CrimeNEWS

വളപട്ടണം ഐ.എസ്. റിക്രൂട്ട്‌മെന്റ്: ഒന്നും അഞ്ചും പ്രതികള്‍ക്ക് ഏഴുവര്‍ഷവും മൂന്നാം പ്രതിക്ക് ആറു വര്‍ഷവും തടവു വിധിച്ച് എന്‍ഐഎ കോടതി

കൊച്ചി: കണ്ണൂര്‍ വളപട്ടണം ഐ.എസ്. റിക്രൂട്ട്‌മെന്റ് കേസില്‍ ഒന്നും അഞ്ചും പ്രതികള്‍ക്ക് ഏഴുവര്‍ഷവും മൂന്നാം പ്രതിക്ക്
ആറു വര്‍ഷവും തടവുശിക്ഷ വിധിച്ച് എന്‍ഐഎ കോടതി. ഒന്നാംപ്രതി ചക്കരക്കല്ല് മുണ്ടേരി മിഥിലാജ്, അഞ്ചാംപ്രതി തലശേരി ചിറക്കര യു.കെ. ഹംസ എന്നിവര്‍ക്കാണ് 7 വര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.  മൂന്നാം പ്രതി വളപട്ടണം ചെക്കിക്കുളം കെ.വി. അബ്ദുള്‍ റസാഖിന് ആറു വര്‍ഷം തടവും 30000 രൂപ പിഴയുമാണ് ശിക്ഷ. പ്രതികള്‍ അഞ്ചുവര്‍ഷമായി ജയിലില്‍ കിടന്നതിനാല്‍ ബാക്കിയുള്ള ശിക്ഷാകാലയളവ് ജയിലില്‍ പൂര്‍ത്തിയാക്കിയാല്‍ മതിയാകും.

കേസില്‍, രാജ്യത്തിനെതിരേ യുദ്ധം ചെയ്യാന്‍ പ്രതികള്‍ പദ്ധതിയിട്ടെന്നും മൂന്നു പ്രതികളും കുറ്റക്കാരാണെന്നും ചൊവ്വാഴ്ച കോടതി കണ്ടെത്തിയിരുന്നു. തീവ്രവാദ ചിന്തകള്‍ പൂര്‍ണമായും ഉപേക്ഷിച്ചെന്നും എല്ലാ മനുഷ്യരെയും ഒരുപോലെ കാണുന്നതായും ഹംസ കോടതിയോടു പറഞ്ഞു.

Signature-ad

ശിക്ഷ പരമാവധി കുറച്ച് തരണമെന്നും അഞ്ച് വര്‍ഷമായി തടവില്‍ കഴിയുകയാണെന്നും പ്രതികള്‍ ചൊവ്വാഴ്ച കോടതിയെ അറിയിച്ചു. എന്നാല്‍ കടുത്ത ശിക്ഷതന്നെ നല്‍കണമെന്നും ഇളവനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം.

കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 15 പേര്‍ തീവ്രവാദ പ്രവര്‍ത്തനത്തിനായി ഇസ്ലാമിക് സ്റ്റേറില്‍(ഐ.എസ്) ചേര്‍ന്നെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. വളപട്ടണം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.)ക്ക് കൈമാറുകയായിരുന്നു. സിറിയയിലേക്കുള്ള യാതാമധ്യേ തുര്‍ക്കിയില്‍ വെച്ച് ഇവരെ പിടികൂടിയെന്നാണ് എന്‍.ഐ.എ. കുറ്റപത്രത്തില്‍ പറയുന്നത്. 2019 ലാണു വിചാരണ തുടങ്ങിയത്. 153 സാക്ഷികളെ വിസ്തരിച്ചിരുന്നു. ഫോണുകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് തെളിവുകളും ഹാജരാക്കിയിരുന്നു.

Back to top button
error: