെച്ച് വിലപേശാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ ജനങ്ങളെ ഇളക്കി സര്‍ക്കാരിനോട് വിലപേശാനാണ് മാനേജ്‌മെന്റ് ശ്രമിക്കുന്നതെന്നും കെഎസ്ആര്‍ടിഇഎ വര്‍ക്കിംഗ് പ്രസിഡന്റ് സി.കെ. ഹരികൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി മാനേജ്‌മെന്റ് ശമ്പള വിതരണം മനപൂര്‍വ്വം താമസിപ്പിക്കുകയാണ്. സര്‍വ്വീസ് മുടക്കി ജനങ്ങളെ തെരുവിലിറക്കാനാണ് പുതിയ ശ്രമം. ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ള ഡീസല്‍ ക്ഷാമം മാനേജ്‌മെന്റ് കുതന്ത്രത്തിന്റെ ഉല്‍പ്പന്നമാണെന്നും ഇടതനുസകൂല സംഘടനായ കെഎസ്ആര്‍ടിഇഎ ആരോപിച്ചു.
കൊല്ലം ജില്ലയിലെ വിവിധ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ഇന്നലെ ഡീസല്‍ക്ഷാമമുണ്ടായി. കൊട്ടാരക്കര കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഡീസല്‍ ക്ഷാമത്തെ തുടര്‍ന്ന് 37 ഓര്‍ഡിനറി ബസ്സുകള്‍ രാവിലെ സര്‍വീസ് നടത്തിയില്ല. ഇതോടെ കൊട്ടാരക്കരയില്‍ നിന്ന് കൊല്ലം, പുനലൂര്‍, പത്തനാപുരം, അടൂര്‍, ആയൂര്‍ പാരിപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള ചെയിന്‍ സര്‍വീസുകള്‍ മുടങ്ങി. വിദ്യാര്‍ത്ഥികളുടെയും യുവജന പ്രസ്ഥാനങ്ങളുടെയും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് അധികം ബസ് സര്‍വീസുകള്‍ നടത്തി. നിലവില്‍ 70 ശതമാനം ബസ്സുകളാണ് കൊട്ടാരക്കര ഡിപ്പോയില്‍ നിന്ന് സര്‍വീസ് നടത്തുന്നത്.