തിരുവനന്തപുരം: അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന് തിരുവനന്തപുരം കാട്ടാക്കടയില്‍ ആസിഡ് ആക്രമണം. അമ്മയ്ക്കും മകള്‍ക്കും പൊള്ളലേറ്റു. കാട്ടാക്കട പന്നിയോട് സ്വദേശികളായ ബിന്ദു, മകള്‍ അജിഷ്‌ന എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബിന്ദുവിന്റ അയല്‍വാസിയായ വീട്ടമ്മയും അവരുടെ മകനും മകന്റെ ഭാര്യയുമാണ് ആക്രമണം നടത്തിയത്. അതിര്‍ത്തി തര്‍ക്കമാണ് ആസിഡ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നു. റവന്യു വകുപ്പ് അതിര്‍ത്തി തിരിച്ച് കൊടുത്ത സ്ഥലത്ത് മതില്‍ നിര്‍മാണം നടക്കുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്.
റബറിന് ഉറ ഒഴിക്കുന്ന ആസിഡാണ് ഇരുവര്‍ക്കും നേരെ ഒഴിച്ചത്. അജിഷ്‌നയുടെ മുഖത്തും കൈയ്ക്കും കാര്യമായി പൊള്ളലേറ്റിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഡിവൈഎസ്പിയാണ് അന്വേഷണം നടത്തുന്നത്. പ്രതികള്‍ നിരീക്ഷണത്തിലാണെന്ന് കാട്ടാക്കട പൊലീസ് അറിയിച്ചു.