KeralaNEWS

കൊവിഡ് പ്രതിരോധം: സംസ്ഥാനത്ത് സൗജന്യ കരുതല്‍ ഡോസ് വിതരണം തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ കരുതല്‍ ഡോസ് വിതരണം തുടങ്ങി. 656 കേന്ദ്രങ്ങളിലൂടെയാണ് ഇന്ന് കരുതൽ ഡോസ് വിതരണം ചെയ്തത്. സംസ്ഥാനത്ത് ഇന്ന് ആകെ 1,002 കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. 12 വയസിന് മുകളിലുള്ള കുട്ടികള്‍ക്കായി 97 വാക്‌സിനേഷന്‍ കേന്ദ്രങ്ങളും 15 വയസിന് മുകളിലുള്ളവര്‍ക്കായി 249 കേന്ദ്രങ്ങളും പ്രവര്‍ത്തിച്ചു. സംസ്ഥാനത്ത് ഇനിയും കൊവിഡ് കുറഞ്ഞിട്ടില്ലാത്തതിനാൽ എല്ലാവരും മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

വാക്‌സീനെടുക്കാന്‍ ശേഷിക്കുന്നവര്‍ മടിച്ച് നിൽക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. 75 ദിവസം മാത്രമേ സൗജന്യമായി കരുതല്‍ ഡോസ് എടുക്കാന്‍ സാധിക്കൂ. സെപ്തംബര്‍ മാസം അവസാനം വരെ ഇത് തുടരും. സംസ്ഥാനത്ത് നിലവിൽ വാക്‌സീൻ ക്ഷാമമില്ലെന്നും മന്ത്രി പറഞ്ഞു. ഒന്നും രണ്ടും ഡോസ് കൊവിഡ് വാക്‌സീന്‍ സമയബന്ധിതമായി എടുത്താല്‍ മാത്രമേ ശരിയായ പ്രതിരോധം ലഭിക്കൂ എന്നത് മനസ്സിലാക്കണമെന്നും മന്ത്രി പറഞ്ഞു.

Signature-ad

രണ്ടാം ഡോസ് വാക്‌സിന്‍ എടുത്ത് 6 മാസത്തിന് ശേഷം കരുതല്‍ ഡോസ് എടുക്കാവുന്നതാണ്. പഠനത്തിനോ ജോലിസംബന്ധമായ ആവശ്യങ്ങള്‍ക്കോ വിദേശത്ത് പോകുന്നവര്‍ക്ക് 90 ദിവസം കഴിഞ്ഞും കരുതല്‍ ഡോസ് എടുക്കാവുന്നതാണ്.  12 മുതല്‍ 14 വരെ പ്രായമുള്ള 71 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സീനും 36 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 15 മുതല്‍ 17 വരെ പ്രായമുള്ള 85 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സീനും 59 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 18 വയസിന് മുകളിലുള്ള 89 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും 10 ശതമാനം പേര്‍ക്ക് കരുതല്‍ ഡോസും നല്‍കിയതായും മന്ത്രി പറഞ്ഞു.

Back to top button
error: