KeralaNEWS

പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം: കേസെടുത്ത് യുവജന കമ്മിഷനും മനുഷ്യാവകാശ കമ്മിഷനും; കേന്ദ്രത്തെ പ്രതിഷേധം അറിയിക്കുമെന്ന് മന്ത്രി

കൊല്ലം: നീറ്റ് പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന യുവജന കമ്മീഷന്‍. കൊല്ലം ആയൂരിലെ കോളേജിലാണ് പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം ഉദ്യോഗസ്ഥര്‍ അഴിപ്പിച്ച് പരിശോധിച്ചതായി പരാതി ഉയര്‍ന്നത്.

സംഭവത്തില്‍ അപമാനിതയായ ഒരു പെണ്‍കുട്ടി കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നല്‍കി. ഇതോടെയാണ് വിവരം പുറത്തറിഞ്ഞത്. പരീക്ഷാ കേന്ദ്രത്തിലെ പ്രവേശന കവാടത്തിലെ മുറിയില്‍ വച്ച് വസ്ത്രങ്ങള്‍ പരിശോധിക്കുകയും അടിവസ്ത്രം അഴിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.

Signature-ad

വിഷയത്തില്‍ ജില്ലാ പൊലീസ് മേധാവിയോടും കോളേജ് അധികൃതരോടും സമഗ്രമായ റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കാന്‍ യുവജന കമ്മീഷന്‍ ആവശ്യപ്പെട്ടു. സംഭത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗം ബീനാകുമാരിയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കൊല്ലം റൂറല്‍ എസ്പിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

അതേസമയം പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിഷേധം അറിയിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു പ്രതികരിച്ചു. നിരുത്തരവാദപരമായ നടപടിയാണ് ഉണ്ടായതെന്നും മന്ത്രി വിമര്‍ശിച്ചു. വസ്ത്രമഴിപ്പിച്ച നടപടി പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് മാനസിക സംഘര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രേഖാമൂലം പ്രതിഷേധം അറിയിക്കും. ഭാവിയില്‍ ഇതുപോലുള്ള സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി എടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

അതേസമയം, സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പരീക്ഷ നടന്ന ആയൂരിലെ കോളേജ് അറിയിച്ചു. നീറ്റ് സംഘം നിയോഗിച്ച ഏജന്‍സിയാണ് വിദ്യാര്‍ത്ഥികളെ പരിശോധിച്ചതെന്നും കോളേജ് അധികൃതര്‍ വ്യക്തമാക്കി.

Back to top button
error: