കൊച്ചി: സംസ്ഥാനത്ത് റോഡ് സുരക്ഷ നടപ്പാക്കുന്നതില്‍ നിര്‍ണ്ണായക ഇടപെടലുമായി ഹൈക്കോടതി. മോട്ടോര്‍ വാഹന വകുപ്പിലെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെ മറ്റ് ഡ്യൂട്ടികള്‍ നല്‍കാതെ റോഡ് സുരക്ഷയ്ക്കായി മാത്രം ചുമതലപ്പെടുത്തണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാനത്ത് റോഡ് സുരക്ഷ ചട്ടം നടപ്പിലാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ സേഫ് കേരള വിഭാഗത്തിന് ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. സംസ്ഥാനത്ത് റോഡ് സുരക്ഷ ചട്ടം നടപ്പിലാക്കുന്നതില്‍ വീഴ്ച സംഭവിക്കുന്നുവെന്നായിരുന്നു എന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആരോപണം.
റോഡ് സുരക്ഷ ഉറപ്പാക്കുക, അപകടം കുറയ്ക്കുക, പരിക്കുകളും മരണവും ഒഴിവാക്കുക എന്നിവ ലക്ഷ്യമിട്ടാണ് 2007ല്‍ റോഡ് സുരക്ഷ ചട്ടം ഏര്‍പ്പെടുത്തിയത്. അമിതവേഗത്തിന് തടയിടുക, പരിക്കേറ്റവര്‍ക്ക് ഉടന്‍ ചികിത്സ ഉറപ്പാക്കാനും സേഫ് കേരള വിഭാഗത്തിനായിരുന്നു ചുമതല. എന്നാല്‍ ഇത് നടപ്പിലാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഇന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം രൂപീകരിച്ച സേഫ് കേരള വിഭാഗത്തില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല. ഇതോടെ 24 മണിക്കൂറും ഡ്യൂട്ടിയില്‍ ഉദ്യോഗസ്ഥരുണ്ടാകണമെന്ന വ്യവസ്ഥ നടപ്പാക്കുന്നില്ല. ഡ്രൈവിംഗ് ടെസ്റ്റ് നടത്താനും, ചെക്‌പോസ്റ്റിലെ പരിശോധനയ്ക്കുമായി എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഉദ്യോഗസ്ഥരെ ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടായിരുന്നു. എന്നാല്‍ റോഡ് സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കണമെന്നും മറ്റ് ചുമതലകളില്‍ നിന്ന് ഒഴിവാക്കി എന്‍ഫോഴ്‌സ്‌മെന്റ് ചുമതലുള്ള ഉദ്യോഗസ്ഥരെ ആ ജോലിയിലേക്ക് തന്നെ തിരികെ മാറ്റണമെന്നുമാണ് ഹൈക്കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
നേരത്തെ കൊവിഡ് സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് മറ്റ് ചുമതലകളില്‍ നല്‍കിയ സാഹചര്യം മനസ്സിലാക്കുന്നു എങ്കിലും റോഡ് സുരക്ഷയില്‍ വിട്ട് വീഴ്ച അനുവദിക്കാനാകില്ലെന്നാണ് കോടതി വ്യക്തമാക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് ജോയിന്റ് ആര്‍ടിഒ ആയി വിരമിച്ച കൊല്ലം സ്വദേശി ജ്യോതിചന്ദ്രന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. റോഡുകളുടെ ശോച്യാവസ്ഥയില്‍ സംസ്ഥാന സര്‍ക്കാരിനെ ഹൈക്കോടതി ഇന്നലെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. റോഡുകളിലെ കുഴിയടക്കണമെങ്കില്‍ കെ റോഡ് എന്ന് പേരിടണമോയെന്നാണ് ഹൈക്കോടതി ചോദിച്ചത്. നല്ല റോഡ് ജനങ്ങളുടെ അവകാശമാണ്. റോഡിനുള്ള പണം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു. ആറ് മാസത്തിനകം റോഡ് താറുമാറായാല്‍ വിജിലന്‍സ് കേസെടുക്കണം. ഒരു വര്‍ഷത്തിനുളളില്‍ ആഭ്യന്തര അന്വോഷണം പൂര്‍ത്തിയാക്കണം. എന്‍ജിനീയര്‍ക്കെതിരെ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. ദിനം പ്രതി റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു. ഇത് അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഹര്‍ജി അടുത്തമാസം ഒന്നിന് വീണ്ടും പരിഗണിക്കും. റോഡുകളുടെ മോശം അവസ്ഥ സംബന്ധിച്ച ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.