NEWS

സമ്പൂർണ ചെസ് കളിക്കാരുള്ള ഗ്രാമം; തൃശൂരിലെ മരോട്ടിച്ചാൽ ഗ്രാമത്തെപ്പറ്റി കൂടുതൽ അറിയാം

തൃശൂർ ജില്ലയിൽ മരോട്ടിച്ചാൽ എന്നൊരു ഗ്രാമമുണ്ട്.
തൃശൂരിലെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളിലൊന്നാണത്.
 വെള്ളച്ചാട്ടങ്ങളും പ്രകൃതി ഭംഗിയും കാടുമൊക്കയായി ആരെയും ആകർഷിക്കുന്ന ഭംഗിയാണ് മരോട്ടിച്ചാലിന്.
ലോകത്തെ ആദ്യത്തെ സമ്പൂർണ ചെസ് കളിക്കാരുള്ള ഗ്രാമമാകാൻ ഒരുങ്ങുകയാണ് മരോട്ടിച്ചാൽ ഇന്ന് .
എന്നാൽ അര നൂറ്റാണ്ട് മുമ്പ്  ആ ഗ്രാമത്തിനൊരു ദുഷ് പേരുണ്ടായിരുന്നു. മദ്യപരുടെ ഗ്രാമം എന്ന കുപ്രസിദ്ധി .
ഫോറസ്റ്റിനോട് ചേർന്നുള്ള ആ അതിർത്തി ഗ്രാമത്തിൽ കുടിയേറ്റക്കാരായ കുറേ കർഷകരായിരുന്നു അന്നത്തെ അന്തേവാസികൾ .
അധികം തൊഴിലോ കാർഷിക വരുമാനമോ ഇല്ലാത്ത അര നൂറ്റാണ്ടിനപ്പുറമുള്ള ആ കാലഘട്ടത്തിൽ അവിടത്തെ കുറേപ്പേർ നിത്യ വരുമാനത്തിനായി കള്ള വാറ്റിലേക്ക് തിരിഞ്ഞു.
കാടിന്റെ മറയും കാട്ടാറിലെ തെളിനീരും   സമൃദ്ധമായ വിറകും കള്ളവാറ്റിന് തുണയായി .
വാതുവെയ്പ്പും വെള്ളമടിയുമൊക്കെയായി അങ്ങനെ  സമയം കൊല്ലികളായി അവിടത്തെ നാട്ടുകാർ.
അമിതമായ മദ്യപാനം. വഴക്ക്. കയ്യാങ്കളി . എക്സൈസുകാരുടെ വേട്ട ….. നാട് മുഴുവനും അങ്ങനെ സമാധാനമില്ലാത്ത  അവസ്ഥയായി ..
ആയിടയ്ക്കാണ് ആ ഗ്രാമത്തിലേക്ക് ഒരു ചായക്കട ഇട്ടുകൊണ്ട് ചരളിയിൽ ഉണ്ണിക്കൃഷ്ണൻ എന്നൊരാൾ എത്തുന്നത്.
പിന്നീട് നടന്ന കാര്യങ്ങൾ ഒരത്ഭുതം തന്നെയായിരുന്നു. അടിയും ബഹളവും പതിവായിരുന്ന ഇടം മെല്ലെ ശാന്തമാകുവാൻ തുടങ്ങി. മെല്ലെ മെല്ലെ ഇവിടം ഒരു സ്വര്‍ഗ്ഗമായി മാറുകയായിരുന്നു. ഇന്ന് ഈ  ഗ്രാമത്തിന്‍റെ പേര് ഗിന്നസ് ബുക്കിൽ വരെ ഇടം പിടിക്കാനുള്ള ശ്രമത്തിലാണ്.
1970 കാലഘട്ടത്തിൽ ഇവിടെയെത്തി ഒരു നാടിന്‍റെ വിധിയെത്തന്നെ മാറ്റിമറിച്ച ഉണ്ണികൃഷ്ണൻ എന്ന ചായക്കടയുടമ
അവിടത്തെ ആളുകളെ മാറ്റിയെടുക്കാൻ   സ്വീകരിച്ച മന്ത്രം ചെസ് ആയിരുന്നു.
താൻ തുടങ്ങിയ ചായക്കടയിൽ ആദ്യം തന്നെ ഒരു ചെസ് ബോർഡ് കൊണ്ടുവയ്ക്കുകയാണ് അദ്ദേഹം ചെയ്തത്.
കടുത്ത ചെസ് ആരാധകനായിരുന്ന അദ്ദേഹം തനിക്കറിയുന്ന ചെസ് കളി തന്‍റെ കടയിലെത്തുന്നവർക്കു കൂടി പകർന്നു കൊടുത്തപ്പോൾ മാറിയത് നാടിന്‍റെ ചരിത്രം കൂടിയാണ്.
ഏകദേശം 600 പേരേയെങ്കിലും ഉണ്ണികൃഷ്ണൻ ചെസ് കളിക്കുവാൻ പഠിപ്പിച്ചിട്ടുണ്ടാവും.
 മറ്റു ലഹരികളെല്ലാം മാറി ചെസ് എന്ന ചതുരംഗക്കളി അവരുടെ ലഹരിയായി മാറി. പഠിച്ചവർ പഠിച്ചവർ മറ്റുള്ളവർക്കും കൂടി കളി പറഞ്ഞു കൊടുത്തതോടെ കടയിൽ നിന്നും കളി പുറത്തേയ്ക്ക് വളരുകയായിരുന്നു. അങ്ങനെ മരോട്ടിച്ചാൽ എന്ന ചെസ് ഗ്രാമം ജനിച്ചു
കണക്കുകൾ അനുസരിച്ച് മരോട്ടിച്ചാൽ ഗ്രാമത്തില്‍ മൂന്നിൽ രണ്ട് ആളുകള്‍ക്കും ചെസ് കളിക്കുവാൻ അറിയാം. അതായത് ചെസ് കളി അറിയുന്ന കുറഞ്ഞത് ഒന്നോ രണ്ടോ ചിലപ്പോൾ മുഴുവൻ പേരോ ഇവിടുത്തെ ഓരോ വീട്ടിലും ഉണ്ടെന്നർത്ഥം.
ചെസ് ജനകീയമായതോടെ
പല മാറ്റങ്ങളും കണ്ടു തുടങ്ങി. വൈകുന്നേരങ്ങൾ  മദ്യപിച്ച് സമയം കളഞ്ഞിരുന്നവർ  ചെസിലേക്ക് വഴിമാറി.
 നാട്ടിൽ അത്  സമാധാനം തിരികെയെത്തിച്ചു. നിറമുള്ള ജീവിതങ്ങളും ചെസ് തിരിച്ചു നൽകി.
ഇവിടുത്തെ ആറായിരത്തോളം  വരുന്ന ആളുകളിൽ നാലായിരം പേർക്കും ഇന്ന് ചെസ് കളിക്കുവാൻ അറിയാം.
ലോകമെമ്പാടുമുള്ള നിരവധി ചെസ്സ് പ്രേമികൾ ഇന്ന് ഉണ്ണിക്കൃഷ്ണൻ എന്ന ചെസ്സ് മാസ്റ്ററെ കാണാൻ ഈ മലയോര ഗ്രാമത്തിലെത്തുന്നു.  ഇതുവരെ മുന്നൂറോളം വിദേശികൾ ഉണ്ണികൃഷ്ണനെ കാണാൻ എത്തിയിരുന്നു
അദ്ദേഹത്തിന്റെ പ്രശസ്തി പല വിദേശ രാജ്യങ്ങളിലും വ്യാപിച്ചു. സൗത്ത് പസഫിക്കിൽ ഓസ്‌ട്രേലിയയ്‌ക്ക് സമീപമുള്ള സോളമൻ ദ്വീപുകൾ ഉണ്ണികൃഷ്ണനെയും മരോട്ടിച്ചാൽ ചെസ്സ് ഗ്രാമത്തെയും ആദരിക്കുന്ന സ്റ്റാമ്പുകൾ പോലും പുറത്തിറക്കി.
സിഎൻഎൻ,  ബിബിസി  തുടങ്ങിയ അന്താരാഷ്‌ട്ര പ്രക്ഷേപകർ അദ്ദേഹത്തിന്റെ നേട്ടങ്ങൾ രേഖപ്പെടുത്തി.
ഇവിടത്തെ 1,500 കളിക്കാർ   ഒരുമിച്ച് മത്സരിച്ച ഒരു ചെസ്സ് ചാമ്പ്യൻഷിപ്പ് ഏറ്റവും വലിയ ടൂർണമെന്റിനുള്ള ഏഷ്യൻ റെക്കോർഡായി.
കഴിഞ്ഞ 20 വര്‍ഷമായി മുടങ്ങാതെ സംസ്ഥാന തല ചെസ്മത്സരം സംഘടിപ്പിച്ചുകൊണ്ട് ശ്രദ്ധയാകര്‍ഷിച്ച ചെസ് അസോസിയേഷന്‍ ഓഫ് മരോട്ടിച്ചാല്‍ 2016ല്‍ വാര്‍ത്തകളില്‍ ഇടം കണ്ടെത്തിയത്  ആ മെഗാ ചെസ്  ടൂര്‍ണമെന്റിലൂടെയാണ്.
2016 ജനുവരി 31ന്
പതിനായിരത്തിലേറെ കാണികളെ സാക്ഷിയാക്കി ഒന്നര കിലോമീറ്ററോളം  ദൂരത്തിൽ  ആയിരത്തഞ്ഞൂറോളം  കളിക്കാര്‍ നിരന്നിരുന്ന് ചെസ് കളിച്ച്   ഏഷ്യയുടെ നെറുകയിലേക്ക് നടന്നു കയറുകയായിരുന്നു മരോട്ടിച്ചാല്‍.ഏഷ്യയില്‍ ഒരേസമയം ഏറ്റവുമധികം കളിക്കാര്‍ പങ്കെടുത്ത ടൂര്‍ണമെന്റ് ആയിരുന്നു അത്.
 ഏറ്റവും കൂടുതൽ ആളുകൾ ചെസ് കളിക്കുന്ന ഗ്രാമം എന്ന നിലയിൽ  ഗിന്നസ് ബുക്കിൽ പ്രവേശിക്കാനുള്ള പ്രയത്നത്തിലാണ് ഈ ഗ്രാമം .. ജപ്പാനിൽ 3500 പേർ ഒന്നിച്ചു ചെസ് കളിച്ചതിന്റെ പേരിൽ ഗിന്നസ്‌ ബുക്കിൽ കയറിയ ഒരു ഗ്രാമമുണ്ട്.ആ റിക്കാർഡ് പുതുക്കാനാണ് മരോട്ടിച്ചാൽ ശ്രമിക്കുന്നത്.

Back to top button
error: