കുഞ്ഞുങ്ങളിൽ വളരെ പെട്ടെന്ന് പിടിപ്പെടുന്ന ഒന്നാണ് പനി. പല കാരണങ്ങൾ കൊണ്ടാണ് കുഞ്ഞുങ്ങളിൽ പനി പിടിപ്പെടുന്നത്. മരുന്നുകളുടെ ഉപയോഗം കൂടാതെ ലളിതമായ ചില മാര്‍ഗ്ഗങ്ങളിലൂടെ കുഞ്ഞുങ്ങളിലെ പനി കുറയ്ക്കാന്‍ സാധിക്കും. കുഞ്ഞുങ്ങളിൽ പനി ഉണ്ടാകുന്ന അവസരത്തിൽ ധാരാളം വെള്ളം നൽകണം.
കുഞ്ഞുങ്ങൾക്ക് ചെറുചൂടുവെള്ളം തന്നെ നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. തണുപ്പ് അധികം ഏല്‍ക്കാതിരിക്കാനും, വൃത്തിയായിരിക്കാനും ശ്രദ്ധിച്ചാല്‍ പനി പെട്ടെന്ന് കുറയാൻ സഹായിക്കും. കടുത്ത പനിയുള്ളപ്പോൾ ഇളംചൂടുവെള്ളത്തിൽ തോർത്ത് മുക്കി നല്ല പോലെ പിഴിഞ്ഞ ശേഷം കുഞ്ഞിന്റെ ശരീരം തുടച്ചെടുക്കുക. നല്ല പനി ഉണ്ടെങ്കിൽ ഇടവിട്ട് തുടച്ചെടുക്കണം.
പനി പിടിപ്പെടുമ്പോൾ ശരീരത്തിലെ ചൂട് ജലാംശം നഷ്ടപ്പെടാനിടയാക്കും. ശരീരത്തില്‍ നിന്ന് ജലാംശം കൂടുതലായി നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധ വേണം. ഛര്‍ദ്ദി, വയറിളക്കം എന്നിവയുണ്ടെങ്കില്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. പനിയുള്ളപ്പോൾ കുഞ്ഞുങ്ങൾക്ക് അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. കട്ടിയുള്ള പുതപ്പ് ഉപയോഗിക്കുന്നത് ശരീര താപനില വർധിക്കാനിടയാക്കും.
കുഞ്ഞുങ്ങളിലെ പനി; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്…
1. പനിയുള്ളപ്പോൾ കുഞ്ഞിന്റെ വായ, ഉള്ളംകൈ, കാൽവെള്ള എന്നിവിടങ്ങളിലും ശരീരത്തിലും ചൂടുണ്ടാകും. മുലയൂട്ടുന്ന സമയത്തു കുഞ്ഞുങ്ങളുടെ വായയിൽ ചൂടുണ്ടെങ്കിൽ അമ്മക്ക് അറിയാനാകും. അർധരാത്രിയോ പുലർച്ചെയോ ആവാം ചിലപ്പോൾ കുഞ്ഞുങ്ങളിൽ പനിയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുക.
2. നല്ല ചൂടുണ്ടെങ്കിൽ ഇളംചൂട് വെള്ളത്തിൽ തോർത്ത് മുക്കി നല്ല പോലെ പിഴിഞ്ഞ ശേഷം കുഞ്ഞിന്റെ ശരീരം തുടച്ചെടുക്കുക. കുഞ്ഞിന്റെ ദേഹം തണുപ്പിക്കുകയല്ല വേണ്ടതെന്നോർമിക്കുക. നനഞ്ഞ തുണി ദേഹത്തിടുകയും ചെയ്യരുത്.
3. നനഞ്ഞ തുണി കൊണ്ടു തുടയ്ക്കാൻ കുട്ടി സമ്മതിക്കുന്നില്ലെങ്കിൽ നന്നായി കഴുകി വൃത്തിയാക്കിയ അമ്മയുടെ കൈകൾ ഇളംചൂട് വെള്ളത്തിൽ മുക്കി കുഞ്ഞിന്റെ ദേഹം തുടച്ചാലും മതി.
4. പതിവായി കാണിക്കുന്ന ഡോക്ടറുടെ നിർദേശപ്രകാരം പാരസെറ്റമോൾ സിറപ്പ് സൂക്ഷിച്ചു വയ്ക്കുന്നതു നല്ലതാണ്. എക്സ്പെയറി ഡേറ്റ് കഴിഞ്ഞ മരുന്ന് ഒഴിവാക്കുകയും വേണം.