LIFESocial Media

ആലപ്പുഴ കളക്ടര്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്‍റെ കമന്‍റ് ബോക്സ് തുറന്നു

ആലപ്പുഴ: വി.ആർ. കൃഷ്‌ണ തേജ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റതോടെ ആലപ്പുഴ കളക്ടര്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്‍റെ കമന്‍റ് ബോക്സ് തുറന്നു. നേരത്തെ, ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമന്‍ എത്തിയതോടെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ശ്രീറാമിനെ കളക്ടറായി നിയമിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തുവന്നത് മുതല്‍ ആലപ്പുഴ ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കടുത്ത വിമര്‍ശനവുമായി നൂറുകണക്കിനാളുകളാണ് കമന്‍റുകളിട്ടത്.

ഈ സമയം ശ്രീറാമിന്‍റെ ഭാര്യ ഡോ. രേണുരാജായിരുന്നു കളക്ടര്‍. കമന്റുകള്‍ അതിര് വിട്ടതോടെ കളക്ടര്‍ ഫേസ്ബുക്കിലെ കമന്‍റ് ബോക്സ് പൂട്ടിക്കെട്ടുകയായിരുന്നു. പിന്നീട് ഇടയ്ക്ക് രണ്ടു തവണ തുറന്നപ്പോഴും വിമര്‍ശന കമന്‍റുകള്‍ക്ക് അവസാനമുണ്ടായില്ല. ഒടുവിൽ ഫേസ്ബുക്കിലെ പ്രൊഫൈല്‍ ചിത്രം ശ്രീറാമിന്‍റേതാക്കി മാറ്റാനായി തുറന്നപ്പോഴും സമാന സ്ഥിതിയായിരുന്നു. വൈകാതെ തന്നെ കമന്‍റുകളെല്ലാം നീക്കം ചെയ്ത് വീണ്ടും പൂട്ടിക്കെട്ടി.

Signature-ad

മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്നയാളെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതില്‍ വ്യാപക പ്രതിഷേധം കണക്കിലെടുത്താണ് ഒടുവില്‍ സര്‍ക്കാര്‍ ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയത്. സപ്ലൈകോ ജനറൽ മാനേജറായി നിയമനം നൽകിയാണ് കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാമിനെ മാറ്റിയത്. സപ്ലൈകോയുടെ കൊച്ചി ഓഫീസിലാവും ശ്രീറാം ഇനി പ്രവര്‍ത്തിക്കേണ്ടത്. ശ്രീറാമിന്‍റെ ഭാര്യയായ രേണുരാജ് കഴിഞ്ഞ ആഴ്ചയാണ് എറണാകുളം ജില്ലാ കളക്ടറായി ചുമതലയേറ്റത്.

വി.ആർ. കൃഷ്‌ണ തേജ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതയേറ്റതോടെ ഫേസ്ബുക്ക് പേജിലെ കമന്‍റ് ബോക്സ് ആക്ടീവായി. അദ്ദേഹത്തിന്‍റെ പ്രൊഫൈല്‍ ചിത്രത്തിന് കീഴില്‍ അഭിനന്ദ കമന്‍റുകള്‍ നിറയുകയാണ്. പ്രളയകാലത്ത് ആലപ്പുഴ സബ് കളക്ടറായി പ്രവര്‍ത്തിച്ചിരുന്ന ആളാണ് കൃഷ്ണ തേജ്.

Back to top button
error: