NEWS

ഉത്തര മലബാറിലെ ആടിവേടനും ആടിത്തെയ്യവും

ർക്കിടക(ആടിമാസം) മാസത്തിൽ  ആധിയും വ്യാധിയും അകറ്റി ഓരോ ഗൃഹത്തിലും ഐശ്വര്യ ദേവത വിളയാടാനാണ് ആടിവേടൻ ഓരോ വീടിന്റേയും പടി കടന്നെത്തുന്നത്.സാധാരണ ഗതിയിൽ ചെറിയ കുട്ടികളാണ് ഈ വേഷം കെട്ടുന്നത്…. ആടി വേടന്റെ വേഷം പൂണ്ട കുട്ടി ചെണ്ടയുടെ അകമ്പടിയോട് കൂടിയാണ് ഗൃഹത്തിൽ എത്തുക.. ആ സമയം ഗൃഹ നാഥ നിലവിളക്കേന്തി കുരിശി ഉഴിഞ്ഞു കൊണ്ട്  ആടി വേടനെ വരവേൽക്കും………തോറ്റത്തിന്റെയും ഒറ്റ ചെണ്ടയുടെയും താളത്തിനൊപ്പം ആടി വേടൻ ചുവട് വെയ്ക്കുമ്പോൾ കർക്കിടകത്തിൽ ഗൃഹത്തിലുണ്ടാകുന്ന ചേഷ്ട്ടകളൊക്കെ ഒഴിഞ്ഞു മാറി ഗൃഹത്തിൽ ലക്ഷ്മി ദേവി വിളയാടുമെന്നാണ് വിശ്വാസം…..
 സാധാരണ തെയ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ തെയ്യങ്ങൾ കെട്ടുന്നത് ചെറിയ കുട്ടികൾ ആണ്. അതു പോലെ ഒരു ക്ഷേത്രങ്ങളിലോ കാവുകളിലോ കെട്ടിയാടുന്നതിനു പകരമായി ഈ തെയ്യം ഓരോ വീടുകളിലും കയറി ഇറങ്ങുന്നു. പാർവ്വതീരൂപമായ ആടിത്തെയ്യത്തെ കർക്കിടോത്തി എന്നും വിളിക്കുന്നു.ചുവന്ന പട്ടുടുത്ത് മെയ്യാഭരണങ്ങളണിഞ്ഞു തിരുമുടിയിൽ നാഗബിംബവുമാണ് വേടന്റെ വേഷം.
പാണ്ഡവരുടെ വനവാസക്കാലവുമായി ബന്ധപ്പെട്ടിരിക്കുന്നു ആടിവേടന്റെ ഇതിവൃത്തം.ഒരു വ്യാഴവട്ടക്കാലത്തെ വനവാസക്കാലത്തിനിടയിൽ അർജുനനൻ ശിവപ്രീതിനേടി പാശുപതാസ്ത്രം കരസ്ഥമാക്കാനുള്ള പൂജ തുടങ്ങി. എന്നാൽ തൻറെ ഭക്തനെ ഒന്നു പരീക്ഷിക്കാൻ തീരുമാനിച്ച് മഹേശ്വരനും മഹേശ്വരിയും കിരാതവേഷം പൂണ്ട് ആ വനത്തിൽ എത്തി.തപസ്സിനിടയിൽ ഒരു കാട്ടുപന്നി തൻ്റെ ശ്രദ്ധയിൽപ്പെട്ടപ്പോൾ അർജുനനൻ അതിനുനേരെ അസ്ത്രം പ്രയോഗിച്ചു. ഇതുകണ്ട് കിരാതവേഷധാരിയായ പരമശിവനും പന്നിക്കുനെരെ അമ്പെയ്തു. അമ്പേറ്റു പന്നി നിലത്തുവീണു. പക്ഷെ പന്നിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി കിരാതനും അർജുനനും തമ്മിൽ വഴക്കായി.
ആ വഴക്ക് യുദ്ധത്തിന് വഴിവെച്ചു. കിരാതന്റെ അമ്പേറ്റു വില്ലാളിവീരനാം കുന്തീപുത്രൻ ബോധരഹിതനായിവീണു. പിന്നെ ബോധം തിരിച്ചുവന്നപ്പോൾ വെറുമൊരു കിരാതനോട് ഏറ്റുമുട്ടി അമ്പേറ്റുവീണത്‌ അർജുനനിൽ നാണക്കേടുളവാക്കി. കിരാതനെ തോല്പ്പി ക്കുവാനുള്ള ശക്തിനേടുവാനായി വിജയൻ ശിവലിംഗമുണ്ടാക്കി ഗന്ധപുഷപാദികൾ അർപ്പിച്ചുകൊണ്ട് പൂജ തുടങ്ങി . പക്ഷെ ശിവലിംഗത്തിൽ അർപ്പിച്ച പുഷ്പങ്ങളെല്ലാം ചെന്ന് വീണത്‌ കിരാതൻറെ മെയ്യിൽ. ഒടുവിൽ ശ്രീപരമേശ്വരനാണ് തന്നെ പരീക്ഷിക്കാൻ കിരാതരൂപിയായി വന്നതെന്ന് മനസ്സിലാക്കിയ അർജുനനൻ ഉമാമഹേശ്വരന്മാരുടെ കാൽക്കൽ വീണു നമസ്കരിച്ചു. തൻ്റെ വത്സനിൽ സംപ്രീതരായ അർദ്ധനാരീശ്വരന്മാർ പാർഥന് പാശുപതാസ്ത്രം സമ്മാനിച്ചുകൊണ്ട് കൈലാസത്തിലേക്ക് മടങ്ങി.മഹാദേവന്റ ഈ കിരാതരൂപമാണത്രേ ആദിവേടനായി ഗൃഹസന്ദർശനം നടത്തുന്നത്.

Back to top button
error: