ദില്ലി: ലോക്സഭയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയും മുഖാമുഖം. കോൺഗ്രസ് കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി രാഷ്ട്രപതിയെ ‘രാഷ്ട്രപത്നി’ എന്ന് അഭിസംബോധന ചെയ്ത വിഷയത്തിലാണ് സ്മൃതി ഇറാനിയും സോണിയാ ഗാന്ധിയും പരസ്പരം വാക്പോര് നടത്തിയത്.
രാഷ്ട്രപതിയായ മുർമുവിനെ ‘രാഷ്ട്രപത്നി’ എന്ന് ചൗധരിയുടെ പരാമർശമാണ് സംഭവങ്ങൾക്ക് കാരണം. ഉച്ചക്ക് 12ന് സഭ പിരിഞ്ഞതിന് ശേഷം ബിജെപി എംപി രമാദേവിയുടെ അടുത്തെത്തി തന്നെ ഈ വിഷയത്തിലേക്ക് വലിച്ചിഴച്ചതെന്തിനെന്ന് സോണിയ ചോദിച്ചു. ഈ സമയം, സ്മൃതി ഇറാനി സോണിയാ ഗാന്ധിയുടെ നേരെ കൈചൂണ്ടി ആംഗ്യം കാണിക്കുന്നതും ഉച്ചത്തിൽ സംസാരിക്കുകയും ചെയ്തു. സോണിയാ ഗാന്ധി സ്മൃതി ഇറാനിയുടെ പ്രതിഷേധത്തെ അവഗണിക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രണം നഷ്ടപ്പെട്ട് മന്ത്രിയോട് ആംഗ്യം കാണിക്കുകയും ദേഷ്യത്തോടെ തിരിച്ചും സംസാരിച്ചു.
തന്നോട് സംസാരിക്കരുതെന്ന് ഒരു ബിജെപി അംഗത്തോട് സോണിയാ ഗാന്ധി പറഞ്ഞതായി ധനമന്ത്രി നിർമല സീതാരാമൻ ആരോപിച്ചു. എന്നാൽ ബിജെപി നേതാവിന്റെ പേര് കേന്ദ്രമന്ത്രി വെളിപ്പെടുത്തിയില്ല. ബിജെപി അംഗങ്ങൾ രമാദേവിക്കും ഗാന്ധിക്കും ചുറ്റും തടിച്ചുകൂടിയ സമയം എൻസിപി അംഗം സുപ്രിയ സുലെയും തൃണമൂൽ അംഗം അപരൂപ പോദ്ദറും സോണിയാ ഗാന്ധിയെ അനുഗമിച്ചു. എന്തിനാണ് തന്റെ പേര് ഈ വിഷയത്തിലേക്ക് വലിച്ചിഴച്ചതെന്നാണ് സോണിയാ ഗാന്ധി ചോദിച്ചതെന്ന് രമാദേവി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപി അംഗങ്ങളെ ഭീഷണിപ്പെടുത്തുന്ന തരത്തിലാണ് സോണിയാ ഗാന്ധി സംസാരിച്ചതെന്ന് നിർമലാ സീതാരാമൻ ആരോപിച്ചു. ഇറാനിയുടെ പെരുമാറ്റം അതിരുകടന്നതാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേഷ് പ്രതികരിച്ചു. രാഷ്ട്രപതിയെ രാഷ്ട്രപത്നിയെന്ന് വിളിച്ചത് തനിക്ക് പറ്റിയ നാക്കുപിഴയാണെന്നും വിഷയത്തിൽ രാഷ്ട്രപതിയോട് മാപ്പ് പറയാമെന്നും അധിർ രഞ്ജൻ ചൗധരി പ്രതികരിച്ചു.